വയര്‍ലെസ് ചാര്‍ജിംഗ് വിദ്യയുമായി ഓപ്പോ
ഓപ്പോയുടെ വരാനിരിക്കുന്ന റോളബിള്‍ സ്മാര്‍ട്ട്‌ഫോണിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും
ഗ്വാങ്‌ഡോങ്: ഷവോമിക്ക് പിറകെ വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം അവതരിപ്പിക്കാന്‍ ഓപ്പോ തയ്യാറെടുക്കുന്നു. പുതിയ സാങ്കേതികവിദ്യ ചൈനീസ് കമ്പനി പ്രദര്‍ശിപ്പിച്ചു. പത്ത് സെന്റിമീറ്റര്‍ (3.9 ഇഞ്ച്) അകലെനിന്ന് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഓപ്പോയുടെ വരാനിരിക്കുന്ന ചുരുട്ടാവുന്ന സ്മാര്‍ട്ട്‌ഫോണിനായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും. പുതിയ വയര്‍ലെസ് എയര്‍ ചാര്‍ജിംഗ് വിദ്യ ഒരു ട്വീറ്റ് വഴി ഓപ്പോ പ്രദര്‍ശിപ്പിച്ചു.
ചാര്‍ജിംഗ് സ്റ്റാന്‍ഡ് അല്ലെങ്കില്‍ കേബിള്‍ ഉപയോഗിക്കാതെ ഒരേസമയം സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാനും സൗകര്യമുണ്ടാകുമെന്ന് ഓപ്പോ വ്യക്തമാക്കി. പാഡിന് മുകളില്‍വെച്ച് ഓപ്പോ എക്‌സ് 2021 റോളബിള്‍ കണസെപ്റ്റ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന്റെ വീഡിയോ ക്ലിപ്പ് കമ്പനി പുറത്തുവിട്ടു. നവംബറിലാണ് ഓപ്പോ എക്‌സ് റോളബിള്‍ കണ്‍സെപ്റ്റ് പ്രഖ്യാപിച്ചത്. പുതിയ സാങ്കേതികവിദ്യയിലൂടെ 7.5 വാട്ട് വരെ ചാര്‍ജിംഗ് വേഗം ലഭിക്കുമെന്ന് ഓപ്പോ അവകാശപ്പെടുന്നു.
മി എയര്‍ ചാര്‍ജ് എന്ന ബ്രാന്‍ഡ് ന്യൂ സാങ്കേതികവിദ്യ കഴിഞ്ഞ മാസം ഷവോമി അവതരിപ്പിച്ചിരുന്നു. സ്വയം വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ അകലത്തിരുന്ന് ഒരേസമയം ഒന്നില്‍ കൂടുതല്‍ ഡിവൈസുകള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യാന്‍ കഴിയും. കേബിളുകള്‍ കണക്റ്റ് ചെയ്യുകയോ വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റാന്‍ഡില്‍ ഡിവൈസുകള്‍ വെയ്ക്കുകയോ വേണ്ട. ചാര്‍ജറില്‍നിന്ന് ഒന്നോ രണ്ടോ മീറ്റര്‍ അകലെയിരുന്നുപോലും ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യ. ‘ചാര്‍ജിംഗ് പൈല്‍’ ഉപയോഗിച്ച് ഡിവൈസുകളിലേക്ക് ഊര്‍ജ രശ്മികള്‍ എറിഞ്ഞാണ് ഇത് സാധ്യമാക്കുന്നത്. നിലവില്‍ അഞ്ച് വാട്ട് വൈദ്യുതോര്‍ജം പ്രസരിപ്പിക്കാനാണ് ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുന്നത്.
മോട്ടോറോള കൂടി സമാനമായ നീക്കം നടത്തിയിരുന്നു. ചാര്‍ജറില്‍നിന്ന് 100 സെന്റിമീറ്റര്‍ (40 ഇഞ്ച്) അകലെ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലൊന്ന് ചാര്‍ജ് ചെയ്യുന്നതാണ് മോട്ടോറോള പ്രദര്‍ശിപ്പിച്ചത്.