ഇതാ വരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ
1 min read- പേടിഎം ലക്ഷ്യമിടുന്നത്, 22,000 കോടിയുടെ ഐപിഒ
- ഐപിഒയിലൂടെ 25-30 ബില്യണ്‍ ഡോളര്‍ മൂല്യം ഉന്നമിട്ട് പേടിഎം
- ഈ വര്‍ഷം നവംബറില്‍ ഐപിഒ ഉണ്ടായേക്കും
- വെള്ളിയാഴ്ച്ചത്തെ ബോര്‍ഡ് യോഗത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും
മുംബൈ: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേമെന്‍റ്സ് സേവന ദാതാവായ പേടിഎം പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യിലൂടെ ഉന്നമിടുന്നത് ഏകദേശം 22,000 കോടി രൂപ. ഇന്ത്യയിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയായി ഇത് മാറും. ഈ വര്‍ഷം നവംബറില്‍ തന്നെ ഐപിഒ നടക്കുമെന്നാണ് വിവരം.
നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിന്‍റെ ബെര്‍ക്ഷയര്‍ ഹത്താവെ, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്, ആന്‍റ് ഗ്രൂപ്പ് തുടങ്ങിയ വമ്പډാര്‍ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണ് പേടിഎം. വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎമ്മിന്‍റെ സ്ഥാപകന്‍. ദിവാലി സീസണോട് കൂടി ഓഹരി വില്‍പ്പന നടത്താമെന്നതാണ് മാനേജ്മെന്‍റിന്‍റെ ചിന്ത. വെള്ളിയാഴ്ച്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഐപിഒയ്ക്ക് ഔപചാരിക അനുമതി ലഭിക്കും.
ഐപിഒയിലൂടെ പേടിഎമ്മിന്‍റെ മൂല്യം 25 ബില്യണ്‍ ഡോളറിനും 30 ബില്യണ്‍ ഡോളറിനും ഇടയ്ക്കായി ഉയരും എന്നാണ് കമ്പനിയുടെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് കരുതുന്നത്. പേടിഎം ഐപിഒ വിജയകരമായി നടന്നാല്‍ 2010ല്‍ നടന്ന കോള്‍ ഇന്ത്യയുടെ ഐപിഒ പഴങ്കഥയാകും. അന്ന് ഐപിഒയിലൂടെ കോള്‍ ഇന്ത്യ സമാഹരിച്ചത് 15,000 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ഇതുവരെ അതാണ്. 22,000 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ധനം സമാഹരിക്കുന്ന കമ്പനിയായി പേടിഎം മാറും.
മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റിഗ്രൂപ്പ് ഇന്‍ക്, ജെപി മോര്‍ഗന്‍ ചേസ് തുടങ്ങിയവരാണ് ഐപിഒയില്‍ പേടിഎമ്മിനം ഉപദേശിക്കുക. ജൂണിലോ ജൂലൈ മാസത്തിലോ ഐപിഒയ്ക്കായുള്ള തയാറെടുപ്പുകള്‍ കമ്പനി ആരംഭിക്കും.
വിജയ് ശേഖര്‍ ശര്‍മയുടെ നേതൃത്വത്തില്‍ കമ്പനി കഴിഞ്ഞ ഒരു വര്‍ഷമായി പരമാവധി വരുമാനം ഉണ്ടാക്കാനും സേവനങ്ങളില്‍ നിന്ന് കാശുണ്ടാക്കാനും ശ്രമിച്ചുവരികയാണ്. ഡിജിറ്റല്‍ പേമെന്‍റുകള്‍ക്കപ്പുറത്ത് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ധനകാര്യ സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലേക്കും പേടിഎം കടന്നു. യുപിഐ അധിഷ്ഠിത സേവനങ്ങളും കമ്പനി നല്‍കുന്നു.
വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫോണ്‍പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, ഫോസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് പേ തുടങ്ങിയവരാണ് പേടിഎമ്മിന്‍റെ പ്രധാന എതിരാളികള്‍.
നിലവില്‍ 20 ദശലക്ഷത്തിലധികം വ്യാപാര പങ്കാളികളുള്ള പേടിഎമ്മില്‍ പ്രതിമാസം നടക്കുന്നത് 1.4 ബില്യണ്‍ ഇടപാടുകളാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വലിയ വര്‍ധനവാണ് ഓണ്‍ലൈന്‍ ഇടപാടുകളില്‍ ഉണ്ടായത്. ഇത് പേടിഎമ്മിലേക്കും കൂടുതല്‍ ഉപഭോക്താക്കളെ എത്തിച്ചു.