താലിബാന് നിരവധി ഭാവങ്ങള്‍; മിതവാദി മുതല്‍ ആശ്രിതന്‍ വരെ
1 min read1990കളിലെ പ്രസ്ഥാനത്തില്‍നിന്നും താലിബാന്‍ ഏറെ മാറി. പ്രത്യയശാസ്ത്രത്തില്‍ വ്യതിയാനമുണ്ടായിട്ടില്ലെങ്കില്‍ പലരും പല കാഴ്ചപ്പാട് സ്വീകരിക്കുന്ന ഗ്രൂപ്പുകളായി. എന്നാല്‍ ആരുടെയും ആന്ത്യന്തിക ലക്ഷ്യത്തില്‍ വിട്ടുവീഴ്ചയില്ല.
ന്യൂഡെല്‍ഹി: യുഎസ് ക്രമേണ സൈന്യത്തെ പിന്‍വലിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം വര്‍ധിപ്പിച്ചത്. 2001 ല്‍ രാജ്യത്ത് അധികാരം നഷ്ടപ്പെട്ട ഇസ്ലാമിക മതമൗലികവാദ സംഘം യുദ്ധത്താല്‍ തകര്‍ന്ന അഫ്ഗാനില്‍ ഇന്ന് മുന്നേറുകയാണ്. മുന്നേറ്റം അക്രമാസക്തമായ വഴികളിലൂടെ മാത്രമാണ് എന്നതാണ് ഏറെ ഖേദകരം.
കഴിഞ്ഞ മാസം അഫ്ഗാന്‍ കമാന്‍ഡോകളെ താലിബാന്‍ തീവ്രവാദികള്‍ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഔദ്യോഗിക പക്ഷത്തിന്‍റെ മനോവീര്യം കെടുത്താനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരു ജനാധിപത്യ പ്രക്രിയയ്ക്ക് കീഴില്‍ താലിബാനെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യുഎസ് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇത് സംഭവിക്കുകയാണ്. 2001 ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍നിന്ന് പുറത്തായ ശേഷം
താലിബാനില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചു. അതിന്‍റെ പ്രത്യയശാസ്ത്രം അതേപടി നിലനില്‍ക്കുമ്പോഴും അവര്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്‍റുകളുമായി ചര്‍ച്ച നടത്താനുള്ള കഴിവ് നേടിയെടുത്തിട്ടുണ്ട്.
രണ്ടുദശകങ്ങള്‍ക്കുള്ളില്‍ താലിബാന് എന്തെല്ലാം മാറ്റങ്ങള്‍ സംഭവിച്ചു എന്ന് ഇപ്പോള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. യുഎസ് സൈനികര്‍ അടുത്തമാസം 31നകം അഫ്ഗാന്‍ വിടുകയാണ്.അതോടെ ആരാജ്യം ആത്യന്തികമായയുദ്ധതതിലേക്ക് കടക്കും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ത്തന്നെ ദിനംപ്രതി ജില്ലകള്‍ താലിബാന്‍റെ നിയന്ത്രണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ ഒരു ഇസ്ലാമിക് എമിറേറ്റിന്‍റെ സൃഷ്ടിയാണ് താലിബാന്‍റെ പ്രധാന ലക്ഷ്യം, ഇത് അഫ്ഗാന്‍ ജനതയുടെ നിയമാനുസൃത അവകാശമാണെന്ന് ഗ്രൂപ്പ് വിശ്വസിക്കുന്നു. താലിബാന്‍ പ്രധാനമായും പഷ്തൂണ്‍ വംശജരില്‍ നിന്നുള്ളവരാണ്. 2001 ഡിസംബറില്‍ യുഎസിന്‍റെ ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു, അത് താലിബാനെ നേരിട്ട് ലക്ഷ്യം വച്ചുള്ളതായിരുന്നില്ല, ലക്ഷ്യം അല്‍-ക്വൊയ്ദ തീവ്രവാദികളായിരുന്നു.
ഒസാമ ബിന്‍ ലാദനും 9/11 ആക്രമണത്തിന് പിന്നിലുണ്ടെന്ന് കരുതുന്ന മറ്റ് അല്‍-ക്വയ്ദ തീവ്രവാദികള്‍ക്കും സങ്കേതം നല്‍കിയതായി താലിബാന്‍ സ്ഥാപകരിലൊരാളായ മുല്ല മുഹമ്മദ് ഒമറിനുമേല്‍ ആരോപണം ഉന്നയിക്കപ്പെട്ടു. മുല്ല ഒമര്‍ 2013 ല്‍ മരിക്കുന്നതുവരെ ഒളിവില്‍ പോയി, ഇത് 2015 ല്‍ മാത്രമാണ് ഒമറിന്‍റെ മരണം താലിബാന്‍ പ്രഖ്യാപിച്ചത്.
