ദീദിയുടെ ആയുധം പ്രീണന രാഷ്ട്രീയം മാത്രം: അധികാരി
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ പത്തുവര്‍ഷക്കാലം ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് പ്രീണന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവും നന്ദിഗ്രാമിലെ സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബംഗാളിന്‍റെ എല്ലാ കോണുകളിലും ദീദി പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയം മാത്രമാണ് പിന്തുടര്‍ന്നത്.
‘ഇന്ത്യയില്‍ അടുത്തിടെ നാല് തലസ്ഥാനങ്ങള്‍ മമത ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ആലം ഇന്ത്യയില്‍ നാല് പാക്കിസ്ഥാനുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞു. ഇതെല്ലാം എന്താണ്? സര്‍ജിക്കല്‍ സ്ട്രൈക്കുകളുടെ തെളിവ് പോലും മമത തേടി.’ അധികാരി പറഞ്ഞു.
‘ അതേസമയം ബിജെപി മുന്നോട്ടുവെയ്ക്കുന്നത് വികസന രാഷ്ട്രീയമാണ്. പ്രകടന പത്രികയില്‍ അത് വിശദമാക്കുന്നുണ്ട്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മമത വാഗ്ദാനം ചെയ്തത് പരിവര്‍ത്തന്‍( മാറ്റം)ആയിരുന്നു. എന്നാല്‍ ഇക്കാര്യം അവര്‍ അധികാരമേറ്റ ശേഷം പാടെ മറന്നു. അവര്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റിയില്ല. ഇപ്പോള്‍ മാറ്റം കൊണ്ടുവരുന്നതിന് ജനങ്ങള്‍ ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. മമത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. ബിജെപി അധികാരത്തില്‍ വരികയും ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യും’ അദ്ദേഹം വ്യക്തമാക്കി.
ഒരു സമുദായത്തോട് മാത്രമാണ് മമതയ്ക്ക് താല്‍പ്പര്യമുള്ളതെന്ന് അധികാരി ആവര്‍ത്തിച്ചു. സ്വന്തം മണ്ഡലത്തില്‍ പോലും മമത ജനപ്രീതി നേടിയിട്ടില്ല. ഇതുകൊണ്ടാണ് ഭവാനിപ്പൂര്‍ നിയോജകമണ്ഡലം ഒഴിവാക്കി അവര്‍ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ എത്തിയത്.കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മമതയും അവരുടെ കുടുംബവും വോട്ടുചെയ്യുന്ന ബൂത്തില്‍പോലും ബിജെപി 500 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് അധികാരി “അത് ശരിയായ സമയത്ത് ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിക്കും, എന്നമറുപടിയാണ് നല്‍കിയത്. നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് അധികാരിയുടെ രാഷ്ട്രീയ ഭാവിയെ നിര്‍ണ്ണയിക്കുന്നതാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. നന്ദിഗ്രാം ഉള്‍പ്പെടെ ഒന്‍പത് സീറ്റുകളുള്ള കിഴക്കന്‍ മേദിനിപൂരില്‍ അധികാരിയുടെ കുടുംബത്തിന് വലിയ സ്വാധീനമുണ്ട്. കിഴക്കും പടിഞ്ഞാറും മേദിനിപൂര്‍ ജില്ലകളില്‍ 18 ഓളം സീറ്റുകളിലാണ് പൊരിഞ്ഞപോരാട്ടം നടക്കുന്നത്. 2016ല്‍ ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎംസി 13 സീറ്റുകളില്‍ വിജയിച്ചിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ മുന്നിലെത്തിയത് ബിജെപിയായിരുന്നു. ഇത് മമതക്ക് വെല്ലുവിളിയാണ്. ഏപ്രില്‍ ഒന്നിന് ഇവിടെ വോട്ടെടുപ്പ് നടന്നു. ഇനി കണക്കുകൂട്ടലുകളാണ് ബാക്കി.
സുവേന്ദു അധികാരിക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമുള്ളതിനാല്‍ ഈ രണ്ട് ജില്ലകളിലും മികച്ച ഫലങ്ങള്‍ ഉറപ്പാക്കാന്‍ ബിജെപി അദ്ദേഹത്തെ സഹായിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജോയ് പ്രകാശ് മജുംദാര്‍ പറയുന്നു. പ്രധാനമന്ത്രിയും അമിത്ഷായും ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു