ഓഹരിവിറ്റഴിക്കലിനെതിരെ ശബ്ദമുയര്‍ത്തിയ മമത ഡിപിഎല്‍ ഭൂമി വില്‍ക്കാനൊരുങ്ങുന്നു
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്‍റെ ഓഹരി വിറ്റഴിക്കല്‍ നയത്തിനെതിരെ അതിരൂക്ഷമായി ശബ്ദമുയര്‍ത്തിയ നേതാവാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, സ്റ്റീല്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖലാ യൂണിറ്റുകള്‍ മോദി സര്‍ക്കാര്‍ വിറ്റഴിക്കുകയാണെന്ന അഭിപ്രായവുമായി അവര്‍ നിരന്തരം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ വിരോധാഭാസമെന്ന് പറയട്ടെ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തിന്‍റെ ഈ വഴി പിന്തുടരാന്‍ തീരുമാനിച്ചു.ദുര്‍ഗാപൂര്‍ പ്രോജക്റ്റ്സ് ലിമിറ്റഡിന്‍റെ (ഡിപിഎല്‍) ഉപയോഗിക്കാത്ത ഭൂമിയുടെ ഒരു ഭാഗം വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യാനാണ് മമത സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ കടങ്ങള്‍ തീര്‍ക്കുന്നതിനായുള്ള നയപടിയാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നബന്നയില്‍ സംസ്ഥാന വൈദ്യുതി മന്ത്രി അരൂപ് ബിശ്വാസ്, സംസ്ഥാന നിയമമന്ത്രി മലായ് ഘട്ടക്, ചീഫ് സെക്രട്ടറി എച്ച്.കെ.ദ്വിവേദി എന്നിവര്‍ പങ്കെടുത്ത നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ദുര്‍ഗാപൂരിലെ മൂന്ന് ഭാഗങ്ങളിലായുള്ള ഭൂമിയുടെ ഏത് ഭാഗം വില്‍ക്കുമെന്നോ എവിടം പാട്ടത്തിനു നല്‍കുമെന്നോ വ്യക്തമല്ല. എന്നാല്‍ വൈദ്യുതി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ ദുര്‍ഗാപൂരിലേക്ക് പോയി മൂന്ന് ഭാഗങ്ങളും സന്ദര്‍ശിച്ചിരുന്നു. ഇത് ആദ്യ ഘട്ടത്തില്‍ ധനസമ്പാദനത്തിന് സജ്ജമാക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 650 ഏക്കറിലാണ് ഡിപിഎല്ലിന്‍റെ പവര്‍ പ്ലാന്‍റും കോക്ക് ഓവന്‍ പ്ലാന്‍റും ഉള്ളത്. 900 ഏക്കറിലായി അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളും ടൗണ്‍ഷിപ്പും വിവിധ ഓഫീസുകളും ഇവിടെയുണ്ട്. 3,559 ഏക്കറില്‍ 50 ശതമാനവും ഇവിടെ ഉപയോഗിക്കാതെ കിടക്കുന്നു.
2019 ല്‍ വൈദ്യുതി വകുപ്പ് ഏറ്റെടുത്ത ഡിപിഎലിനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചു. പ്രസരണം പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്‍സ്മിഷന്‍ കമ്പനി ഏറ്റെടുത്തു, വിതരണം പശ്ചിമ ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിക്ക് കൈമാറി, പശ്ചിമ ബംഗാള്‍ വൈദ്യുതി വികസന കോര്‍പ്പറേഷന് വൈദ്യുതി ഉല്‍പാദനത്തിന്‍റെ ചുമതല നല്‍കി. “എന്നാല്‍ ഇവയെക്കുറിച്ച് ഇതുവരെ അറിയിച്ചിട്ടില്ല, ജീവനക്കാരെ പിരിച്ചുവിടുന്നത് പോലുള്ള പുനഃസംഘടന നടപടികളൊന്നും ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു ദശാബ്ദമായി ഓരോ സാമ്പത്തിക വര്‍ഷത്തിലും 200 കോടി രൂപയുടെ നഷ്ടമാണ് ഡിപിഎല്‍ നേരിടുന്നത്. ഭാരം നീക്കാന്‍ ധീരമായ ഒരു നടപടി ആവശ്യമാണ്. ഡിപിഎല്ലില്‍ കുറഞ്ഞത് 2,000 കോടി രൂപയെങ്കിലും നഷ്ടം നികത്താന്‍ ആവശ്യമാണ്’, അധികൃതര്‍ സൂചിപ്പിക്കുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഈ വിഷയത്തില്‍ ശബ്ദമുയര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച അതേ കാര്യമാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്ന് നിയമസഭാ പരിസരത്ത് മാധ്യമ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ‘അവര്‍ ഡിപിഎല്ലിന്‍റെ ഭൂമി ഒരു സ്വകാര്യ പ്രൊമോട്ടര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുകയാണ്. ഹാല്‍ഡിയ പെട്രോകെമിക്കല്‍സ് ലിമിറ്റഡിലെ സംസ്ഥാന സര്‍ക്കാരിന്‍റെ ഓഹരി അവര്‍ വിറ്റഴിക്കുന്നു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മെട്രോ ഡയറി ഒരു സ്വകാര്യ സ്ഥാപനത്തിന് വിറ്റു. ഇതേ സംസ്ഥാന സര്‍ക്കാരാണ് ഓഹരി വിറ്റഴിക്കലിന്‍റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ഇത് സംസ്ഥാനത്തിന്‍റെ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നത്’ അധികാരി പറഞ്ഞു.
ഇടതുസര്‍ക്കാരും ഡിപിഎല്ലിന്‍റെ ഉപയോഗിക്കാത്ത പ്ലോട്ടുകള്‍ ഉപയോഗപ്പെടുത്താനായി പദ്ധതിയിട്ടിരുന്നു.ഒരു സംയുക്ത സംരഭത്തില്‍ സ്ഥലത്ത് ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതുവഴി ഉള്ള നീക്കത്തിന് സര്‍ക്കാര്‍ അന്ന് ശ്രമിച്ചിരുന്നു. എന്നാല്‍ സിഐടിയുവില്‍ നിന്നുള്ള കടുത്ത പ്രതിഷേധം കാരണം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. പ്ലോട്ടുകള്‍ വില്‍ക്കാന്‍ സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെങ്കിലോ ദീര്‍ഘകാല പാട്ടത്തിന് നല്‍കിയാലോ ഇപ്പോഴും എതിര്‍ക്കുമെന്ന് സിഐടിയു പറഞ്ഞു. നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുമെന്ന് സിഐടിയു മുതിര്‍ന്ന ജില്ലാ കമ്മിറ്റി അംഗം പറഞ്ഞു.