September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

770 കിമീ റേഞ്ചുമായി മെഴ്‌സേഡസ് ഇക്യുഎസ് വരുന്നു

ഈ ശരത്കാലത്ത് യുഎസ് വിപണിയില്‍ വില്‍പ്പന ആരംഭിക്കും

ന്യൂഡെല്‍ഹി: പൂര്‍ണ വൈദ്യുത വാഹനമായ മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎസ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. എസ് ക്ലാസ് സെഡാന്റെ ഇലക്ട്രിക് വകഭേദമാണ് ഇക്യുഎസ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മെഴ്‌സേഡസ് സൃഷ്ടിച്ച ഉപബ്രാന്‍ഡാണ് ഇക്യു. ഈ ശരത്കാലത്ത് യുഎസ് വിപണിയില്‍ വില്‍പ്പന ആരംഭിക്കും. ഡബ്ല്യുഎല്‍ടിപി അനുസരിച്ച് ഏകദേശം 478 മൈല്‍ അഥവാ 770 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി മെഴ്‌സേഡസ് ബെന്‍സ് വികസിപ്പിച്ച ഇവിഎ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ വാഹനമാണ് ഇക്യുഎസ് സെഡാന്‍. വരാനിരിക്കുന്ന ഇക്യുഇ, ഇക്യുഇ എസ്‌യുവി, ഇക്യുഎസ് എസ്‌യുവി എന്നീ മോഡലുകളും പുതിയ ഇവിഎ (ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോം ഉപയോഗിക്കും. ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) ഉപയോഗിക്കുന്ന എസ് ക്ലാസ് നിര്‍മിക്കുന്ന ജര്‍മനിയിലെ സിന്‍ഡെല്‍ഫിംഗെന്‍ പ്ലാന്റിലായിരിക്കും വൈദ്യുത വാഹനമായ ഇക്യുഎസ് നിര്‍മിക്കുന്നത്.

ഇക്യുഎസ് സെഡാന്റെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 5,216 എംഎം, 1,926 എംഎം, 1,512 എംഎം, 3,210 എംഎം എന്നിങ്ങനെയാണ്. അളവുകള്‍ വലുതെങ്കിലും, ഡ്രാഗ് കോഎഫിഷ്യന്റ് 0.20 മാത്രമാണെന്ന് മെഴ്‌സേഡസ് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ എയ്‌റോഡൈനാമിക് ക്ഷമതയുടെ കാര്യത്തില്‍ ഫേസ്‌ലിഫ്റ്റ് ചെയ്ത ടെസ്‌ല മോഡല്‍ എസ് കാറിനേക്കാള്‍ കേമനാണ് മെഴ്‌സേഡസ് ഇക്യുഎസ്. മാത്രമല്ല, സീരീസ് പ്രൊഡക്ഷന്‍ നടത്തുന്ന ലോകത്തെ ഏറ്റവും മികച്ച എയ്‌റോഡൈനാമിക് കാറാണ് ഇക്യുഎസ്.

മെഴ്‌സേഡഡിന്റെ പതാകവാഹക ഇലക്ട്രിക് വാഹനമാണെന്ന് മാത്രമല്ല, എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍ ലഭിച്ച ആദ്യ മെഴ്‌സേഡസ് ബെന്‍സ് കാര്‍ കൂടിയാണ് ഈ ഫുള്‍ സൈസ് സെഡാന്‍. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യഭാഗത്തെ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചറുടെ ഭാഗത്തെ ടച്ച്‌സ്‌ക്രീന്‍ എന്നീ മൂന്ന് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍ ഉള്‍പ്പെടുന്ന വലിയ ഗ്ലാസ് ഡാഷ്‌ബോര്‍ഡാണ് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍.

രണ്ട് വകഭേദങ്ങളില്‍ 2022 മെഴ്‌സേഡസ് ഇക്യുഎസ് ലഭിക്കും. രണ്ട് വേരിയന്റുകളും ഉപയോഗിക്കുന്നത് 108.7 കിലോവാട്ട്ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ്. ഇക്യുഎസ് 450പ്ലസ് എന്ന ബേസ് വേര്‍ഷന്റെ പിറകിലെ ആക്‌സിലില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിക്കും. ഈ മോട്ടോര്‍ 329 കുതിരശക്തി കരുത്തും 550 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നിലെ ആക്‌സിലില്‍ കൂടി ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ചതോടെ ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റം ലഭിച്ച വേര്‍ഷനാണ് ഇക്യുഎസ് 580 4മാറ്റിക്. രണ്ട് മോട്ടോറുകളും ചേര്‍ന്ന് ആകെ 516 എച്ച്പി കരുത്തും 828 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. ഈ വലുപ്പവും ഭാരവും ഉണ്ടെങ്കിലും പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മതി.

Maintained By : Studio3