‘ഡു ഇറ്റ് ഓള്‍’ സ്‌ക്രീനുകളുമായി സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം5, സ്മാര്‍ട്ട് മോണിറ്റര്‍ എം7
സാംസംഗ് ഷോപ്പ്, ആമസോണ്‍, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും
സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം5, സ്മാര്‍ട്ട് മോണിറ്റര്‍ എം7 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 27 ഇഞ്ച് ഡിസ്‌പ്ലേ, 32 ഇഞ്ച് ഡിസ്‌പ്ലേ നല്‍കിയാണ് പുറത്തിറക്കിയത്. ‘ഡു ഇറ്റ് ഓള്‍’ സ്‌ക്രീനുകള്‍ നല്‍കിയതാണ് സ്മാര്‍ട്ട് മോണിറ്ററുകളെന്ന് സാംസംഗ് അറിയിച്ചു. പിസി/ലാപ്‌ടോപ്പ് എന്നിവയുമായി കണക്റ്റ് ചെയ്യാതെ നെറ്റ്ഫ്‌ളിക്‌സ്, യൂട്യൂബ്, ആപ്പിള്‍ ടിവി, മറ്റ് ഒടിടി ആപ്പുകള്‍ എന്നിവ കാണാന്‍ കഴിയും. സാംസംഗ് ഡെക്‌സ് ഫംഗ്ഷണാലിറ്റി സപ്പോര്‍ട്ട് ചെയ്യുന്നതുകൂടിയാണ് സ്മാര്‍ട്ട് മോണിറ്ററുകള്‍. അതായത്, കംപാറ്റിബിള്‍ സാംസംഗ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ മോണിറ്ററുമായി കണക്റ്റ് ചെയ്യുമ്പോള്‍ ഡെസ്‌ക്‌ടോപ്പ് അനുഭവം ലഭിക്കും. തങ്ങളുടെ ഓഫീസ് പിസിയുമായി മോണിറ്ററുകള്‍ വിദൂരത്തിരുന്ന് കണക്റ്റ് ചെയ്യാന്‍ കഴിയും. മാത്രമല്ല, മൈക്രോസോഫ്റ്റ് 365 ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ എഡിറ്റ് ചെയ്യാം.
സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം5 മോഡലിന് 28,000 രൂപയാണ് വില. എന്നാല്‍ പരിമിത കാലത്തേക്ക് 21,999 രൂപയ്ക്കു ലഭിക്കും. സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം7 മോഡലിന് 57,000 രൂപ വില നിശ്ചയിച്ചു. എന്നാല്‍ ഇപ്പോള്‍ 36,999 രൂപ നല്‍കിയാല്‍ മതി. സാംസംഗ് ഷോപ്പ്, ആമസോണ്‍, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ രണ്ട് മോണിറ്ററുകളും ലഭിക്കും.
27 ഇഞ്ച് ഫുള്‍ എച്ച്ഡി (1920, 1080 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചതാണ് സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം5. അതേസമയം 32 ഇഞ്ച് 4കെ (3840, 2160 പിക്‌സല്‍) ഡിസ്‌പ്ലേ ഉപയോഗിക്കുന്നതാണ് സാംസംഗ് സ്മാര്‍ട്ട് മോണിറ്റര്‍ എം7. 16:9 കാഴ്ച്ച അനുപാതം, 250 നിറ്റ് പരമാവധി തെളിച്ചം, 8 മില്ലിസെക്കന്‍ഡ് (ജിടിജി) റെസ്‌പോണ്‍സ് സമയം, എച്ച്ഡിആര്‍10 സപ്പോര്‍ട്ട്, 3,000:1 കോണ്‍ട്രാസ്റ്റ് അനുപാതം, 178 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍ എന്നിവ സഹിതം വിഎ പാനല്‍ ലഭിച്ചതാണ് സ്മാര്‍ട്ട് മോണിറ്ററുകള്‍. മാത്രമല്ല, സ്റ്റാന്‍ഡേഡായി 60 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്കോടെയാണ് രണ്ട് മോണിറ്ററുകളും വരുന്നത്.
സാംസംഗിന്റെ ‘ഫ്‌ളിക്കര്‍ ഫ്രീ’ സാങ്കേതികവിദ്യ, ‘ഐ സേവര്‍’ മോഡ്, ഗെയിം മോഡ്, എച്ച്ഡിഎംഐ സിഇസി, അഡാപ്റ്റീവ് പിക്ച്ചര്‍, ഓട്ടോ സോഴ്‌സ് സ്വിച്ച് പ്ലസ് എന്നീ ഫീച്ചറുകള്‍ ലഭിച്ചതാണ് എം5, എം7 എന്നിവ. സാംസംഗിന്റെ ടൈസന്‍ 5.5 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. സാംസംഗ് ‘സ്മാര്‍ട്ട്തിംഗ്‌സ്’ ആപ്പ് സപ്പോര്‍ട്ട് ചെയ്യും. ‘കണക്റ്റ്‌ഷെയര്‍ 2.0’, സൗണ്ട് മിററിംഗ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, മൂന്ന് യുഎസ്ബി പോര്‍ട്ടുകള്‍, ബ്ലൂടൂത്ത് 4.2, ബില്‍റ്റ് ഇന്‍ വൈഫൈ എന്നിവ രണ്ട് സ്മാര്‍ട്ട് മോണിറ്ററുകള്‍ക്കും ലഭിച്ചു. ബില്‍റ്റ് ഇന്‍ 2 ചാനല്‍ സ്പീക്കറുകള്‍ സവിശേഷതയാണ്.
ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്റ് സൗകര്യമുള്ളതാണ് രണ്ട് സ്മാര്‍ട്ട് മോണിറ്ററുകളുടെയും സ്റ്റാന്‍ഡ്. ചുവരില്‍ സ്ഥാപിക്കാനും കഴിയും. സ്റ്റാന്‍ഡ് കൂടാതെ എം5 സ്മാര്‍ട്ട് മോണിറ്ററിന് 3.6 കിലോഗ്രാം, എം7 സ്മാര്‍ട്ട് മോണിറ്ററിന് 5.4 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം.
ഇന്ത്യയിലെ പ്രീമിയം മോണിറ്റര്‍ സെഗ്‌മെന്റില്‍ (27 ഇഞ്ചും അതിനു മുകളിലും) ഒന്നാമതായി മാറുകയാണ് ലക്ഷ്യമെന്ന് സാംസംഗ് വ്യക്തമാക്കി. ഈ വലുപ്പമുള്ള മോണിറ്ററുകളുടെ വിപണി വിഹിതം നിലവിലെ 20 ശതമാനത്തില്‍നിന്ന് ഈ വര്‍ഷം 40 ശതമാനമായി ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം എല്ലാത്തരം മോണിറ്ററുകളുടെ വില്‍പ്പനയില്‍ 60 ശതമാനവും പ്രീമിയം മോണിറ്റര്‍ സെഗ്‌മെന്റില്‍ 40 ശതമാനവും വളര്‍ച്ച നേടിയതായി സാംസംഗ് ഇന്ത്യ അറിയിച്ചു. എല്ലാത്തരം മോണിറ്ററുകളുടെ വില്‍പ്പനയില്‍ 140 ശതമാനവും പ്രീമിയം സെഗ്‌മെന്റില്‍ 150 ശതമാനവും വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.