യുപിഐ ഇടപാടുകളില്‍ ഇടിവ് നേരിട്ട് വാട്‌സ്ആപ്പ്
ജനുവരിയില്‍ വാട്‌സ്ആപ്പ് മുഖേനയുള്ള യുപിഐ ഇടപാടുകളില്‍ ഇടിവ്. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ സംബന്ധിച്ച് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തങ്ങളുടെ പെയ്‌മെന്റ്‌സ് ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളെ ബോധ്യപ്പെടുത്താന്‍ വാട്‌സ്ആപ്പിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ ഫോണ്‍പേയാണ് ജനുവരിയിലും മുന്നില്‍. ആകെ ഇടപാടുകളുടെ (56 ആപ്പുകളിലൂടെ 2.35074 ബില്യണ്‍ ഇടപാടുകള്‍) 41.21 ശതമാനമാണ് ഫോണ്‍പേയുടെ വിപണി വിഹിതം. വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍ഫേ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള ഗൂഗിള്‍ പേയുടെ മോഹം നടന്നില്ല. ജനുവരിയിലും ഗൂഗിള്‍ പേ രണ്ടാം സ്ഥാനത്താണ്.
ജനുവരിയില്‍ വാട്‌സ്ആപ്പ് മുഖേനയുള്ള യുപിഐ ഇടപാടുകളില്‍ ഏകദേശം 31 ശതമാനം ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് 5,60,000 ഇടപാടുകള്‍ മാത്രം. 2020 ഡിസംബറില്‍ 8,10,000 ഇടപാടുകള്‍ വാട്‌സ്ആപ്പ് വഴി നടക്കുകയുണ്ടായി. എന്നാല്‍ ഇടപാടുകളുടെ എണ്ണം കുറഞ്ഞപ്പോഴും ഇടപാടുകളുടെ മൂല്യത്തിന്റെ കാര്യത്തില്‍ 22 ശതമാനം വളര്‍ച്ച നേടാന്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് കഴിഞ്ഞു. ജനുവരിയില്‍ 36.44 കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് വാട്‌സ്ആപ്പ് വഴി നടന്നത്. 2020 ഡിസംബറില്‍ 29.72 കോടി രൂപ മാത്രമായിരുന്നു. മറ്റൊരു കണക്ക് എന്തെന്നാല്‍, ഇന്ത്യയിലെ ആകെ യുപിഐ ഇടപാടുകളില്‍ വെറും 0.02 ശതമാനം മാത്രമാണ് വാട്‌സ്ആപ്പിന്റെ വിപണി വിഹിതം.
ഘട്ടംഘട്ടമായി പെയ്‌മെന്റ്‌സ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ നവംബറിലാണ് വാട്‌സ്ആപ്പ് മുമ്പാകെ പച്ചക്കൊടി വീശിയത്. തുടക്കത്തിലെ ചില നിയന്ത്രണങ്ങള്‍, ജനങ്ങളില്‍നിന്നുള്ള സ്വീകാര്യതക്കുറവ്, ഈയിടെ വിവാദമായി മാറിയ സ്വകാര്യതാ നയം എന്നിവയെല്ലാം വാട്‌സ്ആപ്പിന്റെ മോശം പ്രകടനത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
2021 ജനുവരിയില്‍ 968.72 മില്യണ്‍ ഇടപാടുകളാണ് ഫോണ്‍പേ ആപ്പ് വഴി നടന്നത്. 1,91,973.77 കോടി രൂപ മൂല്യം വരുന്നതാണ് ഇത്രയും ഇടപാടുകള്‍. ഇടപാടുകളുടെ എണ്ണത്തില്‍ 2020 ഡിസംബര്‍ മാസത്തേക്കാള്‍ 7.39 ശതമാനം വര്‍ധന കൈവരിച്ചു. 2020 ഡിസംബറില്‍ 902.03 മില്യണ്‍ ഇടപാടുകളാണ് ഫോണ്‍പേ വഴി നടന്നത്. ഇടപാടുകളുടെ മൂല്യത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലും അഞ്ച് ശതമാനം വളര്‍ച്ച നേടി.
രണ്ടാം സ്ഥാനം നേടിയ ഗൂഗിള്‍ പേ വഴി 853.53 മില്യണ്‍ ഇടപാടുകളാണ് 2021 ജനുവരിയില്‍ നടന്നത്. ഇത്രയും ഇടപാടുകളുടെ മൂല്യം 1,77,791.47 കോടി രൂപ. ഇടപാടുകളുടെ എണ്ണത്തില്‍ 0.1 ശതമാനം ഇടിവ് ഗൂഗിള്‍ പേ ആപ്പ് നേരിട്ടു. ഡിസംബര്‍ മാസത്തില്‍ 854.49 മില്യണ്‍ ഇടപാടുകള്‍ (1,76,199.33 കോടി രൂപ) നേടാന്‍ സാധിച്ചിരുന്നു. ഇടപാടുകളുടെ എണ്ണം അനുസരിച്ച്, 36.31 ശതമാനമാണ് വിപണി വിഹിതം.
ജനുവരിയില്‍ 281.18 മില്യണ്‍ ഇടപാടുകളുമായി പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും ഇടപാടുകളുടെ മൂല്യം 33,909.50 കോടി രൂപയാണ്. ഇടപാടുകളുടെ എണ്ണമനുസരിച്ച്, 14.15 ശതമാനമാണ് വിപണി വിഹിതം. ഡിസംബര്‍ ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇടപാടുകളുടെ എണ്ണത്തില്‍ 9.6 ശതമാനവും മൂല്യത്തിന്റെ കാര്യത്തില്‍ 8.36 ശതമാനവും വളര്‍ച്ച നേടി. നാലാം സ്ഥാനത്ത് എത്തിയ ആമസോണ്‍ പേ വഴി 2021 ജനുവരിയില്‍ 4,044.38 കോടി രൂപ മൂല്യം വരുന്ന 46.30 മില്യണ്‍ ഇടപാടുകളാണ് നടന്നത്. ഇടപാടുകളുടെ എണ്ണം അനുസരിച്ച് 1.97 ശതമാനമാണ് വിപണി വിഹിതം.
എന്‍പിസിഐയുടെ ഭീം ആപ്പിന്റെ കണക്കെടുക്കുമ്പോള്‍, ജനുവരിയില്‍ 23.38 മില്യണ്‍ ഇടപാടുകളാണ് നടന്നത്. ഇത്രയും ഇടപാടുകളുടെ മൂല്യം 7,462.94 കോടി രൂപ. ഡിസംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ എണ്ണത്തില്‍ 5.72 ശതമാനവും മൂല്യത്തിന്റെ കാര്യത്തില്‍ 3.68 ശതമാനവും ഇടിവ് നേരിട്ടു. ഇന്ത്യയിലെ ആകെ യുപിഐ ഇടപാടുകളില്‍ 0.99 ശതമാനം മാത്രമാണ് ഭീം ആപ്പിന്റെ വിപണി വിഹിതം.
2021 ജനുവരിയില്‍ ഇന്ത്യയിലെ ആകെ യുപിഐ ഇടപാടുകളില്‍ 3.06 ശതമാനം വളര്‍ച്ച പ്രകടമായി. 2,302.73 മില്യണ്‍ ഇടപാടുകളാണ് ജനുവരിയില്‍ രാജ്യത്ത് നടന്നത്. ഇത്രയും ഇടപാടുകളുടെ മൂല്യം 4,31,181.89 കോടി രൂപയാണ്. 2020 ഡിസംബറില്‍ 4,16,176.21 കോടി രൂപയായിരുന്നു.