September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം 1.1 ബില്യണ്‍, പുകവലി മൂലം 2019ല്‍ മരണമടഞ്ഞത് 8 മില്യണ്‍ പേര്‍

1 min read

യുവാക്കളെ പുകവലി ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്ന് പഠനം

പുകവലി മൂലം 2019ല്‍ ലോകത്ത് മരണപ്പെട്ടത് എട്ട് മില്യണ്‍ പേരെന്ന് പഠന റിപ്പോര്‍ട്ട്. കൂടുതല്‍ യുവാക്കള്‍ പുകവലിക്ക് അടിമപ്പെട്ടതോടെ ലോകത്ത് പുകവലിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയരത്തിലെത്തിയെന്നും ജനങ്ങളെ പുകവലി ശീലത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ജനസംഖ്യാ വളര്‍ച്ച വെല്ലുവിളിയായെന്നും ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. 1990ന് ശേഷമുള്ള ഒമ്പത് വര്‍ഷങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം 150 മില്യണ്‍ വര്‍ധിച്ച് 1.1 ബില്യണ്‍ ആയി ഉയര്‍ന്നു. പുകവലിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.

പുതിയതായി പുകവലി ശീലം തുടങ്ങുന്നവരില്‍ 89 ശതമാനം പേരും 25 വയസിനിടയിലാണ് പുകവലിക്ക് അടിമപ്പെടുന്നത് എന്നതിനാല്‍ യുവാക്കളിലെ പുകവലി ശീലം കുറയക്കാന്‍ സര്‍ക്കാരുകള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് പഠനകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു. 25ന് വയസിന് ശേഷം പുകവലി ശീലം ആരംഭിക്കാനുള്ള സാധ്യത കുറവാണ്. യുവാക്കളാണ് കൂടുതലായും ഈ ശീലത്തിന് അടിമപ്പെടുന്നതെന്നും ലോകമെമ്പാടും പുകവലിക്കുന്നവരുടെ എണ്ണം ഉയര്‍ന്ന് തന്നെ തുടരുന്നതിനാല്‍ ഓരോ വര്‍ഷവും പുതിയതായി ഈ ശീലം ആരംഭിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ രാജ്യങ്ങള്‍ നടപടിയെടുത്തില്ലെങ്കില്‍ പുകവലിയെന്ന വിപത്ത് വര്‍ഷങ്ങളോളം മനുഷ്യരാശിക്ക് ഭീഷണിയായി തുടരുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവലൂഷനിലെ ഗവേഷകയായ മരിസ്സ റീത്ത്‌സ്മ പറഞ്ഞു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ ആഗോളതലത്തില്‍ പുകവലിയുടെ പ്രചാരം കുറഞ്ഞിട്ടുണ്ടെങ്കിലും ഇരുപത് രാജ്യങ്ങളില്‍ പുരുഷന്മാരിലെ പുകവലിയും 12 രാജ്യങ്ങളില്‍ സ്ത്രീകളിലെ പുകവലിയും വര്‍ധിച്ചു. ലോകത്തിലെ ആകെ പുകവലിക്കുന്നവരില്‍ മൂന്നില്‍ രണ്ട് വിഭാഗം ആളുകളും ചൈന, ഇന്ത്യ, ഇന്തോനേഷ്യ, യുഎസ്, റഷ്യ, ബംഗ്ലാദേശ്, ജപ്പാന്‍,തുര്‍ക്കി, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ പത്ത് രാജ്യങ്ങളിലാണ്. ലോകത്തിലെ പുകവലിക്കുന്ന മൂന്നില്‍ ഒരാള്‍ ചൈനയില്‍ നിന്നുമാണ് (മൊത്തം 341 മില്യണ്‍ പേര്‍ ചൈനക്കാര്‍).

2019ല്‍ പുകവലി മൂലം ലോകത്ത് മരണപ്പെട്ടവരില്‍ 1.7 മില്യണ്‍ ആളുകള്‍ ഇസ്‌കീമിക് ഹാര്‍ട്ട് ഡിസീസ് മൂലവും 1.6 മില്യണ്‍ ആളുകള്‍ ക്രോണിക് ഒബ്‌സട്രക്ടീവ് പള്‍മണറി ഡിസീസ് മൂലവും 1.3 മില്യണ്‍ ആളുകള്‍ പലതരത്തിലുള്ള ശ്വാസകോശ അര്‍ബുദം മൂലവും 1 മില്യണ്‍ ആളുകള്‍ സ്‌ട്രോക്ക് മൂലവുമാണ് മരണപ്പെട്ടത്. ദീര്‍ഘകാലമായി പുകവലിക്കുന്നവരില്‍ പകുതിയാളുകളും പുകവലിയുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമായിരിക്കും മരണപ്പെടുകയെന്ന് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഒരിക്കലും പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരുടെ ആയുസ്സ് 10 വര്‍ഷം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

  വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒയ്ക്ക്

204 രാജ്യങ്ങളിലെ പുകവലിയുമായി ബന്ധപ്പെട്ട പ്രവണതകളാണ് പഠനസംഘം നിരീക്ഷണവിധേയമാക്കിയത്. ഇതില്‍ പകുതി രാജ്യങ്ങളും പതിനഞ്ചിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവരുടെ പുകവലി നിര്‍ത്തലാക്കുന്നതില്‍ യാതൊരു പുരോഗതിയും നേടിയിട്ടില്ല. മാത്രമല്ല മിക്കവരും ശരാശരി 19 വയസിലാണ് പുകവലി ആരംഭിക്കുന്നത്. പല രാജ്യങ്ങളിലും ഈ പ്രായത്തിലുള്ള പുകവലി നിയമവിധേയമാണ്. യുവാക്കളില്‍ പുകവലി ആരംഭിക്കുന്ന പ്രായം നീട്ടാന്‍ സാധിച്ചാല്‍ പുകവലിക്ക് അടിമപ്പെടുന്നതില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയുമെന്നാണ് റീത്ത്‌സ്മ പറയുന്നത്. ഇരുപതുകളുടെ മധ്യത്തില്‍ യുവാക്കള്‍ പുകവലിയില്‍ നിന്ന് മുക്തരാണെന്ന് ഉറപ്പാക്കാന്‍ സാധിച്ചാല്‍ വരും തലമുറയിലെ പുകവലി നിരക്കില്‍ വലിയ കുറവുണ്ടാക്കാന്‍ സാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

182 രാജ്യങ്ങള്‍ 2005ലെ പുകവലി നിയന്ത്രണ കണ്‍വെന്‍ഷനില്‍ ഒപ്പ് വെച്ചെങ്കിലും ഇവര്‍ പുകവലി കുറക്കുന്നതിനുള്ള നയങ്ങള്‍ നടപ്പിലാക്കിയത് പല തരത്തിലാണ്. നികുതിയേര്‍പ്പെടുത്തുകയെന്നതാണ് പുകവലി കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച നയമെന്ന് ഗവേഷകര്‍ അഭപ്രായപ്പെടുന്നു. എന്നാല്‍ വികസിത രാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന ചിലവ് കൂടിയ സിഗരറ്റ് പാക്കുകളും വരുമാനം കുറഞ്ഞതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ സിഗരറ്റ് പാക്കുകളും തമ്മില്‍ കാര്യമായ വൈരുദ്ധ്യമുണ്ടെന്നത് ഈ നയത്തിന് വെല്ലുവിളിയാണ്. പുകവലി പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് ശക്തമായ പ്രതിജ്ഞാബദ്ധത ആവശ്യമാണെന്നാണ് മറ്റൊരു ഗവേഷകനായ വിനു ഗുപ്ത പറയുന്നത്. വിവിധ ഫ്‌ളേവറുകളിലുള്ള സിഗരറ്റുകള്‍, ഇ-സിഗരറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ യുവാക്കള്‍ കൂടുതലായി ആകൃഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

ചില രാജ്യങ്ങള്‍ പുകവലി നിയന്ത്രണത്തില്‍ എടുത്തുപറയത്തക്ക പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും പുകവലി വ്യവസായ മേഖലയുടെ ഇടപെടലുകളും രാഷ്ട്രീയപരമായ പ്രതിജ്ഞാബദ്ധതയും ആഗോള പുകയില നിയന്ത്രണ നടപടികള്‍ക്ക് വെല്ലുവിളിയാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം, പ്രചരണം, സ്‌പോസര്‍ഷിപ്പ് എന്നിവയ്ക്കുള്ള നിരോധനം ഇന്റെര്‍നെറ്റ് അധിഷ്ഠിത മാധ്യമങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം. പക്ഷേ ലോകത്ത് നാലില്‍ ഒരു രാജ്യം മാത്രമാണ് പുകയില ഉല്‍പ്പന്നങ്ങളുടെ പ്രത്യക്ഷത്തിലുള്ളതും അല്ലാത്തതുമായ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളു.

Maintained By : Studio3