ആസാം,പശ്ചിമ ബംഗാള്‍ രണ്ടാം ഘട്ടവോട്ടെടുപ്പ് വ്യാഴാഴ്ച
ന്യൂഡെല്‍ഹി: പശ്ചിമ ബംഗാളിലെയും ആസാമിലെയും 69 നിയമസഭാ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ഘട്ട പോളിംഗ് വ്യാഴാഴ്ച നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ഭരണകൂടങ്ങളും സമാധാനപരമായ വോട്ടെടുപ്പ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ 30 നിയമസഭാ മണ്ഡലങ്ങളിലും അസമിലെ 39 നിയമസഭാ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ടത്തില്‍ പോളിംഗ് നടക്കുന്ന എല്ലാ ബൂത്തുകളും അതീവ സുരക്ഷാ റഡാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിക്ക നിയോജകമണ്ഡലങ്ങളിലും പ്രകോപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. മറ്റ് സംസ്ഥാനങ്ങളോട് ചേര്‍ന്നുള്ള ബംഗാളിന്‍റെ അതിര്‍ത്തികളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലയുടെയും നഗരങ്ങളുടെയും അതിര്‍ത്തികളില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍, പശ്ചിമ മേദിനിപൂര്‍, സൗത്ത് 24 പര്‍ഗാന, ബാന്‍കുര ജില്ലകളില്‍ 700 ഓളം കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. പശ്ചിമബംഗാളില്‍ ഏറ്റവും ശ്രദ്ധനേടിയ നന്ദിഗ്രാമിലും ഇന്നുതന്നെയാണ് വോട്ടെടുപ്പ്. ഇവിടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ബിജെപിയിലേക്കെത്തിയ ടിഎംസിയിലെ കരുത്തന്‍ സുവേന്ദു അധികാരിയും തമ്മിലാണ് ഏറ്റുമുട്ടല്‍. പശ്ചിമ ബംഗാളിലെ 30 സീറ്റുകളില്‍ രണ്ടാം ഘട്ടത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ ആകെ 171 സ്ഥാനാര്‍ത്ഥികളാണ്. 75,94,549 വോട്ടര്‍മാര്‍ വോട്ടവകാശം ഉപയോഗിക്കും.
ആസാമില്‍ രണ്ടാം ഘട്ട സംസ്ഥാന തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളിലായി 345 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കും. 73 ലക്ഷത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. ആസാമിലെ രണ്ടാം ഘട്ടത്തിലെ മിക്ക സീറ്റുകളിലും എന്‍ഡിഎയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്.ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം മന്ത്രിമാരായ പരിമള്‍ ശുക്ലബൈദ്യ, ഭാബേഷ് കലിത, പിജുഷ് ഹസാരിക, സിറ്റിംഗ് എംഎല്‍എ നുമല്‍ മോമിന്‍ എന്നിവര്‍ വീണ്ടും ജനവിധി തേടുന്നു.