Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനതല ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇനി ഒരാഴ്ചക്കാലം നാടും നഗരവും ഓണാഘോഷത്തിമിര്‍പ്പില്‍. കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് രണ്ടുവര്‍ഷത്തിനു ശേഷം പൂര്‍ണതോതില്‍ നടക്കുന്ന ഓണാഘോഷത്തിന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ തിരിതെളിഞ്ഞു. സെപ്റ്റംബര്‍ 12 വരെ നടക്കുന്ന സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞുപോകുന്ന ഘട്ടത്തില്‍ ആഘോഷങ്ങളുടെ പൊലിമയും ഒത്തുചേരലിന്‍റെ ആഹ്ലാദവും മടങ്ങിവരികയാണെന്നും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് അതു നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കോവിഡ് പൂര്‍ണമായും ഒഴിഞ്ഞുപോയിട്ടില്ല. അതിന്‍റെ തിരിച്ചുവരവിനും വ്യാപനത്തിനുമെതിരായ ജാഗ്രത തുടരേണ്ടതുണ്ട്. ഓണം ഉണര്‍ത്തുന്നത് ക്ഷേമസങ്കല്‍പ്പമാണ്. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ ഒരു കാലഘട്ടമാണ് അതിന്‍റെ അന്തസത്ത. അതില്‍ മനുഷ്യര്‍ തമ്മിലുള്ള ഐക്യവും പ്രകൃതിയോടുള്ള കരുതലും അശരണരോടും ആലംബഹീനരോടുള്ള കരുണയും ഉള്‍പ്പെട്ടിട്ടുണ്ട്. കേരള ജനത ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്‍റെയും നേര്‍ക്കണ്ണാടി കൂടിയാണ് ഈ ഓണസങ്കല്‍പ്പമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍

ഓണം സമത്വത്തിന്‍റെ ആഘോഷമാണെന്നും ഈ കാലഘട്ടത്തില്‍ അതിന് പ്രസക്തി ഏറെയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കു ശേഷം നടക്കുന്ന ഓണാഘോഷം ഏറെ മോടിയോടെയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ച വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗതാഗത മന്ത്രി ആന്‍റണി രാജു, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, എംപിമാരായ ശശി തരൂര്‍, എ എ റഹീം, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത്, ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി സുരേഷ്കുമാര്‍, കൗണ്‍സിലര്‍ റീന, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.

  കൊച്ചിയില്‍ നിന്നും അഗര്‍ത്തലയിലേക്ക്‌ എയർ ഇന്ത്യ എക്‌സ്പ്രസ്

ഓണാഘോഷത്തിന്‍റെ പൊലിമ കൂട്ടാന്‍ ടൂറിസം വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മുഖ്യാതിഥി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഓണം തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷമാണെന്നും കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ സമ്പന്നമായ ഓണാഘോഷത്തിന്‍റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മുഖ്യാതിഥി ദേശീയ പുരസ്കാര ജേതാവ് നടി അപര്‍ണ ബാലമുരളി പറഞ്ഞു. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിച്ച ഇലഞ്ഞിത്തറ മേളത്തെ തുടര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം സിനിമാ താരങ്ങളും പിന്നണി ഗായകരും നേതൃത്വം നല്‍കിയ നൃത്ത, ഗാനസന്ധ്യ അരങ്ങേറി.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

തലസ്ഥാനജില്ലയില്‍ മാത്രം 32 വേദികളാണുള്ളത്. ഏഴ് ദിവസത്തെ പരിപാടികളില്‍ 8000 കലാകാരډാര്‍ ഭാഗമാകും. ഇതില്‍ 4000 പേര്‍ പാരമ്പര്യകലാകാരന്‍മാരാണ്. പരമ്പരാഗത കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യവിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടും. നഗരത്തില്‍ ശാസ്തമംഗലം മുതല്‍ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരവും വിവിധ കേന്ദ്രങ്ങളില്‍ ഊഞ്ഞാലുകളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 12 ന് വൈകിട്ട് 5 ന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണം വാരാഘോഷങ്ങള്‍ക്കു സമാപനമാകും.

Maintained By : Studio3