ലഡാക്ക്: ഇന്ത്യ-ചൈന സൈനിക ചര്‍ച്ച
1 min readന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കില്‍നിന്നും സൈനിക പിന്മാറ്റത്തിനുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും ചുഷുലില്‍ കോര്‍പ്സ് കമാന്‍ഡര്‍തല ചര്‍ച്ച നടത്തും. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളും 11മത് റൗണ്ട് ചര്‍ച്ച നടത്തുന്നത്. പ്രധാന സംഘര്‍ഷ മേഖലകളിലെ സൈനികരെ കുറയ്ക്കല്‍ തന്നെയാണ് ചര്‍ച്ചയിലെ പ്രധാന വിഷയം.
പാംഗോംഗ് മേഖലയിലെ പിന്മാറ്റത്തിനുശേഷം ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ്, ഡെപ്സാംഗ് തുടങ്ങിയ മറ്റ് തര്‍ക്ക പ്രദേശങ്ങളിലും സൈനികരെ കുറയ്ക്കാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്. ‘വേനല്‍ക്കാലം ആരംഭിക്കുന്നതിനുമുമ്പ്, സൈനികരെ കുറയ്ക്കുന്നത് ചര്‍ച്ചചെയ്യേണ്ടത് പ്രധാനമാണ്. കാര്യങ്ങള്‍ സുഗമമാക്കുന്നതിന് ഇരുപക്ഷവും യഥാര്‍ത്ഥ സ്ഥാനങ്ങളിലേക്ക് പിന്‍വാങ്ങേണ്ടതുണ്ട്,’ ഒരു മുതിര്‍ന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) പിരിമുറുക്കം കുറയ്ക്കുന്നതു സംബന്ധിച്ച് ഇതിനുമുമ്പ് നടന്ന ചര്‍ച്ച ഫെബ്രുവരി 20ന് ആയിരുന്നു. അന്ന് ഇന്ത്യന്‍ സൈനിക പ്രതിനിധികളെ നയിച്ചത് ലേ ആസ്ഥാനമായുള്ള 14 കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്‍റ് ജനറല്‍ പി.ജി.കെ മേനോന്‍ ആയിരുന്നു. ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര, 900 ചതുരശ്ര കിലോമീറ്റര്‍ ഡെപ്സാങ് സമതലങ്ങള്‍ എന്നിവിടങ്ങളിലെ സൈനികരെ കുറയ്ക്കുന്നതായിരുന്നു അന്ന് ചര്‍ച്ചാവിഷയം.
‘പ്രാരംഭ ശ്രമം ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിലെ പ്രശ്നം പരിഹരിക്കുക എന്നതാണ്. ഡെപ്സാങ്ങിന് പരിഹാരം കണ്ടെത്തുന്നത് ശ്രമകരവും കൂടുതല്‍ സമയമെടുക്കുന്നതുമാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാങ്കോംഗ് തടാകത്തിന്‍റെ രണ്ട് തീരങ്ങളിലും ഇതുവരെ സൈനിക പിന്മാറ്റ പ്രക്രിയകള്‍ നടന്നു.
ഫെബ്രുവരി 10 നാണ് ന്യൂഡെല്‍ഹിയും ബെയ്ജിംഗും പാങ്കോംഗ് തടാകത്തില്‍ നിന്ന് പിരിഞ്ഞുപോകാന്‍ സമ്മതിച്ചതായി ചൈന പ്രഖ്യാപിച്ചത്. പിന്മാറ്റത്തിനുമുമ്പ് ഇന്ത്യന്‍ ആര്‍മി ടീമും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ടീമും അവിടെ പരിശോധിച്ചുറപ്പിച്ചിരുന്നു. കരാര്‍ പ്രകാരം ചൈനീസ് സൈന്യം ഫിംഗര്‍ 8 ലും ഇന്ത്യന്‍ സൈനികര്‍ പാംഗോംഗ് തടാകത്തിന്‍റെ വടക്കന്‍ കരയിലെ ഫിംഗര്‍ 2 നും 3 നും ഇടയിലുള്ള ധന്‍ സിംഗ് താപ്പ പോസ്റ്റിലേക്ക് തിരിച്ചുപോയി. പരമ്പരാഗത പ്രദേശങ്ങളിലേക്ക് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും ചെയ്തു.