ജനുവരി-ജൂണ്‍ ഓഫിസ് സ്പേസ് പാട്ടത്തിനെടുക്കല്‍ 6 വര്‍ഷത്തെ താഴ്ചയില്‍
1 min read
ബെംഗളൂരു: 2021 ജനുവരി-ജൂണ്‍ കാലയളവില്‍ രാജ്യത്തെ മുന്‍നിര നഗരങ്ങളിലെ ഓഫീസ് സ്പേസ് പാട്ടത്തിനെടുക്കല്‍ 38 ശതമാനം ഇടിഞ്ഞ് 10.9 ദശലക്ഷം ചതുരശ്ര അടിയായി. ഓഫിസ് സ്പേസ് വിപണി കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇക്കാലയളവില്‍ കാഴ്ചവെച്ചിട്ടുള്ളത്. കോവിഡ് രണ്ടാം തരംഗമാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചതെന്ന് പ്രോപ്പര്‍ട്ടി അഡ്വൈസറി സാവില്‍സ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കുത്തനെയുള്ള ഇടിവാണ് ഉണ്ടായത്. മാര്‍ച്ചില്‍ നിന്ന് 65 ശതമാനം കുറവ് ഈ മാസങ്ങളിലെ ഓഫിസ് സ്പേസ് ഏറ്റെടുക്കലുകളില്‍ ഉണ്ടായി. എന്നാലിപ്പോള്‍ വീണ്ടെടുക്കലിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും പ്രമുഖമായ ടെക്-കൊമേഴ്സ്യല്‍ ഓഫീസ് ഡെസ്റ്റിനേഷനായ ബെംഗളൂരുവിന് 2021 ന്‍റെ ആദ്യ ആറുമാസങ്ങളില്‍ 37 ശതമാനം വിഹിതമാണ് മൊത്തം ഓഫിസ് സ്പേസ് ഏറ്റെടുക്കലില്‍ ഉള്ളത്. മുന്‍നിരയിലുള്ള ആറ് നഗരങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് പൂനെയില്‍ കണ്ടത്. പ്രൈം ലൊക്കേഷനുകളിലെ ഓഫിസ് സ്പേസുകളുടെ വേക്കന്‍സി 16.2 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.