യുഎസ് സൈന്യം രാജ്യത്ത് ഇറങ്ങിയതോടെ താലിബാന്‍ പിന്‍വാങ്ങാന്‍ തുടങ്ങി. 2002 ജൂണില്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ കീഴില്‍ ഒരു പരിവര്‍ത്തന സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നു. തുടര്‍ന്ന് ഹെല്‍മണ്ട് പ്രവിശ്യയില്‍ താലിബാന്‍ കലാപം ആരംഭിച്ചു. 2007 ല്‍ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ അന്നത്തെ ഉന്നത ഓപ്പറേഷന്‍ കമാന്‍ഡറായിരുന്ന മുല്ല ദാദുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ക്ക് വലിയ തിരിച്ചടി നേരിട്ടു. 2012 ല്‍ ഈ സംഘം വീണ്ടും നിഴലുകളില്‍ നിന്ന് പുറത്തുവന്ന് ഖത്തറിലെ ദോഹയില്‍ ഒരു ഓഫീസ് തുറന്നു. അഫ്ഗാനിസ്ഥാനില്‍ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനായി യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ താലിബാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍, ഒരു അനുരഞ്ജനത്തിന്‍റെ പ്രതീക്ഷകള്‍ ഉയര്‍ന്നു.
ഇതിനെത്തുടര്‍ന്ന് നിരവധി പ്രധാന സംഭവവികാസങ്ങള്‍ അരങ്ങേറി. അന്ന് യുഎസ് പ്രസിഡന്‍റ് ആയിരുന്ന ബരാക് ഒബാമ 2014 ല്‍ യുദ്ധം അവസാനിപ്പിക്കാനും 2016 ഓടെ തന്‍റെ രാജ്യത്തെ സൈന്യത്തെ പിന്‍വലിക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചു. അതേ വര്‍ഷം തന്നെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനിയും എതിരാളിയായ അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള അധികാര പങ്കിടല്‍ കരാറിന് കീഴില്‍ ഒരു ഐക്യ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം ഏറ്റെടുത്തു, ഇപ്പോള്‍ അബ്ദുല്ല ഗവണ്‍മെന്‍റിന്‍റെ പ്രധാന സമാധാന, അനുരഞ്ജന നേതാവാണ്.
ഇതോടെ താലിബാനും അതിഗം രൂപം മാറുകയായിരുന്നു. അവര്‍ ശക്തിപ്പെടാന്‍ തുടങ്ങി. എന്നിരുന്നാലും, 2016 ല്‍ അന്നത്തെ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ യുഎസ് സേനയാല്‍ വധിക്കപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ക്ക് വ്യത്യാസം ഉണ്ടായി. അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി, കടുത്ത മതപണ്ഡിതന്‍ ഹിബാത്തുള്ള അഖുന്ദ്സാദയ്ക്ക് നേതൃത്വം കൈമാറി, ഇന്നും അദ്ദേഹം നേതൃസ്ഥാനത്ത് ഉണ്ട്. 2021 മെയ് മാസത്തില്‍, അഫ്ഗാന്‍ അന്തര്‍സംഘടനയുടെ സമാധാന ചര്‍ച്ചകള്‍ തകരാന്‍ തുടങ്ങിയപ്പോള്‍, കാന്തഹാര്‍ സ്വദേശിയായ അഖുന്ദ്സാദ, എല്ലാ അഫ്ഗാനികളോടും തങ്ങളുടെ മാതൃരാജ്യത്തിന്‍റെ “പുനര്‍വികസനത്തിനായി” ഐക്യപ്പെടാന്‍ ഒരു ആഹ്വാനം നല്‍കി. അഫ്ഗാനിസ്ഥാന് പുറത്ത്, താലിബാന്‍റെ ബാഹ്യ മുഖം മുല്ല അബ്ദുല്‍ ഘാനി ബരാദറാണ്, 2019 മുതല്‍ ദോഹയിലെ ഇസ്ലാമിക് എമിറേറ്റിന്‍റെ രാഷ്ട്രീയ കാര്യാലയത്തിന്‍റെ തലവനാണ് അദ്ദേഹം.താലിബാന്‍റെ സഹസ്ഥാപകരില്‍ ഒരാളാണ് ബരാദാര്‍. 2020 ഫെബ്രുവരിയില്‍ അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനായുള്ള യുഎസ് പ്രതിനിധി സല്‍മയ് ഖലീല്‍സാദുമായി സമാധാന കരാര്‍ ഒപ്പിട്ടത് ‘സഹോദരന്‍’ എന്നറിയപ്പെടുന്ന ബരാദറാണ്.
