Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുകുള്‍ റോയിയുടെ മടക്കം പാര്‍ട്ടിയെ ബാധിക്കില്ലെന്ന് ബിജെപി

അദ്ദേഹത്തിന് ആശംസയര്‍പ്പിച്ചും നിരവധി നേതാക്കള്‍; പ്രതിപക്ഷത്തിന് ഇത് അപകട സൂചന

കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവ് ആയിരിക്കെ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത് ബിജെപി നിരയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ഈ നടപടി പാര്‍ട്ടിയെ യാതൊരു രീതിയിലും ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. അതേസമയം ലോബി രാഷ്ട്രീയം പ്രതികൂലമായി ബാധിക്കുന്നതായി മുന്‍ എംപി അനുപം ഹജ്ര പറഞ്ഞു. എന്നാല്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ്പ്രകാശ് മജുംദാര്‍ റോയിക്ക് ആശംസകള്‍ നേരുകയാണ് ഉണ്ടായത്. പ്പം ബിജെപിയുടെ എല്ലാ സ്ഥാനമാനങ്ങളും ഉടന്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോയ് ടിഎംസിയില്‍ തിരികെയെത്തി എന്ന വാര്‍ത്ത പുറത്തുവന്നഉടനയായിരുന്നു മജുംദാറിന്‍റെ പ്രതികരണം. “മുകുള്‍ ബാബു ഒരു മുതിര്‍ന്ന നേതാവാണ്, ബംഗാള്‍ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാണ്. അദ്ദേഹത്തിന്‍റെ പുതിയ ഇന്നിംഗ്സില്‍ ഞങ്ങള്‍ മികച്ചത് നേരുന്നു, പക്ഷേ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപിയുടെ മറ്റെല്ലാ തസ്തികകളില്‍ നിന്നും അദ്ദേഹം ഉടന്‍ തന്നെ പുറത്തുപോകേണ്ടതല്ലേ? താമര ചിഹ്നത്തില്‍ സീറ്റ് നേടിയതിനാല്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതല്ലേ, “മജുംദാര്‍ ചോദിച്ചു.

കഴിഞ്ഞദിവസം റോയിയെയും മകന്‍ ശുഭ്രാംശുവിനെയും പാര്‍ട്ടി മേധാവിയും മുഖ്യമന്ത്രി മമത ബാനര്‍ജിയും മറ്റ് മുതിര്‍ന്ന നേതാക്കളും കൂടിയാണ് ടിഎംസിയിലേക്ക് സ്വാഗതം ചെയ്തത്. ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട മുകുള്‍ 2015 ല്‍ ടിഎംസിയില്‍ നിന്ന് രാജിവച്ചിരുന്നു, തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം ബിജെപിയില്‍ ചേര്‍ന്നു.

റോയിയുടെ തീരുമാനത്തില്‍ നിന്ന് ബിജെപിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോയെന്ന് ഉറപ്പില്ലെന്ന് ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതുപോലെ ‘മൂന്നര വര്‍ഷം മുമ്പ് അദ്ദേഹം പാര്‍ട്ടിയിലെത്തിയതിനുശേഷം ഞങ്ങള്‍ എന്തെങ്കിലും നേടിയിട്ടുണ്ടോ എന്നും ഉറപ്പില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘സംസ്ഥാനത്ത് അക്രമം തടസമില്ലാതെ തുടരുന്നു. ഈ ഗുരുതരമായ പ്രശ്നമാണ് ഇപ്പോള്‍ ഞങ്ങളെ അലട്ടുന്നത്.ടിഎംസി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്ന ഞങ്ങളുടെ പ്രവര്‍ത്ത്കകരുടെ സുരക്ഷയെക്കുറിച്ച് പാര്‍ട്ടി ആശങ്കയിലാണ്’ ഘോഷ് വ്യക്തമാക്കി. ബിജെപിയിലെ ലോബി രാഷ്ട്രീയമാണ് മുകുള്‍ റോയിയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ഹസ്ര പറഞ്ഞിരുന്നു.

