കോവിഡ് 19 തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മുഖ്യ പരിഗണന തൊഴില്‍ സുരക്ഷ
ന്യൂഡെല്‍ഹി: കോവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ പുതിയ ജോലി തേടുന്നതില്‍ മുഖ്യ പരിഗണന നല്‍കുന്നത് തൊഴില്‍ സുരക്ഷയ്ക്കാണെന്ന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്ണോമിക്സിന്‍റെ (എല്‍എസ്ഇ) പഠന റിപ്പോര്‍ട്ട്. നഗര ഇന്ത്യയെ കേന്ദ്രീകരിച്ച് എല്‍എസ്ഇ സംഘടിപ്പിച്ച സര്‍വെയില്‍ 82 ശതമാനം പേരും പറഞ്ഞത് തൊഴില്‍ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ്. 16 ശതമാനം പേര്‍ ലഭിക്കുന്ന വേതനത്തിന് മുഖ്യ പരിഗണന നല്‍കുമെന്ന് പറഞ്ഞു.
തൊഴില്‍ നഷ്ടപ്പെട്ട പലര്‍ക്കും കോവിഡ് ധനസഹായത്തിന്‍റെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് പണം ലഭിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗവും തൊഴില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. മഹമാരിയുടെ ആദ്യ തരംഗത്തെത്തുടര്‍ന്ന് നടത്തിയ സര്‍വേയില്‍ പ്രതികരണം അറിയിച്ചവരെ തന്നെ എല്‍എസ്ഇ വീണ്ടും ബന്ധപ്പെട്ടിരുന്നു. ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ 10 മാസം പിന്നിടുമ്പോഴും അവരില്‍ 40 ശതമാനത്തോളം തൊഴിലോ വരുമാനവോ ഇല്ലാതെ തുടരുന്നുവെന്നാണ് കണ്ടെത്തിയത്.
തൊഴിലുള്ളവരില്‍ തന്നെ വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നതും സര്‍വെയുടെ കണ്ടെത്തലാണ്. കേന്ദ്രത്തിന്‍റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പദ്ധതികള്‍ പരിമിതമായി മാത്രമേ താഴേത്തട്ടിലേക്ക് എത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.