സാംസംഗ് ലെവല്‍ യു2 ഇന്ത്യയില്‍
1,999 രൂപയാണ് വില. കറുപ്പ്, നീല നിറങ്ങളില്‍ ലഭിക്കും
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷമാണ് നെക്ക്ബാന്‍ഡ് സ്‌റ്റൈല്‍ വയര്‍ലെസ് ഇയര്‍ഫോണുകളായ സാംസംഗ് ലെവല്‍ യു2 ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് വിവിധ ലോക വിപണികളില്‍ ഈ ഉല്‍പ്പന്നം എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഗോള അരങ്ങേറ്റം കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം ഇന്ത്യയില്‍ എത്തിയിരിക്കുകയാണ് ഈ ഓഡിയോ ഉല്‍പ്പന്നം. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തിയ ലെവല്‍ യു മോഡലിന്റെ പിന്‍ഗാമിയാണ് ലെവല്‍ യു2.
1,999 രൂപയാണ് വില. നിലവില്‍ കറുപ്പ്, നീല എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കും. സാംസംഗ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഫഌപ്കാര്‍ട്ടിലും ലഭിക്കും. വരുംദിവസങ്ങളില്‍ ഓഫ്‌ലൈന്‍ വിപണികളിലും മറ്റ് റീട്ടെയ്‌ലര്‍മാരില്‍നിന്നും വാങ്ങാന്‍ കഴിയും.
12 എംഎം ഡ്രൈവറുകള്‍ ലഭിച്ചതാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ച സാംസംഗ് ലെവല്‍ യു2 വയര്‍ലെസ് ഇയര്‍ഫോണുകള്‍. ബ്ലൂടൂത്ത് 5.0 കണക്ഷന്‍ വഴി മികച്ചതും സമതുലിതവുമായ ശബ്ദാനുഭവം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു.
സിംഗിള്‍ മൈക്രോഫോണ്‍, 4 ബട്ടണ്‍ ഇന്‍കണ്‍ട്രോള്‍ എന്നിവയോടെയാണ് സാംസംഗ് ലെവല്‍ യു2 വരുന്നത്. 41.5 ഗ്രാം മാത്രമാണ് ഭാരം. ചെറുത്, വലുത്, വിംഗ് ടിപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വലുപ്പത്തിലുള്ള ഇയര്‍ ടിപ്പുകള്‍ കൂടെ ലഭിക്കും.
159 എംഎഎച്ച് ബാറ്ററിയാണ് ഈ സാംസംഗ് ഇയര്‍ഫോണുകള്‍ക്ക് കരുത്തേകുന്നത്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 18 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 13 മണിക്കൂര്‍ സംസാര സമയം, 500 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം എന്നിങ്ങനെ ലഭിക്കും.