Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒ.എന്‍.ഡി.സി പ്ലാറ്റ്ഫോമില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍

1 min read

തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക സാധ്യത പ്രയോജനപ്പെടുത്തി ബിസിനസ് മേഖലകളിലെ അവസരങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഉത്പന്ന വിപണി വിപുലീകരണത്തിനുമായി കേന്ദ്ര വ്യവസായ ആഭ്യന്തര വ്യാപാര വകുപ്പ് ആരംഭിച്ച ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സു(ഒ.എന്‍.ഡി.സി)മായി സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രം ഒപ്പിടല്‍ ചടങ്ങും പൊതുമേഖലാ സ്ഥാപനങ്ങളുടെ (പി.എസ്.യു.) ഉത്പന്നങ്ങളുടെ പ്രകാശനവും നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളുടെ കമ്പനികള്‍ ഒഎന്‍ഡിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും 220 ഉല്‍പ്പന്നങ്ങള്‍ നിലവില്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിപണനം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉത്പന്ന വിതരണത്തിലും ഗുണനിലവാരത്തിലും പാക്കേജിംഗിലും പ്രൊഫഷണലിസം നിലനിര്‍ത്തണമെന്നും മന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ ഓര്‍മ്മിപ്പിച്ചു. എംഎസ്എംഇകളുടെ ഉത്പന്നങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഒഎന്‍ഡിസി പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കും. ഒഎന്‍ഡിസി വാഗ്ദാനം ചെയ്യുന്ന സാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ താലൂക്കുകളിലും ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും. ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി കയര്‍ മേഖലയില്‍ പരിശീലന സെഷനുകള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്നൊവേഷന്‍ സെന്‍ററുമായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും ഒഎന്‍ഡിസി സിഇഒ തമ്പി കോശിയും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ധാരണാപത്രങ്ങള്‍ കൈമാറി. ഒഎന്‍ഡിസി വ്യാപാരികള്‍ക്ക് പ്രയോജനപ്രദവും മികച്ച സാധ്യതയുമാണെന്നും ഇക്കാലത്ത് ഒരു സംരംഭകര്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഒഎന്‍ഡിസിയുമായി ഗതാഗത വകുപ്പും ഉടന്‍ കരാറില്‍ ഏര്‍പ്പെടുമെന്നും മന്ത്രി അറിയിച്ചു. ഒഎന്‍ഡിസിയുമായുള്ള സഹകരണം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ വ്യാപകമായി വിപണനം ചെയ്യാന്‍ സഹായിക്കുമെന്ന് മുഖ്യാതിഥിയായിരുന്ന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പറഞ്ഞു. ‘കേരള ബ്രാന്‍ഡ്’ എന്ന ടാഗില്‍ ആഗോളതലത്തിലേക്ക് മുന്നേറാന്‍ സംസ്ഥാനത്തെ വ്യവസായങ്ങളെ സഹായിക്കുന്നതിന് ഇത് പ്രചോദനമേകുമെന്നും അദ്ദേഹം പറഞ്ഞു.

  ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഗ്രേറ്റ് നിക്കോബാറിലെ ഷോംപെൻ ഗോത്രം

വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ കൂടി പരിഗണിച്ചാണ് ധാരണാപത്രത്തിന് തുടക്കമിട്ടതെന്നും ഇത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും വലിയ സഹായമാകുമെന്നും വ്യവസായ-നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. ഒഎന്‍ഡിസി പോലുള്ള പ്ലാറ്റ്ഫോം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്പന്ന വിപണനത്തില്‍ പുതിയ അവസരങ്ങള്‍ തുറന്നിടുകയാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഒഎന്‍ഡിസി എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇ-കൊമേഴ്സ് മേഖല പൂര്‍ണ്ണമായും മാറുമെന്നും ഒ.എന്‍.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തമ്പി കോശി പറഞ്ഞു.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍
Maintained By : Studio3