ഇന്നത്തെ താലിബാന്‍ 1990 കളിലെ താലിബാനേക്കാള്‍ വളരെ വിഘടിച്ചതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതേസമയം എല്ലാവിഭാഗവും അക്രമത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു.താലിബാനിലെ വിഭജനം മിതവാദ താലിബാന്‍, തീവ്രവാദ താലിബാന്‍, സ്വതന്ത്ര താലിബാന്‍, ആശ്രിത താലിബാന്‍ … എന്നിങ്ങനെ പലതായി വിഭജിപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. എങ്കിലും അവരെല്ലാം ഔരേ ധാര്‍മികതയുടെ ഭാഗമാണ്. അവര്‍ ഒരുമിച്ച് താമസിക്കുകയും ഒരുമിച്ച് പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. താലിബാനില്‍ ശക്തമായ ഒരു ഗ്രൂപ്പ് ഹഖാനി നെറ്റ്വര്‍ക്കാണെന്ന് പറയപ്പെടുന്നു. താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തുകഴിഞ്ഞാല്‍ പാക്കിസ്ഥാന് ആരാജ്യത്ത് വ്യക്തമായ ആധിപത്യം ഉണ്ടാകും. ദോഹ ചര്‍ച്ചകള്‍ താലിബാന് മറ്റ് രാജ്യങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കുള്ള അധികാരം നേടാന്‍ സഹായിച്ചിട്ടുണ്ട്.
താലിബാന്‍ ഇന്ന് ഒരു ഏക പ്രസ്ഥാനമല്ല. വിവിധ ശാഖകളുള്ള പ്രസ്ഥാനമായി അത് മാറി. ഇതിന് ഇന്ന് വിവിധ ശാഖകള്‍, ഗ്രൂപ്പുകള്‍, അഫിലിയേഷനുകള്‍ എന്നിവ ഉണ്ട്. അവര്‍ ഒരുമിച്ച് താമസിക്കുകയും ഒരുമിച്ച് പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അവരെല്ലാവരും അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്.പാക്കിസ്ഥാനുമായി ബരാദറിന് ശക്തമായ ബന്ധമുണ്ട്. പ്രത്യേകിച്ച് ഹഖാനി നെറ്റ്വര്‍ക്ക്, എല്‍ഇടി (ലഷ്കര്‍-ഇ-തായ്ബ) എന്നിവയുമായും. അതിനാല്‍ താലബാന്‍ ഭരണത്തില്‍ എത്തിയാല്‍ ഇവര്‍ തമ്മില്‍ അധികാരത്തിന്‍റെ പേരില്‍ കലഹിക്കാനും സാധ്യതയേറെയാണ്.
അതിനിടെ അഫ്ഗാനില്‍ താലിബന്‍ സര്‍ക്കാര്‍ സേനക്കെതിരായ ആക്രമണം കൂടുതല്‍ രൂക്ഷമാക്കി. കാണ്ഡഹാര്‍ മേഖലയില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. തെക്കേ കാണ്ഡഹാര്‍ പ്രവിശ്യാ തലസ്ഥാനമായ തലുകന് നഗരം, വടക്കന്‍ തഖര് പ്രവിശ്യ, കുണ്ടുസ് നഗരം, വടക്കന്‍ കുണ്ടുസ് പ്രവിശ്യ , ഖാല-ഇ-നവ് എന്നിവിടങ്ങളിലെല്ലാം യുദ്ധം കൊടുമ്പിരിക്കൗണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡസന്‍ കണക്കിന് സിവിലിയന്‍ ആളുകള്‍ കൊല്ലപ്പെട്ടു. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ ഒന്‍പത് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ പരിക്കേറ്റ 18 സിവിലിയന്മാരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മൃതദേഹങ്ങളും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
അതേസമയം താലൂഖാന്‍ നഗരത്തിന് നേരെയുള്ള താലിബാന്‍ ആക്രമണം പരാജയപ്പെട്ടതായും 12 മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് തീവ്രവാദികള്‍ പിന്മാറിയതായും സൈനിക ഉദ്യോഗസ്ഥന്‍ സയ്യിദ് നയീം പറയുന്നു. കിഴക്കന്‍ ഗസ്നി പ്രവിശ്യയിലെ മാലുസ്താന്‍, മധ്യ ബാമിയന്‍ പ്രവിശ്യയിലെ കോഹ്മാര്‍ഡ്, സിഗാന്‍ ജില്ലകള്‍ ഉള്‍പ്പെടെ മൂന്ന് ജില്ലകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തത്. ബഡാക്ഷന്‍ പ്രവിശ്യയിലെ കുറാന്‍-വാ-മുന്‍ജന്‍ ജില്ല സുരക്ഷാ സേന തിരിച്ചു പിടിച്ചിട്ടുണ്ട്.
അതേസമയം ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മുന്നേറ്റം തീവ്രവാദികള്‍ക്ക് ആവേശം പകരുന്നതാണ്. പാക്കിസ്ഥാനും ചൈനയും താലിബാനെ സഹായിക്കുന്നുമുണ്ട്.