ബിജെപിയുടെ സംസ്ഥാന യൂണിറ്റ് ഇത് അവസാനിപ്പിക്കുകയും നേതാക്കളെ അവരുടെ യോഗ്യതയ്ക്ക് അനുസൃതമായി ഉപയോഗിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 2018 ല്‍ ടിഎംസിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ മുന്‍ എംപി, എല്ലാ സാഹചര്യങ്ങളിലും താന്‍ ബിജെപിക്കൊപ്പമായിരിക്കുമെന്നും പറഞ്ഞു. ഇതേ അഭിപ്രായം ദിവസങ്ങള്‍ക്ക് മുമ്പ് മുകുള്‍ റോയിയും പറഞ്ഞിരുന്നു.

‘പാര്‍ട്ടിയില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രം അമിതപ്രാധാന്യമാണ് ഉള്ളത്. ബാക്കിയുള്ളവരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു.അത് ഇന്നത്തെ ദുഃഖകരമായ അവസ്ഥയിലേക്ക് നയിച്ചു. ചാര്‍ട്ടേഡ് ഫ്ളൈറ്റ് എടുത്ത രാജകീയ യാത്രക്കാരെക്കുറിച്ച് ഇന്ന് സൂചനയും ഇല്ല’,2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാവ് പറഞ്ഞു. ടിഎംസിയില്‍നിന്ന് രാജിവെച്ചെത്തിയ ബൈശാലി ദാല്‍മിയ, രാജിബ് ബാനര്‍ജി, പ്രബീര്‍ ഘോഷാല്‍ എന്നിവരെയാണ് ഹസ്ര പരാമര്‍ശിച്ചത്. അവര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ അമിത്ഷായെ കാണാനായി ഡെല്‍ഹിയിലേക്ക് പറന്നിരുന്നു.”ദയവായി ഒരു അസംതൃപ്തനായ നേതാവിന്‍റെ ടാഗ് എനിക്ക് നല്‍കരുത്. ഞാന്‍ ബിജെപിക്കൊപ്പം ഉണ്ട്, ബിജെപിയില്‍ തുടരും.

എന്നാല്‍ വൃത്തികെട്ട ലോബി രാഷ്ട്രീയം അവസാനിപ്പിക്കണം. എനിക്ക് വേണ്ടത് ഇതാണ്.’ അദ്ദേഹം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ റോയിക്കും സവ്യാസാചി ദത്ത ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ശരിയായ പ്രാധാന്യം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്. ചുരുക്കം ചില നേതാക്കള്‍ സുവേന്ദു അധികാരി, നടനും രാഷ്ട്രീയക്കാരനുമായ മിഥുന്‍ ചക്രബര്‍ത്തി എന്നിവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കിയത്. തന്നെ പ്രധാനപ്പെട്ട മീറ്റിംഗുകളുടെ ഭാഗമാക്കിയിട്ടില്ലെന്ന് സൂചന നല്‍കിയ ഹസ്ര പറഞ്ഞു, “പ്രോട്ടോക്കോള്‍ അനുസരിച്ച് ബിജെപിയുടെ സംസ്ഥാന യൂണിറ്റ് മീറ്റിംഗുകളിലേക്ക് ക്ഷണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”

ഹസ്രയുടെ വാക്കുകള്‍ സംസ്ഥാന ബിജെപിയില്‍ ഉള്ള അസംതൃപ്തിയുടെ നിഴലാണ് പുറത്തുകൊണ്ടുവരുന്നത്. ഇനിയും ഏറെ നേതാക്കള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം ഉള്ളവരായി എത്തിയേക്കാം. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് മുകുള്‍ റോയിയെ താല്‍പ്പര്യമില്ലായിരുന്നു എന്ന വര്‍ത്തയും പുറത്തുവരുന്നുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബിജെപിക്ക് തീര്‍ച്ചയായും ഭരണത്തിലെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ലോബിയിംഗ് സാധ്യത നശിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. കൂടാതെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ വന്‍ വീഴ്ച ബിജെപിക്കുണ്ടാവുകയും ചെയ്തു. ഇനിയും നേതാക്കള്‍ ടിഎംസിയിലേക്കോ മറ്റ് പാര്‍ട്ടികളിലേക്കോ ചേക്കേറിയാല്‍ നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ തെറ്റ് പറയാനാവില്ല എന്നതാണ് സ്ഥിതി. ബംഗാള്‍ ഇന്ത്യയുടെ അഭിമാനം എന്ന് ബിജെപി പ്രഖ്യാപിച്ചിടത്തുനിന്നും ബംഗാള്‍ ഏറ്റവും വലിയ തലവേദനയായി മാറുകയാണ്.

Maintained By : Studio3