August 19, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ക്വാഡ്’ പദ്ധതിയില്‍ കെട്ടിട നിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് താത്പര്യപത്രം ക്ഷണിച്ചു

1 min read

തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക്ക്-ഫേസ് ഫോര്‍ (ടെക്നോസിറ്റി, പള്ളിപ്പുറം) കാമ്പസില്‍ നിര്‍മ്മിക്കുന്ന ഐടി ഓഫീസ് കെട്ടിടത്തിനായി കരാറുകാരില്‍ നിന്ന് ടെക്നോപാര്‍ക്ക് താത്പര്യപത്രം (ആര്‍എഫ്പി) ക്ഷണിച്ചു. ക്വാഡ് പദ്ധതിയില്‍ ടെക്നോസിറ്റിയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഐടി കെട്ടിടമാണിത്. രണ്ട് ബേസ്മെന്‍റുകളും ഒമ്പത് നിലകളുമായി 8.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക കെട്ടിടത്തില്‍ ഐടി ഓഫീസുകളും റൂഫ് ടോപ് കഫറ്റേരിയയും ഉണ്ടായിരിക്കും. ബേസ്മെന്‍റ് പാര്‍ക്കിംഗിനും യൂട്ടിലിറ്റി സേവനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും. കെട്ടിടത്തിന്‍റെ നിലകളില്‍ ഐടി ഓഫീസുകളും കഫറ്റീരിയകളും പ്രവര്‍ത്തിക്കും. മുകളിലത്തെ നിലകളില്‍ ടെക് കമ്പനികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഓഫീസ് മൊഡ്യൂളുകള്‍ ഉണ്ടായിരിക്കും. ഇ-ടെണ്ടറുകള്‍ (ടെണ്ടര്‍ നമ്പര്‍: ETPK/TC/215/2025-26) പ്രീക്വാളിഫിക്കേഷന്‍, ടെക്നോ കൊമേഴ്സ്യല്‍ ബിഡ് എന്നീ രണ്ട് ബിഡ് സംവിധാനങ്ങള്‍ക്ക് കീഴിലാണ് ക്ഷണിച്ചിരിക്കുന്നത്. സിവില്‍, എംഇപി ജോലികള്‍ ഉള്‍പ്പെടെ 381 കോടി രൂപയാണ് ഏകദേശ പദ്ധതി ചെലവ്. ടെണ്ടര്‍ ഫോമിന്‍റെ വില 17,700 രൂപ (15,000 രൂപ + 18% ജിഎസ്ടി). കരാര്‍ കാലാവധി മൂന്ന് വര്‍ഷമാണ്. പ്രീ-ബിഡ് മീറ്റിംഗ് ജൂണ്‍ 10 ന് രാവിലെ 11.30 ന് ടെക്നോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്‍ററില്‍ നടക്കും. യോഗത്തിന്‍റെ മിനിറ്റ്സ് രണ്ട് ദിവസത്തിനുള്ളില്‍ ഇ-ടെണ്ടര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂണ്‍ 25 വൈകുന്നേരം 5 മണി വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ബിഡുകള്‍ ജൂണ്‍ 26 ന് വൈകുന്നേരം 5.10 ന് തുറക്കും. ടെക്നോ കൊമേഴ്സ്യല്‍ ബിഡ് തുറന്ന തീയതി മുതല്‍ 150 ദിവസമാണ് ഇതിന്‍റെ കാലാവധി. ട്രാന്‍സ്ഫോര്‍മറുകള്‍, 100 ശതമാനം ഡിജി ബാക്കപ്പ്, ഇന്‍റഗ്രേറ്റഡ് ബിഎംഎസ്, അഗ്നിശമന സംവിധാനം, മലിനജല സംസ്കരണ പ്ലാന്‍റ്, മികച്ച എയര്‍ കണ്ടീഷനിംഗ് സംവിധാനം തുടങ്ങിയ സേവനങ്ങള്‍ കെട്ടിടത്തില്‍ ഉണ്ടായിരിക്കും. ഇതിനു പുറമേ റോബോട്ടിക് ക്ലീനിംഗ്, നൂതന സുരക്ഷാ നിരീക്ഷണ സംവിധാനം, ആക്സസ് കണ്‍ട്രോള്‍ തുടങ്ങിയ ഓട്ടോമേറ്റഡ് സംവിധാനങ്ങളും ഉറപ്പാക്കും. ബേസ്മെന്‍റ് നിലയിലും മുകളിലുമായി 465 കാറുകള്‍ക്കും 348 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലമുണ്ടാകും. പ്രകൃതിദത്ത വെളിച്ചം, എല്‍ഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, വിഎഫ്ഡി സംവിധാനങ്ങള്‍, ജല പുനരുപയോഗം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കെട്ടിടം സുസ്ഥിരതയ്ക്കും ഊര്‍ജ്ജ കാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്നു. കെട്ടിടത്തിന് രണ്ട് പ്രധാന പ്രവേശന കവാടങ്ങളാണുള്ളത്. കെട്ടിടത്തിനകത്ത് ഒരുക്കുന്ന നടുമുറ്റം എല്ലാ നിലകളിലേക്കും പകല്‍വെളിച്ചം എത്താന്‍ സഹായിക്കുന്ന വിധത്തിലായിരിക്കും രൂപകല്‍പ്പന ചെയ്യുക. ലിഫ്റ്റുകള്‍, പടിക്കെട്ടുകള്‍, എച്ച് വിഎസി, ഇലക്ട്രിക്കല്‍സ്, ടോയ് ലറ്റ് എന്നിവയടങ്ങിയ മൂന്ന് വികേന്ദ്രീകൃത ഭാഗങ്ങള്‍ കെട്ടിടത്തിന് ഉണ്ടാകും. ഇത് സേവന വിതരണത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഗ്രൗണ്ട് ഫ്ളോറിന്‍റെ ഉയരം 5.2 മീറ്ററും ഒന്‍പതാം നിലയുടെ ഉയരം 6 മീറ്ററുമാണ്. സാധാരണ നിലയുടെ ഉയരം 4.05 മീറ്ററാണ്. പരമാവധി സീലിംഗ് ഉയരവും മികച്ച സൗകര്യവും ഇത് നല്‍കുന്നു. മുകള്‍ നിലയില്‍ കഫറ്റീരിയ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ആകര്‍ഷകമായ വാസ്തുവിദ്യയോടെ സ്ട്രക്ചറല്‍ ഗ്ലേസിംഗ്, തടി, അലുമിനിയം ലൂവറുകള്‍, ബാല്‍ക്കണികള്‍ എന്നിവ ഉള്‍പ്പെടെയാണ് കെട്ടിടത്തിന്‍റെ മുന്‍വശം രൂപകല്‍പ്പന ചെയ്യുന്നത്. ഒരു നില പ്ലഗ് ആന്‍ഡ് പ്ലേ മൊഡ്യൂളായി ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ലെ പുതിയ കെട്ടിട റേറ്റിംഗ് സിസ്റ്റം അനുസരിച്ച് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ (ഐജിബിസി) കീഴില്‍ ഗോള്‍ഡ് റേറ്റിംഗ് നേടുക എന്നതാണ് ഈ കെട്ടിടത്തിന്‍റെ ലക്ഷ്യം. ഗുണനിലവാരവും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കുന്നതിന് സുസ്ഥിര രീതികള്‍, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം, ഊര്‍ജ്ജ-ജല സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഐജിബിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും നിര്‍മ്മാണം.

 

Maintained By : Studio3