October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പ്രതിസന്ധി നേരിടുന്ന നേപ്പാള്‍ രാഷ്ട്രീയം

ന്യൂഡെല്‍ഹി: നേപ്പാളിലെ ജനാധിപത്യം ഇന്ന് പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ (എന്‍സിപി) അസ്വാസ്യസ്ഥങ്ങള്‍ ഉടലെടുത്തപ്പോള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പാര്‍ലമെന്‍റ് പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഒലിക്കെതിരെയുണ്ടായി. ഭരണാഘടനാവിരുദ്ധമായ നടപടിയായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. ഈ മാസമാദ്യം പ്രധാന ഭരണഘടനാ സ്ഥാപനങ്ങളുടെ നിയന്ത്രണം സ്വന്തമാക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. ഏപ്രില്‍ 30 നും മെയ് 10 നും നടക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സ്വതന്ത്രമായും നീതിയുക്തമായും നടത്താന്‍ കഴിയുമോ എന്ന സംശയവും ഉയര്‍ന്നു.

നേപ്പാള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പിന്തുണക്കുകയും അത് ഏകീകൃതമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ചൈനയ്ക്ക് സമീപകാല സംഭവങ്ങള്‍ ഒരു തിരിച്ചടിയാണ്. ബെയ്ജിംഗിന്‍റെ സ്വാധീനം നഷ്ടപ്പെടുന്നതിന്‍റെ ഗുണം ലഭിക്കുന്നത് ഇന്ത്യക്കും യുഎസിനും യൂറോപ്യന്‍ യൂണിയനുമാണ്. ഇന്ന് എല്ലാവരും ഒലിയുടെ പ്രവര്‍ത്തനങ്ങളെ നിശബ്ദം നിരീക്ഷിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി നേപ്പാളില്‍ ജനാധിപത്യം നിരവധി പരീക്ഷണങ്ങളാണ് നേരിട്ടത്. 1990ലാണ് വിവിധ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യം സ്ഥാപിക്കപ്പെട്ടത്. പക്ഷേ 1996 ല്‍ ആരംഭിച്ച ഒരു മാവോയിസ്റ്റ് കലാപം ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിച്ചു. 2005ല്‍ സര്‍ക്കാരിനെ രാജാവ് പുറത്താക്കി. വിമതര്‍ക്കെതിരെ പോരാടുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ തന്നിലേക്ക് കേന്ദ്രീകരിക്കാനാണ് ഈ നടപടിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം. എന്നാല്‍ ഈ നടപടി രാജ്യത്തെ മാവോയിസ്റ്റുകളും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ഒത്തുതീര്‍പ്പിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. 2006ല്‍ രാജാവിനെ സ്ഥാനമൊഴിയാന്‍ പ്രതിഷേധങ്ങള്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു. 2008ല്‍ പുതിയ ഭരണഘട തയ്യാറാക്കാനാരംഭിച്ചു. എന്നാല്‍ നിരവധി തര്‍ക്കങ്ങള്‍ കാരണം ഇതിന്‍റെ കരട് വൈകി. മതേതരത്വവും ഫെഡറലിസവും സ്വീകരിച്ച് 2015 ല്‍ നേപ്പാള്‍ വിവാദപരമായ ഒരു പുതിയ ഭരണഘടന പ്രഖ്യാപിച്ചു.

