December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പത്തിലൊരാള്‍ കോവിഡ്-19ന്റെ ദീര്‍ഘകാല പ്രത്യാഘാതം അനുഭവിക്കുന്നു

1 min read

കോവിഡ്-19ന് ശേഷം കൈവരുന്ന പ്രതിരോധ ശേഷി പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം

ചെറിയ രീതിയില്‍ കോവിഡ്-19 വന്നുപോയി എട്ട് മാസങ്ങള്‍ക്ക് ശേഷവും പത്തില്‍ ഒരാള്‍ അവരുടെ ഔദ്യോഗിക, സാമൂഹിക, വ്യക്തിഗത ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് പഠനം. രുചിയും മണവും നഷ്ടപ്പെടല്‍, ക്ഷീണം എന്നിവയാണ് കോവിഡ്-19ന്റെ പ്രധാനമായി കണ്ടുവരുന്ന ലക്ഷണങ്ങളെന്ന് ജമ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

സ്വീഡനിലെ ഡാന്‍ഡെര്യാഡ് ഹോസ്പിറ്റലും കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കമ്മ്യൂണിറ്റി സ്റ്റഡി ആരംഭിച്ചത്. കോവിഡ്-19ന് ശേഷമുള്ള പ്രതിരോധ ശേഷി പരീക്ഷിക്കുകയായിരുന്നു പഠനത്തിന്റെ പ്രധാന ലക്ഷ്യം. ചെറിയ രീതിയില്‍ കോവിഡ്-19 ബാധിച്ച, ജോലിയുള്ള, താരതമ്യേന പ്രായം കുറഞ്ഞവരും ആരോഗ്യമുള്ളവരുമായവരിലെ ദീര്‍ഘകാല കോവിഡ്-19 ലക്ഷണങ്ങളാണ് തങ്ങള്‍ നിരീക്ഷണവിധേയമാക്കിയതെന്ന് പഠനം നടത്തിയ ഗവേഷകരില്‍ ഒരാളായ ഷാര്‍ലെറ്റ് താലിന്‍ പറഞ്ഞു. പ്രധാനമായും രുചിയും മണവും നഷ്ടപ്പെടുന്ന പ്രശ്‌നമാണ് കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതമായി കണ്ടെത്തിയതെന്ന് അവര്‍ അറിയിച്ചു. ക്ഷീണം, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയും ചിലരില്‍ കണ്ടെത്തി.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ഡാന്‍ഡെര്യാഡ് ആശുപത്രിയിലെ 2,149 ഉദ്യോഗസ്ഥരുടെ സാംപിളുകളാണ് ശേഖരിച്ചത്. ഇവരില്‍ 19 ശതമാനം പേരുടെ ശരീരത്തില്‍ SARS-CoV-2നെതിരെ ആന്റിബോഡികള്‍ ഉണ്ടായിരുന്നു. ഓരോ നാലുമാസം കൂടുമ്പോഴാണ് ഗവേഷകര്‍ സാംപിളുകള്‍ ശേഖരിച്ചത്. രോഗത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ചോദ്യാവലിക്കുള്ള ഉത്തരങ്ങളും ജീവിതത്തില്‍ അതുമൂലമുണ്ടായ പ്രശ്‌നങ്ങളും പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ഗവേഷകര്‍ ചോദിച്ചറിഞ്ഞു.

രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, ശ്വസനപ്രശ്‌നങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ രോഗം വന്നുപോയവരില്‍ കൂടുതലായി കണ്ടെത്തിയെങ്കിലും ഓര്‍മ്മക്കുറവ്, ശ്രദ്ധ നഷ്ടമാകല്‍ പോലുള്ള ലക്ഷണങ്ങളും പേശി,സന്ധിവേദന, ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത പനി പോലുള്ള പ്രശ്‌നങ്ങളും ഉള്ളതായി അധികമാളുകള്‍ പരാതിപ്പെട്ടില്ല. നേരിയ തോതില്‍ രോഗം വന്നുപോയവരാണ് പഠനത്തില്‍ പങ്കെടുത്തതെങ്കിലും കൂടുതല്‍ പേര്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉള്ളതായും അത് ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിച്ചതായും പരാതിപ്പെട്ടു. യുവാക്കളും ആരോഗ്യമുള്ളവരും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളും കോവിഡ്-19ന്റെ ദീര്‍ഘകാല ദുരിതങ്ങള്‍ അനുഭവിക്കുന്നതായും അതവരുടെ ജീവിതനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. പഠനം തുടരുമെന്നും മേയില്‍ അടുത്ത ഫോളോഅപ് നടക്കുമെന്നും ഗവേഷകര്‍ അറിയിച്ചു. പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മേയ് ആകുമ്പോഴേക്കും വാക്‌സിന്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3