ഒല സ്‌കൂട്ടര്‍ നിര്‍മാണത്തിന് റോബോട്ടുകള്‍ സഹായിക്കും
ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മിക്കുന്നതിന് തമിഴ്‌നാട്ടില്‍ മെഗാഫാക്റ്ററി സ്ഥാപിക്കുമെന്ന് ഏകദേശം ഒരു മാസം മുമ്പാണ് ഒല പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍ ഉല്‍പ്പാദന കേന്ദ്രമായിരിക്കും തമിഴ്‌നാട്ടില്‍ വരുന്നത്. തുടക്കത്തില്‍, പ്രതിവര്‍ഷം ഇരുപത് ലക്ഷം സ്‌കൂട്ടറുകള്‍ ഇവിടെ നിര്‍മിക്കാന്‍ കഴിയും. മേഖലയില്‍ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ക്കും പുതിയ ഫാക്റ്ററി വഴിയൊരുക്കും. ഈ വര്‍ഷം അവസാനത്തോടെ പ്ലാന്റ് ഉല്‍പ്പാദനത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലാന്റിലെ റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ (അതിയന്ത്രവല്‍ക്കരണം) ആവശ്യങ്ങള്‍ക്കായി സ്വിസ് കമ്പനിയായ എബിബിയുമായി പങ്കാളിത്തം സ്ഥാപിച്ചതായി ഇന്ത്യയിലെ റൈഡ്‌ഷെയറിംഗ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചു. ഏറ്റവുമധികം ഓട്ടോമേഷന്‍ നടത്തിയ പ്ലാന്റുകളിലൊന്നായിരിക്കും ഒലയുടെ മെഗാഫാക്റ്ററി. പൂര്‍ണശേഷിയോടെ പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചാല്‍ പ്ലാന്റില്‍ 5,000 ഓളം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും ഉണ്ടായിരിക്കും.
ഒലയുടെ സ്‌കൂട്ടര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഓട്ടോമേഷന്‍ ആവശ്യങ്ങളായിരിക്കും എബിബി നിര്‍വഹിക്കുന്നത്. പെയിന്റിംഗ്, വെല്‍ഡിംഗ് ജോലികളില്‍ ഓട്ടോമേഷന്‍ കാണാന്‍ കഴിയും. ബാറ്ററി, മോട്ടോര്‍ അസംബ്ലി ലൈനുകളിലും എബിബി തങ്ങളുടെ റോബോട്ടുകളെ വിന്യസിക്കും. പെയിന്റിംഗ്, വെല്‍ഡിംഗ് ലൈനുകളില്‍ ഐആര്‍ബി 5500, ഐആര്‍ബി 2600 ഇന്റഗ്രേറ്റഡ് ഡ്രസ്സിംഗ് റോബോട്ടുകളും ബാറ്ററി, മോട്ടോര്‍ അസംബ്ലി ലൈനുകളില്‍ ഐആര്‍ബി 6700 റോബോട്ടുകളും പണിയെടുക്കും. നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കേന്ദ്രത്തില്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ആയിരിക്കും എബിബി റോബോട്ടുകളെ സമന്വയിപ്പിക്കുന്നത്. ഉല്‍പ്പാദനക്ഷമത, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം എന്നിവ റോബോട്ടുകളിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.
ആഗോളതലത്തില്‍ റോബോട്ടിക്‌സ്, മഷീന്‍ ഓട്ടോമേഷന്‍, ഡിജിറ്റല്‍ സേവനങ്ങളിലെ പ്രമുഖരായ എബിബിയുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഒല ചെയര്‍മാന്‍ ആന്‍ഡ് ഗ്രൂപ്പ് സിഇഒ ഭവീഷ് അഗ്ഗര്‍വാള്‍ പ്രതികരിച്ചു. ഒലയുടെ സ്വന്തം എഐ എന്‍ജിനിലും സാങ്കേതികവിദ്യയിലുമായിരിക്കും എബിബി തങ്ങളുടെ വൈദഗ്ധ്യം പ്രയോഗിക്കുന്നത്. റെക്കോര്‍ഡ് വേഗത്തിലാണ് ഫാക്റ്ററിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും വരും മാസങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് പുറത്തിറക്കുമെന്നും ഭവീഷ് അഗ്ഗര്‍വാള്‍ പറഞ്ഞു.
ഒല എന്ന കമ്പനിയുടെയും നമ്മുടെ രാജ്യത്തിന്റെയും ഇലക്ട്രിക് വാഹന കാഴ്ച്ചപ്പാടിന് പിന്തുണ നല്‍കുന്നതില്‍ അഭിമാനിക്കുന്നതായി എബിബി ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്റ്റര്‍ സഞ്ജീവ് ശര്‍മ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലും ആഗോളതലത്തിലും ലോകോത്തര ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നതിന് ഡിജിറ്റല്‍ കണക്റ്റിവിറ്റിയോടുകൂടിയ തങ്ങളുടെ ഓട്ടോമേഷന്‍ പാക്കേജ്, ഒലയുടെ എഐ പ്ലാറ്റ്‌ഫോം എന്നിവ ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു. ഓട്ടോമേഷന്‍, റോബോട്ടിക്‌സ് എന്നിവ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉല്‍പ്പാദന പ്രക്രിയ സുരക്ഷിതവും കൂടുതല്‍ ഉല്‍പ്പാദനക്ഷമവും മികച്ച ഗുണനിലവാരവും ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തര വിപണി കൂടാതെ യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ വിപണികളിലും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തും. എല്ലാ വിപണികളിലേക്കുമുള്ള സ്‌കൂട്ടര്‍ ഉല്‍പ്പാദന കേന്ദ്രം തമിഴ്‌നാട്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന മെഗാഫാക്റ്ററി ആയിരിക്കും.