December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

മുകുള്‍ റോയ് വീണ്ടും തൃണമൂലില്‍; ബംഗാളില്‍ ഇനി തിരിച്ചുപോക്കിന്‍റെ കാലം

1 min read

കൊല്‍ക്കത്ത: ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും കൃഷ്ണനഗര്‍ നോര്‍ത്തില്‍ നിന്നുള്ള എംപിയുമായ മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോയ് ടിഎംസിയിലേക്ക് മടങ്ങുകയാണ് എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സംസ്ഥാന ബിജെപി നേതൃത്വം നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി റോയിയെ ഫോണില്‍ വിളിച്ചത് കൂടുതല്‍ അനുമാനങ്ങള്‍ക്ക് കാരണമായിരുന്നു.അതിനിടെ റോയിയുടെ ഭാര്യചികിത്സയില്‍കഴിയുന്ന ആശുപത്രിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജി സന്ദര്‍ശനം നടത്തിയത് കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമാവുകയും ചെയ്തു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് റോയ് കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനിലെത്തി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി മമത വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് തൃണമൂല്‍ കോണ്‍ഗ്രസ് ഭവനില്‍ മമത യോഗം ചേര്‍ന്നിരുന്നു.അവിടെ റോയ് മമതയുമായി കൂടിക്കാഴ്ച നടത്തുന്നതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സാള്‍ട്ട്ലേക്കിലെ തന്‍റെ വസതിയില്‍നിന്നും തൃണമൂല്‍ ഭവനിലേക്ക് പോകും മുമ്പ് തന്‍റെ അടുത്ത സുഹൃത്തുക്കളോട് വിവരം ധരിപ്പിച്ചിരുന്നു. ടിഎംസി രണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനായാണ് യോഗം ചേര്‍ന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വണ്‍-മാന്‍-വണ്‍-പോസ്റ്റ് സിദ്ധാന്തത്തിന്‍റെ തീരുമാനം പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പാക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ടിറങ്ങിയവരും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്. ഇക്കാര്യവും ചര്‍ച്ചചെയ്യുന്നതിനുവേണ്ടിയായിരുന്നു യോഗം.

തൃണമൂല്‍ ഭവനില്‍ റോയ് മുഖ്യമന്ത്രിയെ കാണുമെന്നും എന്നാല്‍ പാര്‍ട്ടിയില്‍ ചേരുന്ന വിഷയത്തില്‍ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയില്ലെന്നും നേരത്തെ ഒരു ടിഎംസി നേതാവ് പറഞ്ഞിരുന്നു. എന്തുതന്നെയായാലും, രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ റോയ് ബിജെപിയുമായുള്ള സമവാക്യത്തില്‍ ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹത്തെ തന്‍റെ മുന്‍ പാര്‍ട്ടിയുമായി അടുക്കാന്‍ അനുവദിക്കുമെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നടന്ന നിരവധി സംഭവങ്ങളില്‍ നിന്ന് ഇത് വ്യക്തമാണെന്നും അഭിപ്രായപ്പെടുന്നു. റോയിയോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മനോഭാവത്തിലും മാറ്റം വന്നിട്ടുണ്ട്.

മമതാ ബാനര്‍ജി തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോയിയെ ‘ഭാലോ ചേലെ’ (ഗുഡ് ബോയ്) എന്ന് വിശേഷിപ്പിച്ചപ്പോള്‍ കാര്യങ്ങളുടെ പോക്ക് ഏറക്കുറെ വ്യക്തമായിരുന്നു. അഭിഷേക് ബാനര്‍ജി ആശുപത്രിയിലെത്തിയപ്പോള്‍ റോയിയുടെ മകന്‍ സുബ്രാങ്ഷു റോയിയെ കണ്ടിരുന്നു. ഇരുവരും അരമണിക്കൂറിലധികം ചര്‍ച്ച നടത്തി. അഭിഷേക്കിന്‍റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ സംസ്ഥാന ബിജെപി പ്രസിഡന്‍റ് റോയിയുടെ ഭാര്യയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഒരു ബിജെപി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കുവേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും റോയ് ചെയ്തിരുന്നു. പിന്നീട് ആദ്യത്തെ സംസ്ഥാന നിയമസഭാ സമിതി യോഗവും ബിജെപി സംസ്ഥാന സമിതി യോഗവും ഉള്‍പ്പെടെ നിരവധി ബിജെപി യോഗങ്ങള്‍ റോയ് ഒഴിവാക്കുന്നതാണ് കണ്ടത്. മമതയുമായുള്ള കൂടിക്കാഴ്ചയോടെ ഇതുസംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിക്കുമെന്നാണ് കരുതുന്നത്.

പാര്‍ട്ടിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതായി മുകുള്‍ റോയ് അടുത്ത സുഹൃത്തുക്കളോട് വളരെ മുമ്പുതന്നെ പറഞ്ഞതായാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയമാണ് അദ്ദേഹത്തിന്‍റെ നിരാശ വര്‍ദ്ധിപ്പിച്ചത്. ബിജെപിയുടെ രാഷ്ട്രീയ സംസ്കാരവും ധാര്‍മ്മികതയും ബംഗാളിന് അന്യമാണെന്നും പാര്‍ട്ടി ഭാവിയിലും ഒരു ‘പുറംനാട്ടുകാരനായി’ തുടരുമെന്നും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞതായും സൂചനയുണ്ട്. കൂടാതെ മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരിയെ പാര്‍ട്ടി സ്വീകരിക്കുകയും അദ്ദേഹത്തിന് അമിത പ്രാധാന്യം നല്‍കിയതും റോയിക്ക് നീരസമുണ്ടാക്കിയിരുന്നു. ഒരു പക്ഷേ ഇന്ന് പ്രതിപക്ഷ നേതാവ് എങ്കിലും ആകേണ്ട നേതാവായിരുന്നു റോയ്. കൂടാതെ ബിജെപി ജയിച്ചുവന്നാലും റോയിയുടെ പേര് പിന്നാമ്പുറത്തുതന്നെയായിരിക്കും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്പ് അധികാരിയെ അനുഗമിച്ച മുന്‍ തൃണമൂല്‍ നേതാക്കള്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇന്ന് ടിഎംസി നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ മുകുള്‍ റോയിക്ക് ശേഷം തൃണമൂല്‍ ലോക്ക്ഗേറ്റുകള്‍ അടച്ചുപൂട്ടുമെന്നും വാര്‍ത്തയുണ്ട്.

മുകുള്‍ റോയിയുടെ തിരിച്ചുപോക്ക് ബംഗാളില്‍ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ്. ഈ പ്രതിസന്ധി എങ്ങനെ പാര്‍ട്ടി കൈകാര്യം ചെയ്യുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

Maintained By : Studio3