September 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് കാലത്ത് കരളിന് എങ്ങനൊയാക്കെ സംരക്ഷണം നല്‍കാം

1 min read

ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ കരള്‍ രോഗത്തിന് അടിമപ്പെടുന്നത്

ഇന്ത്യയില്‍ വലിയ തോതില്‍ ആശങ്കയുണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് കരള്‍ രോഗങ്ങള്‍. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം പേര്‍ രാജ്യത്ത് കരള്‍ രോഗ ബാധിതരാകുന്നുണ്ടെന്നാണ് കണക്കുകള്‍. മിക്കപ്പോഴും രോഗ നിര്‍ണയം നടത്തുമ്പോള്‍ രോഗം അന്തിമ ഘട്ടത്തിലെത്തില്‍ എത്തിയിട്ടുണ്ടാകുകയോ ലിവര്‍ സിറോസിസ് സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകും. ഈ ഘട്ടത്തില്‍ വിദഗ്ധ ചികിത്സയിലൂടെ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ അസ്തമിച്ചിരിക്കും. ഇന്ത്യയില്‍ മരണകാരണമാകുന്ന പത്താമത്തെ രോഗമായാണ് ലോകാരോഗ്യ സംഘടന കരള്‍ രോഗത്തെ കാണുന്നത്. മാത്രമല്ല രാജ്യത്തെ അര്‍ബുദ മരണങ്ങളുടെ നാലാമത്തെ കാരണവും കരളിലുണ്ടാകുന്ന അര്‍ബുദമാണ്.

കരള്‍ രോഗങ്ങള്‍ ഉള്ളവരെ സംബന്ധിച്ചെടുത്തോളം പകര്‍ച്ചവ്യാധി പോലുള്ള സാഹചര്യങ്ങള്‍ വളരെ അപകടകരമാണ്. കോവിഡ്-19 വൈറസ് മൂലമുള്ള പ്രശ്‌നങ്ങള്‍ കരള്‍ രോഗമുള്ളവരുടെ ആരോഗ്യം കൂടുതല്‍ സങ്കീര്‍ണമാക്കും. മുമ്പ് സാര്‍സ് പകര്‍ച്ചവ്യാധി ഉണ്ടായപ്പോള്‍ രോഗം ബാധിച്ച പകുതിലധികം ആളുകളിലും കരളിന് തകരാറുകള്‍ സംഭവിച്ചതായുള്ള അനുഭവവും നമുക്ക് മുന്നിലുണ്ട്. കോവിഡ്-19 പകര്‍ച്ചവ്യാധിയിലും വലിയൊരു വിഭാഗം രോഗികളില്‍ കരളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഗുരുതരമായ കോവിഡ്-19 കേസുകളില്‍.

ഇവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമാണെങ്കിലും വൈറസ് കരളിനുണ്ടാക്കുന്ന ആഘാതമോ കരളിനെ ബാധിക്കുന്ന തരത്തില്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പ്രതിരോധ നീക്കമോ ചികിത്സാര്‍ത്ഥമുള്ള മരുന്നുകളോ ആയിരിക്കും ഇത്തരമൊരു ആരോഗ്യപ്രശ്‌നത്തിന് കാരണം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കൂടുതലാളുകളിലും ഉദരസംബന്ധമായ (ജിഐ)പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് നുഴഞ്ഞുകയറാനും ആക്രമിക്കാനുമുള്ള വൈറസിന്റെ ശേഷിയാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ കരള്‍ രോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കരളിന് പ്രശ്‌നങ്ങളുണ്ടാക്കുന്ന ജീവിതശൈലികള്‍ ഉള്ളവരും എന്നാല്‍ ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരുമായ ആളുകളിലും കോവിഡ്-19 കരളുമായി ബന്ധപ്പെട്ട രോഗ ലക്ഷണങ്ങള്‍ പ്രകടമാകും.

മുമ്പ് കരള്‍ രോഗങ്ങള്‍ ഉള്ളവരാണ് പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത്. അവരില്‍ കോവിഡ്-19 ഉണ്ടാക്കുന്ന യഥാര്‍ത്ഥ ആഘാതം സംബന്ധിച്ച് പഠനങ്ങള്‍ നടക്കുന്നതേയുള്ളു. എന്നാല്‍ കരളിന്റെ ആരോഗ്യത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഗുരുതരമായ സാഹചര്യമുണ്ടാകുന്നത് നമുക്ക് തടയാം.

 

അമിത മദ്യപാനം തീര്‍ത്തും ഉപേക്ഷിക്കുക

ഒഴിവുസമയം കൂടിയതോടെ അമിത മദ്യപാനം പോലുള്ള അനാരോഗ്യ ശീലങ്ങളിലേക്ക് വഴുതി വീഴുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. കരള്‍ രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അമിത മദ്യപാനം. കൂടുതല്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തുന്നതോടെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ശരീരത്തിന് മേല്‍ സമ്മര്‍ദ്ദമേറും. കരള്‍ ആണ് ഇതിന്റെ ആഘാതം അനുഭവിക്കേണ്ടി വരിക. പുകവലിക്കുന്നതും കരളിന വലിയ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. മദ്യപിക്കുന്നവരില്‍ പുകവലിക്കാനുള്ള പ്രവണതയും അധികമായിരിക്കും. ഇത് കരളിന് ഇരട്ടി സമ്മര്‍ദ്ദമേകും. അതിനാല്‍ ഇത്തരം ദുശ്ശീലങ്ങളില്‍ നിന്ന് വിട്ടുനില്ക്കുക.

