ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ പുറത്ത്
ഒല ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായ ഭവീഷ് അഗ്ഗര്‍വാളാണ് ഏതാനും ഫീച്ചറുകള്‍ ട്വീറ്റ് ചെയ്തത്
ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചറുകള്‍ പുറത്ത്. ഒല ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ചെയര്‍മാനുമായ ഭവീഷ് അഗ്ഗര്‍വാളാണ് സ്‌കൂട്ടറിന്റെ ഏതാനും ഫീച്ചറുകള്‍ ഈയിടെ ട്വീറ്റ് ചെയ്തത്. ഈ വിഭാഗം സ്‌കൂട്ടറുകളില്‍ ഏറ്റവും കൂടുതല്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് ശേഷി ലഭിച്ചതായിരിക്കും ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. കീലെസ്, ആപ്പ് അധിഷ്ഠിതമായി സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കാന്‍ കഴിയും. മാത്രമല്ല, ഈ വിഭാഗം സ്‌കൂട്ടറുകളില്‍ സിംഗിള്‍ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്നതായിരിക്കും ഒലയുടെ ആദ്യ ഉല്‍പ്പന്നം. അഴിച്ചെടുക്കാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ തുടങ്ങിയവ മറ്റ് ഫീച്ചറുകളായിരിക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ 500 ഏക്കറിലാണ് ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന പ്ലാന്റ് വരുന്നത്. നാല് മാസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ഒലയുടെ ഇവി പ്ലാന്റ് നിര്‍മിക്കുന്നത്. ഏറ്റവും നൂതനമായ ‘ഹരിത’ ഫാക്റ്ററി ആയിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഏകദേശം 2,400 കോടി രൂപയുടെ നിക്ഷേപമാണ് പ്ലാന്റിനായി ഒല നടത്തിയത്. തുടക്കത്തില്‍ രണ്ടായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കും. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ തൊഴിലവസരങ്ങളുടെ എണ്ണം പതിനായിരം വരെയായി വര്‍ധിക്കും. ഏകദേശം ഒരു കോടി മണിക്കൂറിന്റെ മനുഷ്യാധ്വാനത്തിലാണ് ഫാക്റ്ററിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്‍ഡസ്ട്രി 4.0 മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും പ്ലാന്റ്. 2022 ഓടെ പ്രതിവര്‍ഷം ഒരു കോടി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുണ്ടാകും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം ഇലക്ട്രിക് സ്‌കൂട്ടറുകളായിരിക്കും നിര്‍മിക്കുന്നത്. പത്ത് ജനറല്‍ അസംബ്ലി ലൈനുകള്‍ സ്ഥാപിക്കും. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റിന് വെളിയിലെത്തും. മാത്രമല്ല, ഓരോ ദിവസവും 25,000 ബാറ്ററികളും നിര്‍മിക്കും. മെയ്ഡ് ഇന്‍ ഇന്ത്യ സ്‌കൂട്ടറുകള്‍ ആഭ്യന്തര വിപണി കൂടാതെ യൂറോപ്പ്, യുകെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ് എന്നീ വിപണികളിലേക്ക് കയറ്റുമതി ചെയ്യും.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഒല നേരത്തെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പകുതിയോടെ ആംസ്റ്റര്‍ഡാം ആസ്ഥാനമായ എറ്റര്‍ഗോ ബ്രാന്‍ഡ് ഒല ഏറ്റെടുത്തിരുന്നു. എറ്റര്‍ഗോ ആപ്പ്സ്‌കൂട്ടര്‍ അടിസ്ഥാനമാക്കിയതാണ് ഒലയുടെ ആദ്യ സ്‌കൂട്ടര്‍. ഔദ്യോഗിക ചിത്രങ്ങളില്‍ ഈ സാമ്യം പ്രകടമാണ്.
പ്ലാന്റിലെ റോബോട്ടിക്സ്, ഓട്ടോമേഷന്‍ (അതിയന്ത്രവല്‍ക്കരണം) ആവശ്യങ്ങള്‍ക്കായി സ്വിസ് കമ്പനിയായ എബിബിയുമായി പങ്കാളിത്തം സ്ഥാപിച്ചതായി ഒല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമധികം ഓട്ടോമേഷന്‍ നടത്തിയ പ്ലാന്റുകളിലൊന്നായിരിക്കും ഒലയുടെ മെഗാഫാക്റ്ററി. പൂര്‍ണ പ്രവര്‍ത്തനശേഷി കൈവരിച്ചാല്‍, 5,000 ഓളം റോബോട്ടുകളും ഓട്ടോമേറ്റഡ് ഗൈഡഡ് വാഹനങ്ങളും പ്ലാന്റില്‍ പണിയെടുക്കും. ഒലയുടെ സ്വന്തം എഐ എന്‍ജിനും സാങ്കേതികവിദ്യകളും ഉപയോഗിക്കും. നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കേന്ദ്രത്തില്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ആയിരിക്കും എബിബി റോബോട്ടുകളെ സമന്വയിപ്പിക്കുന്നത്. ഉല്‍പ്പാദനക്ഷമത, ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം എന്നിവ റോബോട്ടുകളിലൂടെ ഉറപ്പുവരുത്താന്‍ കഴിയും.
ഇതിനിടെ ഒല ഇലക്ട്രിക് തങ്ങളുടെ ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മേധാവിയായി യോംഗ്സംഗ് കിമ്മിനെ നിയമിച്ചു. ഹ്യുണ്ടായ് മോട്ടോര്‍, കിയ കമ്പനികളിലായി ഓട്ടോമോട്ടീവ് വ്യവസായത്തില്‍ 35 വര്‍ഷത്തെ അനുഭവസമ്പത്തിന് ഉടമയാണ് കിം. ഒല ഇലക്ട്രിക്കിന്റെ വില്‍പ്പനയില്‍ ഇന്ത്യയിലെയും ആഗോള വിപണികളിലെയും മേല്‍നോട്ടം യോംഗ്സംഗ് കിമ്മിനായിരിക്കും.