അടുത്തിടെയുള്ള എന്‍സിപിയിലെ വിഭജനവും ഒലിയുടെ കുതന്ത്രങ്ങളും മനസിലാക്കാന്‍, 2017 ലേക്ക് മടങ്ങേണ്ടത് ആവശ്യമാണ്. ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാവോയിസ്റ്റ് പാര്‍ട്ടിയും യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎല്‍) പാര്‍ട്ടിയും ഒരുമിച്ച് പ്രചാരണം നടത്താന്‍ സമ്മതിച്ചു. ഇതാണ് പിന്നീട് എന്‍സിപി ആയി മാറിയത്. 2017 ലെ തെരഞ്ഞെടുപ്പില്‍ എന്‍സിപി അതിന്‍റെ മുഖ്യ എതിരാളിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയെ പരാജയപ്പെടുത്തി പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം നേടി. പാര്‍ട്ടിയുടെ ചെയര്‍മാനായി മാവോയിസ്റ്റ് നേതാവായ പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ സ്ഥാനമേറ്റു. ഒലി പ്രധാനമന്ത്രിയുമായി. എന്നാല്‍ അധികാരമേറ്റയുടനെ ഒലി സ്വന്തം കൈകളില്‍ അധികാരം സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനായി രഹസ്യാന്വേഷണം, നികുതി തട്ടിപ്പ് , കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയ്ക്കെതിരായ നടപടികള്‍ക്കായി ദേശീയ ഏജന്‍സികളെ നേരിട്ട് സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ഒലിയുടെ വളര്‍ച്ചയില്‍ പ്രചണ്ഡയും മറ്റ് നേതാക്കളും ആശങ്കാകുലരായിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാനമന്ത്രിയുടെ സ്വാധീനം വര്‍ധിച്ചുവന്നതാണ് കാരണം. 2020 ഏപ്രിലില്‍ ഒലി രണ്ട് വിവാദ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചപ്പോള്‍ ദഹലും മറ്റ് എന്‍സിപി നേതാക്കളും എതിര്‍ത്തു. ഇത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ഈ തര്‍ക്കം പരിഹരിക്കാന്‍ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ മധ്യസ്ഥത വഹിച്ചത്.

എന്നാല്‍ ഇത് താല്‍ക്കാലിക പരിഹാരം മാത്രമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറികള്‍ക്ക് വീണ്ടും അവസരം ഒരുങ്ങി.പ്രചണ്ഡയും ഒലിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണു. അവസാനം പ്രധാനമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ തീരുമാനമായി. തുടര്‍ന്ന് ഒലി പാര്‍ലമെന്‍റിനെ പിരിച്ചുവിട്ടു. നാടകീയ സംഭവവികാസങ്ങള്‍ക്കുശേഷം എന്‍സിപി രണ്ടായി പിളര്‍ന്നു. പാര്‍ട്ടിയുടെ പേര് സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രാജ്യത്തിന്‍റെ അഴിമതി വിരുദ്ധ സംവിധാനം, മനുഷ്യാവകാശ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ഭരണഘടനാ മേധാവികളെ ഏകപക്ഷീയമായി നിയമിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചു. ഇതോടെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ കാണുന്നു.

പാര്‍ലമെന്‍റ് പിരിച്ചുവിടല്‍ സംബന്ധിച്ച കേസില്‍ സുപ്രീംകോടതി എന്ന് വിധി പറയും എന്ന് വ്യക്തമായിട്ടില്ല. കോടതി ഒലിക്കനുകൂലമായി തീരുമാനമെടുത്താല്‍ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാനും തനിക്കനുകൂലമാക്കി നിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞേക്കും. എന്‍സിപിയുടെ ഉയര്‍ച്ചയോടെ, നേപ്പാള്‍ ബെയ്ജിംഗുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കുകയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായപ്പോള്‍ ഒലി ഇന്ത്യന്‍ പ്രീതി സമ്പാദിക്കാനും ശ്രമിച്ചിരുന്നു. ഈ വേളയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി, ആര്‍മി മേധാവി, വിദേശകാര്യ സെക്രട്ടറി എന്നിവരെല്ലാം കാഠ്മണ്ഡു സന്ദര്‍ശിച്ചിരുന്നു. ഇനി കോടതിവിധിയുടെ അടിസ്ഥാനത്തിലാകും നേപ്പാളിന്‍റെ ഭാവി നിര്‍ണയിക്കുക. അതുവരെ അന്തരീക്ഷം കലുഷിതമായിരിക്കും.

Maintained By : Studio3