 

ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തുക

വിഷാംശങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് കരളിന്റെ പ്രധാന ധര്‍മ്മം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തോടെയിരിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും കരളിനെ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ബെറികള്‍, ഗ്രീന്‍ ടീ, ഒലിവ് ഓയില്‍, മത്സ്യം, അവക്കാഡോ, ഏത്തപ്പഴം, നട്ട്‌സ്, ചീര പോലുള്ള ഇലക്കറികള്‍, ഫൈറബര്‍ അടങ്ങിയ ധാന്യങ്ങള്‍, വെളുത്തുള്ളി എന്നിവ കരളിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. സംസ്‌കരിച്ചതും ഉയര്‍ന്ന അളവില്‍ സോഡിയവും കൃത്രിമ മധുരവും അടങ്ങിയതുമായ വറുത്തതും പൊരിച്ചതുമായ റെഡി ടു ഈറ്റ് ഭക്ഷണസാധനങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് നന്നല്ല.

 

വ്യായാമം നിര്‍ബന്ധം

ഒഴിവുസമയം ഏറെയുള്ള സാഹചര്യത്തില്‍ വ്യായാമത്തിന് നിര്‍ബന്ധമായും സമയം മാറ്റിവെക്കുക. വ്യായാമത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലും വ്യായാമത്തിന് വലിയ പങ്കുണ്ടെന്ന് വൈദ്യശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരന്തരമായ വ്യായാമം ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കും.

മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗങ്ങളുടെ പ്രധാന കാരണം പൊണ്ണത്തടിയാണ്. പൊണ്ണത്തടിയുള്ളവര്‍ ഈ സമയം വണ്ണം കുറയ്ക്കുന്നതിനായി വിനിയോഗിക്കുക. വണ്ണം കൂട്ടുന്ന, ആരോദ്യദായകമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ത്തുക. സ്‌ട്രെസിന് അടിമപ്പെടാതിരിക്കുക. ആരോഗ്യപൂര്‍ണമായ ഭക്ഷണക്രമവും ജീവിതചര്യയും തുടരുക. പാരമ്പര്യഘടങ്ങളും കരള്‍ രോഗങ്ങള്‍ക്ക് കാരണമാകും. അത്തരം സാധ്യതകള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തുക.

വണ്ണമില്ലെങ്കിലും വളരെ മെലിഞ്ഞിട്ടുള്ളവരില്‍ പോലും കരളിന് ചുറ്റുമായി കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് ഫാറ്റി ലിവര്‍ ഡിസീസിന് കാരണമാകും.

 

നല്ല ശീലങ്ങള്‍ ഉണ്ടാക്കു, പ്രതിബദ്ധതയുള്ളവരായിരിക്കുക

അണുവിമുക്തമാക്കാത്ത സൂചികളും സുരക്ഷിതമല്ലാത്ത ലൈംഗികതയും ഹൈപ്പറ്റൈറ്റിസ് ബി,സി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. കരളിനെ ആക്രമിക്കുന്ന വൈറസുകളുടെ കൂട്ടത്തിലാണ് ഈ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളും. ശുചിത്വരഹിതമായ ടാറ്റൂ പാര്‍ലറുകള്‍, മയക്ക് മരുന്ന് കുത്തിവെക്കല്‍ തുടങ്ങി രോഗമുള്ള വ്യക്തികളില്‍ ഉപയോഗിച്ച സൂചികള്‍ രോഗമില്ലാത്ത ആരോഗ്യമുള്ളവരില്‍ കോവിഡ്-19 വരാനും അത് കരള്‍ രോഗത്തിലേക്ക് പരിണമിക്കാനും കാരണമാകും. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇത്തരം ആപത്തുകള്‍ ഒഴിവാക്കാനുള്ള ഒരു പോംവഴി. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും രോഗം വരാതിരിക്കാനുള്ള മികച്ച പ്രതിരോധ മാര്‍ഗങ്ങളാണ്. ഇത്തരം ലളിതമായ ശീലങ്ങള്‍ പാലിക്കുന്നതിലും നടപ്പാക്കുന്നതിലും വരുത്തിയ വീഴ്ചയാണ് പകര്‍ച്ചവ്യാധി കൂടുതല്‍ രൂക്ഷമാക്കുന്നതിലേക്ക് വഴിവെച്ചത്. സമൂഹത്തോടും തന്നോടുതന്നെയും പ്രതിബദ്ധതയുള്ളവരായിരിക്കുക. ഏതെങ്കിലും രീതിയിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ രോഗ നിര്‍ണയത്തിനുള്ള പരിശോധനകള്‍ നടത്തുകയും സ്വയം മറ്റുള്ളവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.

Maintained By : Studio3