കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം എംഎസ്എംഇകൾക്ക് പ്രയോജനപ്പെടുത്താം

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പ്രൊഫഷണല്‍ ടാക്സ് രജിസ്ട്രേഷനും തുടര്‍നടപടികള്‍ക്കുമായി കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് (കെഎസ്ഐഡിസി) ആരംഭിച്ച ഏകജാലക ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ കെസ്വിഫ്റ്റ്, https://kswift.kerala.gov.in/index/ പ്രയോജനപ്പെടുത്താം. പ്രൊഫഷണല്‍ ടാക്സ് രജിസ്ട്രേഷനായി സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനും നിശ്ചിത സമയപരിധിക്കുള്ളില്‍ അവ നേടാനും ഈ വെബ്പോര്‍ട്ടലിലൂടെ സാധ്യമാകും. ജീവനക്കാര്‍, പ്രൊഫഷണലുകള്‍, ബിസിനസുകാര്‍ എന്നിവരില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന പ്രൊഫഷണല്‍ ടാക്സ് എംഎസ്എംഇകള്‍ക്കും നിയമപരമായി ബാധകമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന മുന്‍നിര സംരംഭങ്ങളുടെ ഭാഗമായാണ് കെസ്വിഫ്റ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോര്‍ട്ടലിലൂടെ എംഎസ്എംഇകള്‍ക്ക് രജിസ്ട്രേഷനും അപേക്ഷിക്കാനാകും. ആവശ്യമായ ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലെനായി സമര്‍പ്പിച്ച് നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകുന്നതിലൂടെ സംരംഭകര്‍ക്ക് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. സംസ്ഥാനത്ത് സംരംഭങ്ങള്‍ തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഏകജാലക ക്ലിയറന്‍സ് സംവിധാനമാണ് കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെസ്വിഫ്റ്റ്). പ്രൊഫഷണല്‍ ടാക്സ് രജിസ്ട്രേഷന്, സര്‍ക്കാര്‍ അംഗീകാരങ്ങള്‍ സുഗമമാക്കല്‍ എന്നിവയുള്‍പ്പെടെ ബിസിനസുകള്‍ക്ക് പ്രത്യേകിച്ച് എംഎസ്എംഇകള്‍ക്ക് കെസ്വിഫ്റ്റ് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ‘സംരംഭക വര്‍ഷം’ പദ്ധതി 2023 ല്‍ ആരംഭിച്ചതോടെ കേരളത്തില്‍ എംഎസ്എംഇ രജിസ്ട്രേഷനില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യവസായ, നിയമ, കയര്‍ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏകദേശം 3.5 ലക്ഷം പുതു സംരംഭങ്ങള്‍ ആരംഭിച്ചു. പുതിയ സംരംഭകരില്‍ 31 ശതമാനം സ്ത്രീകളും നാല് ശതമാനം വീതം എസ്സി/എസ്ടി സമുദായങ്ങളില്‍ നിന്നുള്ളവരും പ്രാതിനിധ്യം നേടിയിട്ടുണ്ട്. 50 ശതമാനത്തിലധികം സംരംഭകര്‍ ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിനും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. പ്രൊഫഷണല്‍ ടാക്സ് അടയ്ക്കാനുള്ള സൗകര്യം കെസ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി ലഭിക്കുന്നത് സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സുകള്‍ക്കായി സംരംഭകര്‍ക്ക് അപേക്ഷിക്കാനാകും.