കുവൈറ്റില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഷോപ്പിംഗ് മാളുകളില്‍ പ്രവേശനമില്ല
1 min read
മാളുകള്‍ക്ക് പുറമേ സലൂണുകളിലും ജിമ്മുകളിലും റെസ്റ്റോറന്റുകളിലും പ്രവേശനം വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാക്കി ചുരുക്കി
കുവൈറ്റ് സിറ്റി: വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം രാജ്യത്തെ ഷോപ്പിംഗ് മാളുകളിലും സലൂണുകളിലും ജിമ്മുകളിലും റെസ്റ്റോറന്റുകളിലും പ്രവേശനം അനുവദിക്കാനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കി. ഞായറാഴ്ച മുതലാണ് കുവൈറ്റ് വാക്‌സിനെടുക്കാത്തവര്‍ക്ക് മാളുകളില്‍ ഉള്‍പ്പടെ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഗര്‍ഭിണികള്‍, പതിനാറ് വയസില്‍ താഴെയുള്ളവര്‍, ആരോഗ്യപരമായ കാരണങ്ങള്‍ ഉള്ളവര്‍ എന്നിവരൊഴികെ വാക്‌സിന്‍ എടുക്കാത്തവരെ അകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതിനായി കര്‍ശന പരിശോധനയാണ് കുവൈറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മാളുകളില്‍ നാനൂറോളം ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും മാളികളില്‍ ആള്‍ത്തിരക്കേറി വരികയാണ്. എല്ലാ മാളുകളിലും പ്രവേശന കവാടങ്ങളില്‍ സന്ദര്‍ശകരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇമ്മ്യൂണ്‍, കുവൈറ്റ് മൊബീല്‍ ഐഡി എന്നീ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ് പരിശോധന.
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 5,000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് കുവൈറ്റ് ന്യൂസ് എജന്‍സി വ്യക്തമാക്കി.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ മിക്ക പൊതുസ്ഥലങ്ങളിലും പ്രവേശനം അനുവദിക്കുകയുള്ളുവെന്ന് ജൂണ് പതിനേഴിനാണ് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചത്. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യം. ഞായറാഴ്ച 1,558 പുതിയ കോവിഡ്-19 കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 351,481 പേര്‍ക്ക് രോഗം ബാധിച്ചു. 1,933 പേര്‍ രോഗം ബാധിച്ച് മരിച്ചു.