പൊണ്ണത്തടി കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കുമെന്ന് വിദഗ്ധർ
1 min readപൊണ്ണത്തടിയും കോവിഡ്-19യെ പ്രതിരോധിക്കാനുള്ള വാക്സിന്റെ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്നാണ് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് വാക്സിനുകൾ മാത്രമല്ല, മറ്റ് നിരവധി രോഗങ്ങൾക്കുള്ള വാക്സിനുകളും പൊണ്ണത്തടിയുള്ളവരിൽ പ്രതീക്ഷിച്ച ഫലം തരില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടില്ല
ന്യൂഡെൽഹി പൊണ്ണത്തടിയുള്ളവരിൽ കോവിഡ്-19 വാക്സിനുകൾ പൂർണമായ ഫലം ഉണ്ടാക്കുകയില്ലെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടിയുള്ളവരിൽ വാക്സിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ ഇക്കാര്യം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പൊണ്ണത്തടിയും കോവിഡ്-19യെ പ്രതിരോധിക്കാനുള്ള വാക്സിന്റെ ശേഷിയും തമ്മിൽ ബന്ധമുണ്ടെന്നാണ് നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് വാക്സിനുകൾ മാത്രമല്ല, മറ്റ് നിരവധി രോഗങ്ങൾക്കുള്ള വാക്സിനുകളും പൊണ്ണത്തടിയുള്ളവരിൽ പ്രതീക്ഷിച്ച ഫലം തരില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ അവസ്ഥകൾ കോവിഡ്-19യെ കൂടുതൽ മോശമാക്കുമെന്നും ഈ അസുഖങ്ങൾ ഉള്ളവരിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നത് മൂലമാണിതെന്നും ധർമ്മശില നാരായണ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിലെ പൾമണറി കൺസൾട്ടന്റ് നവനീക് സൂദ് പറഞ്ഞു. എന്നാൽ കോവിഡ്-19 വാക്സിനും പൊണ്ണത്തടിയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പഠനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
പൊണ്ണത്തടി മൂലം ക്രോണിക് ഇൻഫ്ളമേഷൻ (കാലക്രമേണയുള്ള നീർകെട്ടൽ) ഉണ്ടാകാമെന്നും ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ശാരീരിക അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു. ഇതിന്റെ ഫലമായി പൊണ്ണത്തടിയുള്ളവരിൽ സൈറ്റോകിനുകൾ ഉൾപ്പടെയുള്ള പ്രതിരോധ നിയന്ത്രണ പ്രോട്ടീനുകൾ വളരെ കൂടിയ അളവിൽ കാണപ്പെടുന്നു. സൈറ്റോകിനിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ചിലപ്പോൾ ആരോഗ്യമുള്ള കലകളെയും നശിപ്പിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡ്-19 ഗുരുതരമാകുന്ന കേസുകളിൽ ഇത്തരമൊരു സ്ഥിതിവിശേഷം കണ്ടുവരാറുണ്ട്.
നിരാശ, സ്ട്രെസ്, ഒറ്റപ്പെടൽ, മോശം ആരോഗ്യ സ്ഥിതി എന്നിവ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും പുതിയ കോവിഡ്-19 വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും പെർസ്പെക്ടീവ്സ് ആൻഡ് സൈക്കോളജിക്കൽ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.പാരിസ്ഥിതിക ഘടകങ്ങളും ഒരു വ്യക്തിയുടെ ജനിതകവും ശാരീരിക, മാനസിക ആരോഗ്യവും പ്രതിരോധ സംവിധാനത്തെയും വാക്സിനുകളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും കുറഞ്ഞ രോഗ പ്രതിരോധ ശേഷി ഉള്ളവരിലും വാക്സിനുകളുടെ ഫലപ്രാപ്തി കുറവായിരിക്കും.