ലോക്ക്ഡൗണ്‍ : പുതുച്ചേരിയില്‍ ഓരോകുടുംബത്തിനും മൂവായിരം രൂപവീതം നല്‍കും
1 min read
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ 3000 രൂപ നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി പ്രഖ്യാപിച്ചു. 3,50,000 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാംഗമായി രംഗസാമി സത്യപ്രതിജ്ഞ ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുടിയിലെ 3,50,000 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 105 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് -19 നെതിരെ പോരാടുന്നതിന് അടിയന്തര സഹായമായി പുതുച്ചേരിയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കണമെന്ന് പ്രതിപക്ഷ കോണ്‍ഗ്രസും ഡിഎംകെയും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ദൈനംദിന കൂലിത്തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടവരെന്നും സാമ്പത്തിക സഹായം അവര്‍ക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ നല്ല നീക്കമാണെന്നും കോവിഡ് ബാധിച്ച ജനങ്ങളുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും ഒരുപരിധിവരെ പരിഹരിക്കാനുള്ള ഈ നടപടിയെ ബിജെപി സ്വാഗതം ചെയ്യുന്നതായും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സാമിനാഥന്‍ പറഞ്ഞു.
നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും പുതുച്ചേരിയില്‍ ഉടനീളം ഭക്ഷണവും മറ്റ് ആവശ്യമായ വസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസാമി എല്ലായ്പ്പോഴും സാധാരണക്കാര്‍ക്ക് അനുകൂലമായ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ദിവസ വേതനക്കാരനായ മാഹി നിവാസിയായ എംപി അശോകന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘ഇത് ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജോലിയില്ലാത്തവരും കുടുംബം ദുരിതമനുഭവിക്കുന്നവരുമായ എന്നെപ്പോലുള്ളവര്‍ക്ക് ഇത് വലിയ തുകയാണ്. മുഖ്യമന്ത്രിക്ക് നന്ദി’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.