ഒല മെഗാഫാക്റ്ററി നിര്‍മിച്ചുതുടങ്ങി
തമിഴ്‌നാട്ടില്‍ 500 ഏക്കറിലാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന പ്ലാന്റ് സ്ഥാപിക്കുന്നത്
ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്റ്ററിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒല ആരംഭിച്ചു. തമിഴ്‌നാട്ടില്‍ 500 ഏക്കറിലാണ് മെഗാഫാക്റ്ററി സ്ഥാപിക്കുന്നത്. പുതിയ പ്ലാന്റിനായി 2,400 കോടി രൂപയുടെ നിക്ഷേപമാണ് ഒല നടത്തിയിരിക്കുന്നത്.
മുംബൈ ആസ്ഥാനമായ മൊബിലിറ്റി കമ്പനി 2020 ഡിസംബറില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഫാക്റ്ററിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാകുമെന്ന് ഒല അറിയിച്ചു. പത്ത് മില്യണ്‍ മനുഷ്യാധ്വാന മണിക്കൂറുകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ് വേഗത്തില്‍ പ്ലാന്റ് പൂര്‍ത്തിയാക്കാനാണ് ഒലയുടെ പദ്ധതി.
ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതായിരിക്കും മെഗാഫാക്റ്ററി. ആഭ്യന്തര വിപണിയിലെ വില്‍പ്പന കൂടാതെ, യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ വിപണികളിലേക്ക് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യും.
പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് ഒല അവകാശപ്പെട്ടു. ഇന്‍ഡസ്ട്രി 4.0 നിലവാരമുള്ളതായിരിക്കും മെഗാഫാക്റ്ററി. ഒലയുടെ സ്വന്തം എഐ എന്‍ജിനും സാങ്കേതികവിദ്യകളും ഉപയോഗിക്കും. ഓട്ടോമേഷന്‍, റോബോട്ടിക് ആവശ്യങ്ങള്‍ക്കായി ഒല ഈയിടെ എബിബിയുമായി പങ്കാളിത്തം സ്ഥാപിച്ചിരുന്നു. പൂര്‍ണ പ്രവര്‍ത്തനശേഷി കൈവരിച്ചാല്‍, 5,000 ഓളം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും പ്ലാന്റില്‍ പണിയെടുക്കും.
ആംസ്റ്റര്‍ഡാം ആസ്ഥാനമായ എറ്റര്‍ഗോ സ്‌കൂട്ടറുകളെ കഴിഞ്ഞ വര്‍ഷം ഒല ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ വികസിപ്പിച്ച മോഡല്‍ അടിസ്ഥാനമാക്കിയായിരിക്കും ഒരുപക്ഷേ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്. സവിശേഷ രൂപകല്‍പ്പന, അഴിച്ചെടുക്കാവുന്ന ബാറ്ററി, ഉയര്‍ന്ന പെര്‍ഫോമന്‍സ്, കൂടുതല്‍ റേഞ്ച് എന്നിവ ഉണ്ടായിരിക്കും.