ഗവേഷണ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍
ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എന്‍ആര്‍എഫ്) ബില്‍, 2023-ന്റെ അവതരണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. ഇന്ത്യയിലെ അംഗീകൃത സര്‍വ്വകലാശാലകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഗവേഷണ-വികസന ലബോറട്ടറികള്‍ എന്നിവയിലുടനീളം ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും (ആര്‍&ഡി) വിത്ത് വിതയ്ക്കുകയും വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്‍ആര്‍എഫ് സ്ഥാപിക്കുന്നതിന് ബില്‍ വഴിയൊരുക്കും.
ബില്‍, പാര്‍ലമെന്റിന്റെ അംഗീകാരത്തിന് ശേഷം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാര്‍ശകള്‍ അനുസരിച്ച് രാജ്യത്ത് ശാസ്ത്ര ഗവേഷണത്തിന് ഉയര്‍ന്ന തലത്തിലുള്ള തന്ത്രപരമായ ദിശാബോധം നല്‍കുന്നതിനുള്ള ഒരു പരമോന്നത ചട്ടക്കൂടായി എന്‍ ആര്‍ എഫ് സ്ഥാപിക്കും. അഞ്ച് വര്‍ഷത്തേയ്ക്ക് (2023-28) 50,000 കോടി രൂപയുടെ മതിപ്പു ചിലവാണ് ഇതിനായി കണക്കാക്കിയിട്ടുള്ളത്. ശാസ്ത്ര സാങ്കേതിക വകുപ്പ് എന്‍ ആര്‍ എഫിന്റെ ഭരണപരമായ വകുപ്പായിരിക്കും. വിവിധ മേഖലകളിലെ പ്രമുഖ ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ഗവേണിംഗ് ബോര്‍ഡ് എന്‍ ആര്‍ എഫിനെ നിയന്ത്രിക്കും. എന്‍ ആര്‍ എഫിന്റെ വ്യാപ്തി വിശാലമായതിനാല്‍ – എല്ലാ മന്ത്രാലയങ്ങളെയും സ്വാധീനിക്കുന്നതിനാല്‍ – പ്രധാനമന്ത്രി ബോര്‍ഡിന്റെ എക്സ് ഒഫീഷ്യോ പ്രസിഡന്റും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്റുമാരായിരിക്കും. . എന്‍ആര്‍എഫിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ അധ്യക്ഷനായ ഒരു എക്‌സിക്യൂട്ടീവ് കൗണ്‍സിലായിരിക്കും.
വ്യവസായം, അക്കാദമിക്, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയില്‍ എന്‍ആര്‍എഫ് സഹകരണം ഉണ്ടാക്കും, കൂടാതെ ശാസ്ത്ര-സേവന മന്ത്രാലയങ്ങള്‍ക്ക് പുറമേ വ്യവസായങ്ങളുടെയും സംസ്ഥാന ഗവണ്മെന്റുകളുടെയും പങ്കാളിത്തത്തിനും സംഭാവനയ്ക്കുമായി ഒരു ഇന്റര്‍ഫേസ് മെക്കാനിസം സൃഷ്ടിക്കും. ഒരു നയ ചട്ടക്കൂട് സൃഷ്ടിക്കുന്നതിലും ഗവേഷണ-വികസനത്തില്‍ വ്യവസായത്തിന്റെ സഹകരണവും വര്‍ധിച്ച ചെലവും പ്രോത്സാഹിപ്പിക്കുന്ന നിയന്ത്രണ പ്രക്രിയകള്‍ സ്ഥാപിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
2008-ല്‍ പാര്‍ലമെന്റിന്റെ ഒരു നിയമം വഴി സ്ഥാപിച്ച സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡിനെ (എസ ഇ ആര്‍ ബി ) ബില്‍ റദ്ദാക്കുകയും എസ ഇ ആര്‍ ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുകളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിപുലീകൃത അധികാരങ്ങളുള്ള എന്‍ ആര്‍ എഫില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.