Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

69 രാജ്യങ്ങളിലെ ബയര്‍മാരെത്തുന്ന ‘കെടിഎം 2022’ മെയ് അഞ്ചിന് കൊച്ചിയില്‍

1 min read

തിരുവനന്തപുരം: കൊവിഡാനന്തര കാലഘട്ടത്തിലെ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ ‘കേരള ട്രാവല്‍ മാര്‍ട്ട് 2022’ (കെടിഎം) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മെയ് അഞ്ചിന് കൊച്ചിയില്‍ തിരിതെളിയുന്ന മേളയില്‍ 69 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും. 55,000 വ്യാപാര കൂടിക്കാഴ്ചകള്‍ക്കും കെടിഎം സൊസൈറ്റി നേതൃത്വം നല്‍കുന്ന മേള വേദിയാകും.

ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അദ്ധ്യക്ഷനാകും. കേരള ടൂറിസത്തിന്‍റെ ചാമ്പ്യന്‍സ് ബോട്ട്ലീഗ് (സിബിഎല്‍) രണ്ടാം പതിപ്പിന്‍റെ വിളംബര പ്രദര്‍ശനം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും. ഐപിഎല്‍ മാതൃകയിലുള്ള ചുണ്ടന്‍വള്ളങ്ങളുടെ ജലമേള ഓണാഘോഷത്തിനു മുന്നോടി ആയാണ് നടക്കുക.

മെയ് ആറ്, ഏഴ് തിയതികളില്‍ വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ വ്യാപാര കൂടിക്കാഴ്ചകള്‍ നടക്കും. അവസാന ദിവസമായ മെയ് 8 ന് രണ്ടുവേദികളിലേയും പവലിയനുകളില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതിയുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

മറ്റു സംസ്ഥാനങ്ങള്‍ കടുത്ത മത്സരം ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൊവിഡാനന്തര കാലഘട്ടം കേരള ടൂറിസത്തിന് നേട്ടമുണ്ടാക്കുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎസ് ശ്രീനിവാസ് പറഞ്ഞു. കേരള ടൂറിസത്തിന്‍റെ കരുത്ത് ആഗോള സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കാനുള്ള വേദിയാണ് കെടിഎം 2022 എന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കുന്ന സിബിഎല്‍, കാരവന്‍ ടൂറിസം, സാഹസിക ടൂറിസം എന്നിവ കെടിഎമ്മിന്‍റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ വിആര്‍ കൃഷ്ണതേജ പറഞ്ഞു.

ഹരിത മാനദണ്ഡങ്ങള്‍ പാലിച്ച് 1.5 ലക്ഷം ചതുരശ്രയടിയില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 55,000 വ്യാപാര കൂടിക്കാഴ്ചകള്‍ നടക്കുമെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു അറിയിച്ചു. 69 രാജ്യങ്ങളിലെ പ്രതിനിധികളും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബയര്‍മാരും എത്തുന്നുണ്ട്. ഇവരില്‍ 1,000 ആഭ്യന്തര ബയര്‍മാരും 240 ഓളം വിദേശ ബയര്‍മാരും ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെടിഎം സൊസൈറ്റി മുന്‍ പ്രസിഡന്‍റ് ഇഎം നജീബും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

  റിലയൻസ് ജിയോ അറ്റാദായം 13% വർദ്ധിച്ച് 5,337 കോടി രൂപയായി

മഹാമാരിയാലുണ്ടായ 2 വര്‍ഷത്തെ മാന്ദ്യത്തിനുശേഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കെടിഎം സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ. 33 വിദേശ മാധ്യമപ്രവര്‍ത്തകരും രാജ്യത്തിനകത്തു നിന്നും 75 വ്ളോഗര്‍മാരും മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കും. കെടിഎമ്മിന്‍റെ ഈ പതിപ്പിലെ മുഖ്യ പ്രമേയങ്ങളില്‍ കാരവന്‍ ടൂറിസവും സാഹസിക ടൂറിസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ആഗോള ഖ്യാതിനേടിയ ഉത്തരവാദിത്ത ടൂറിസത്തിനും പ്രാമുഖ്യം ലഭിക്കും. മലബാറിലെ ടൂറിസം ദൗത്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മേളയില്‍ സുപ്രധാന ടൂറിസം പദ്ധതികളെ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. മേളയുടെ ഭാഗമായി മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരും പങ്കാളികളും നേതൃത്വം നല്‍കുന്ന സെമിനാറുകളും നടക്കും.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

രാജ്യത്തേയും വിദേശത്തേയും മാധ്യമ പ്രതിനിധികള്‍ക്കും വ്ളോഗര്‍മാര്‍ക്കും കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വ്യത്യസ്തതയും അനുഭവവേദ്യതയും മനസ്സിലാക്കി കൊടുക്കുന്നതിന് കെടിഎം സംഘാടകര്‍ പ്രി-ടൂര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ട്ടില്‍ പങ്കെടുക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ബയര്‍മാര്‍ക്കായി പരിപാടിക്ക് ശേഷം സമാന ടൂര്‍ സംഘടിപ്പിച്ചിട്ടുണ്ട്. നാലുദിവസത്തെ മേളയുടെ ഭാഗമാകുന്നതിന് നിരവധി ആഭ്യന്തര-രാജ്യാന്തര ബയര്‍മാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കെടിഎം സംഘടിപ്പിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഏഴായിരത്തോളം വ്യാപാര കൂടിക്കാഴ്ചകള്‍ നടന്നു. ആഗോളതലത്തിലെ ബയര്‍മാരും പങ്കുചേര്‍ന്ന വ്യാപാര കൂടിക്കാഴ്ചകള്‍ മഹാമാരിയാലുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകി.

വിനോദസഞ്ചാര മേഖലയിലെ രാജ്യത്തെ ഏറ്റവും വിപുലമായ പ്രസ്ഥാനമാണ് 2000 ല്‍ രൂപീകൃതമായ കെടിഎം സൊസൈറ്റി. കൊവിഡിനു ശേഷം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് കെടിഎം സൊസൈറ്റി ഊന്നല്‍ നല്‍കുന്നത്.

Maintained By : Studio3