യൂറോപ്പിലെയും അമേരിക്കയിലെയും പകര്‍ച്ചവ്യാധി വ്യാപനത്തിന് പിന്നില്‍ പ്രോട്ടീന്‍ അഭാവം
1 min readആല്‍ഫ-1 ആന്റിട്രിപ്‌സിന്‍ (എഎടി) എന്ന പ്രോട്ടീനിന്റെ അഭാവം വൈറസ് വ്യാപനത്തെ സഹായിക്കുമെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍
കോവിഡ്-19 കേസുകളിലെ അനിയന്ത്രിത വര്‍ധന മൂലം ജനക്കൂട്ടത്തെ നിയന്ത്രിച്ചും ബാറുകളും കായിക, വിനോദ കേന്ദ്രങ്ങളും അടച്ചിട്ടും പുതിയ ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ തുറന്നും വീണ്ടുമൊരു ലോക്ക്ഡൗണ്‍ സമാന അന്തരീക്ഷത്തിലേക്ക് പോയിരിക്കുകയാണ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം ആദ്യമായി വൈറസ് കണ്ടെത്തിയ ഏഷ്യയില്‍, പ്രത്യേകിച്ച് ഇന്ത്യയില്‍ സ്ഥിതിഗതികള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു
മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടീനിന്റെ അഭാവമാണ് പാശ്ചാത്യരെ അപേക്ഷിച്ച് ഏഷ്യക്കാര്‍ക്കിടയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം കുറയാനുള്ള പ്രധാന കാരണമെന്നാണ് പശ്ചിമ ബംഗാളിലെ കല്യാണിയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്‌സിലുള്ള ശാസ്ത്രജ്ഞര്‍ പറയുന്നത്. ന്യൂട്രോഫില്‍ എലാസ്റ്റേസ് എന്ന് പേരുള്ള ഈ പ്രോട്ടീന്‍ മനുഷ്യകോശങ്ങളില്‍ പ്രവേശിക്കാനും വംശവര്‍ധനവിനും വൈറസിനെ സഹായിക്കുന്നു. കോവിഡ്-19 രോഗബാധിതരില്‍ നിന്ന് വളരെ വേഗം മറ്റുള്ളവരിലേക്ക് പടരാനും ഈ പ്രോട്ടീന്‍ വൈറസിനെ സഹായിക്കും. എന്നാല്‍ ആല്‍ഫ-1 ആന്റിട്രിപ്‌സിന്‍ (എഎടി) എന്ന മറ്റൊരു പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്ന ബയോളജിക്കല്‍ സംവിധാനം ന്യൂട്രോഫില്‍ എലാസ്റ്റേസിനെ നിയന്ത്രിച്ച് നിര്‍ത്തുന്നു. അതിനാല്‍ എഎടി പ്രോട്ടീനിന്റെ അഭാവം മൂലം കോശങ്ങളിലെ ന്യൂട്രോഫില്‍ എലാസ്റ്റേസിന്റെ അളവ് വര്‍ധിക്കുകയും SARS-CoV-2 എന്ന കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം വളരെ വേഗത്തില്‍ പടരുകയും ചെയ്യുന്നു. ഏഷ്യക്കാരെ അപേക്ഷിച്ച് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള ആളുകളില്‍ എഎടിയുടെ അഭാവം കൂടുതലാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇന്‍ഫെക്ഷന്‍, ജെനറ്റിക്‌സ്, ഇവലൂഷന്‍ എന്ന ജേണലില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഎടി ഉല്‍പ്പാദക ജീനുകളിലുണ്ടാകുന്ന സ്വാഭാവിക വ്യതിയാനങ്ങളാണ് എഎടി അഭാവത്തിന് കാരണമാകുന്നതെന്ന്് ശാസ്ത്രസംഘത്തില്‍ ഉള്‍പ്പെട്ട നിധാന്‍ ബിശ്വാസ്, പര്‍ത്ഥ മജുംദാര്‍ എന്നിവര്‍ പറഞ്ഞു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് എഎടി അഭാവം വളരെ കുറവാണെന്ന് മലേഷ്യ (ആയിരത്തില്‍ എട്ട് പേര്‍ക്ക്), ദക്ഷിണ കൊറിയ (ആയിരം പേരില്‍ 5.4 പേര്‍ക്ക്) സിംഗപ്പൂര്‍ (ആയിരംപേരില്‍ 2.5 ആളുകള്‍ക്ക്്) എന്നീ രാജ്യങ്ങള്‍ ഉദാഹരണമാക്കി ഇവര്‍ പറയുന്നു. അതേസമയം സ്‌പെയിന്‍ (ആയിരം പേരില്‍ 67.3 ആളുകള്‍ക്ക്), ഫ്രാന്‍സ് (ആയിരംപേരില്‍ 5.19 ആളുകള്‍ക്ക്), അമേരിക്ക (ആയിരം ആളുകളില്‍ 29 പേര്‍ക്ക്) എന്നീ രാജ്യങ്ങളിലുള്ളവരില്‍ എഎടി അഭാവം വ്യാപകമാണ്.
ഏഷ്യയിലെ ഉയര്‍ന്ന താപനിലയായിരിക്കാം കൊറോണ വൈറസ് വ്യാപനത്തിലെ പ്രാദേശിക വ്യത്യാസങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന സംശയം. എന്നാല്‍ ഭൗതിക, സാമൂഹിക ഘടകങ്ങളേക്കാള്‍ ശാരീരികമായ കാരണമായിരിക്കും ഈ വ്യത്യാസത്തിന് കാരണമെന്നതായിരുന്നു തങ്ങളുടെ വിശ്വാസമെന്ന് മജുംദാര്‍ പറഞ്ഞു. തങ്ങളുടെ കണ്ടെത്തലുകള്‍ക്കൊപ്പം സാമൂഹികമായ ഘടകങ്ങള്‍ കൂടി വിശകലനം ചെയ്താല്‍ പകര്‍ച്ചവ്യാധിയുടെ സ്വഭാവത്തിലുള്ള പ്രാദേശികമായ മാറ്റങ്ങള്‍ വിശദീകരിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഈ ശാസ്ത്രസംഘം പറയുന്നു.