ബജറ്റ് സംരംഭകരെയും എംഎസ്എംഇകളെയും ശാക്തീകരിക്കും: പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ 2025-26 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തി. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്നത്തെ ബജറ്റെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ ബജറ്റ് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായും ഓരോ പൗരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതായും അഭിപ്രായപ്പെട്ടു. യുവാക്കൾക്കായി നിരവധി മേഖലകൾ തുറന്നു നൽകിയിട്ടുണ്ടെന്നും വികസിത ഭാരതം എന്ന ദൗത്യത്തെ സാധാരണക്കാർ മുന്നോട്ടു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വർധിപ്പിക്കുന്ന, കരുത്തു പതിന്മടങ്ങു വർധിപ്പിക്കുന്ന ഒന്നാണ് ഈ ബജറ്റെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ‘ജനകീയ ബജറ്റിന്’ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. സാധാരണയായി, ഗവണ്മെന്റ് ഖജനാവ് എങ്ങനെ നിറയ്ക്കാം എന്നതിലാണു ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, പൗരന്മാരുടെ കീശ എങ്ങനെ നിറയ്ക്കാം, അവരുടെ സമ്പാദ്യം എങ്ങനെ വർധിപ്പിക്കാം, രാജ്യത്തിന്റെ വികസനത്തിൽ അവരെ എങ്ങനെ പങ്കാളികളാക്കാം എന്നതിലാണ് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ബജറ്റ് ഈ ലക്ഷ്യങ്ങൾക്ക് അടിത്തറയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഈ ബജറ്റിൽ പരിഷ്കാരങ്ങൾക്കായി ഗണ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്” എന്നു പറഞ്ഞ ശ്രീ മോദി, ആണവോർജത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം ഉയർത്തിക്കാട്ടി. ഭാവിയിൽ രാജ്യത്തിന്റെ വികസനത്തിനു സിവിൽ ആണവോർജം ഗണ്യമായ സംഭാവന നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ തൊഴിൽ മേഖലകൾക്കും ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വരുംകാലങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന രണ്ടു പ്രധാന പരിഷ്കാരങ്ങൾ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കപ്പൽ നിർമാണത്തിന് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നത് ഇന്ത്യയിൽ വലിയ കപ്പലുകളുടെ നിർമാണം ഉത്തേജിപ്പിക്കുമെന്നും, സ്വയംപര്യാപ്ത ഇന്ത്യ യജ്ഞത്തിനു വേഗതയേറ്റുമെന്നും പറഞ്ഞു. അടിസ്ഥാനസൗകര്യവിഭാഗത്തിൽ 50 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹോട്ടലുകൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതു വിനോദസഞ്ചാരത്തെ ഗണ്യമായി ഉത്തേജിപ്പിക്കുമെന്നും, ഏറ്റവും വലിയ തൊഴിൽ മേഖലയായ അതിഥിസൽക്കാരമേഖലയ്ക്കു പുതിയ ഊർജം നൽകുമെന്നും പറഞ്ഞു. “വികാസ് ഭീ, വിരാസത് ഭീ” (വികസനവും പൈതൃകവും) എന്ന തത്വത്തോടെയാണു രാജ്യം പുരോഗമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ജ്ഞാനഭാരതം ദൗത്യത്തിനു തുടക്കമിട്ടതിലൂടെ, ഒരു കോടി കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ ഈ ബജറ്റിൽ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. കൂടാതെ, ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ദേശീയ ഡിജിറ്റൽ ശേഖരവും സൃഷ്ടിക്കപ്പെടും. കർഷകർക്കായി ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാകെയും പുതിയ വിപ്ലവത്തിന് അടിത്തറയിടുമെന്നു പരാമർശിച്ച ശ്രീ മോദി, പിഎം ധൻ-ധാന്യ കൃഷി യോജന പ്രകാരം 100 ജില്ലകളിൽ ജലസേചന-അടിസ്ഥാനസൗകര്യ വികസനം നടക്കുമെന്ന് എടുത്തുപറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി ₹3 ലക്ഷത്തിൽനിന്ന് ₹5 ലക്ഷമായി ഉയർത്തുന്നതു കർഷകർക്കു കൂടുതൽ സഹായമേകുമെന്ന് അദ്ദേഹം പറഞ്ഞു. 12 ലക്ഷം വരെയുള്ള വരുമാനത്തെ നികുതിയിൽനിന്നു ബജറ്റ് ഒഴിവാക്കിയിട്ടുണ്ടെന്ന് എടുത്തുകാട്ടിയ പ്രധാനമന്ത്രി, എല്ലാ വരുമാന വിഭാഗങ്ങൾക്കും നികുതി ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും ഇത് ഇടത്തരക്കാർക്കും പുതുതായി ജോലിയിൽ പ്രവേശിച്ചവർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്നും പറഞ്ഞു. “സംരംഭകരെയും, എംഎസ്എംഇകളെയും, ചെറുകിട വ്യവസായങ്ങളെയും ശക്തിപ്പെടുത്തുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഉൽപ്പാദനത്തിൽ 360 ഡിഗ്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ബജറ്റ്” – പ്രധാനമന്ത്രി പറഞ്ഞു. ക്ലീൻ ടെക്, തുകൽ, പാദരക്ഷ, കളിപ്പാട്ട വ്യവസായം തുടങ്ങിയ മേഖലകൾക്കു ദേശീയ ഉൽപ്പാദന ദൗത്യത്തിനു കീഴിൽ പ്രത്യേക പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ തിളങ്ങുന്നുവെന്ന് ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളിൽ ഊർജസ്വലവും മത്സരാധിഷ്ഠിതവുമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കുന്നതിനു ബജറ്റ് പ്രത്യേക ഊന്നൽ നൽകുന്നുവെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള വായ്പ ഈട് ഇരട്ടിയാക്കാനുള്ള പ്രഖ്യാപനം എടുത്തുപറഞ്ഞു. ഇതാദ്യമായി സംരംഭകരാകുന്ന എസ്‌സി, എസ്‌ടി, സ്ത്രീകൾ എന്നിവർക്ക് ഈടില്ലാതെ ₹2 കോടി വരെ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ആരോഗ്യസംരക്ഷണവും മറ്റു സാമൂഹ്യസുരക്ഷാ പദ്ധതികളും ലഭ്യമാക്കാൻ ഗിഗ് തൊഴിലാളികളെ പ്രാപ്യമാക്കുംവിധത്തിൽ ഇതാദ്യമായി ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സുപ്രധാന പ്രഖ്യാപനത്തിന് അദ്ദേഹം ഊന്നൽ നൽകി. തൊഴിലിന്റെ അന്തസ്സിനോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. ജൻ വിശ്വാസ് 2.0 പോലുള്ള നിയന്ത്രണ-സാമ്പത്തിക പരിഷ്കാരങ്ങൾ, ഗവണ്മെന്റ് ഇടപെടൽ കുറയ്ക്കുന്നതിനും വിശ്വാസ്യത അടിസ്ഥാനമാക്കിയുള്ള ഭരണത്തിനുമുള്ള പ്രതിജ്ഞാബദ്ധതയ്ക്കു കരുത്തേകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു പുറമേ, ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനും ഈ ബജറ്റ് സഹായകമാകുമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.