സെമികണ്ടക്ടര്‍ ഫാബ്: കെഎസ് യുഎം അപേക്ഷാപത്രം ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗികതാ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കണ്‍സള്‍ട്ടന്‍റുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷാപത്രം (ആര്‍എഫ് പി) ക്ഷണിച്ചു. കേരളത്തിലെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍ മേഖലകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായാണ് വിവിധ സ്ഥലങ്ങളില്‍ കെഎസ് യുഎം സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നത്. ഇതിനായാണ് റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ് പി) ക്ഷണിക്കുന്നത്. അത്യാധുനിക സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രായോഗികതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഈ മേഖലയില്‍ മതിയായ യോഗ്യതയും പരിചയസമ്പത്തും അക്കാദമിക -സാങ്കേതിക വൈദഗ്ധ്യവുമുള്ള ആഗോള, ദേശീയ, പ്രാദേശിക തലത്തിലുള്ള മികച്ച കണ്‍സള്‍ട്ടന്‍റുകള്‍/ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സെമികണ്ടക്ടര്‍ ഫാബുകളിലൂടെ സംസ്ഥാനത്ത് പുതിയൊരു സാങ്കേതിക വിപ്ലവത്തിന് തുടക്കം കുറിയ്ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള മികച്ച ഫാബ് സാങ്കേതികവിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, വ്യവസായ സംരംഭകര്‍ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. സെമികണ്ടക്ടര്‍ വ്യവസായത്തിന്‍റെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും ഫാബുകളിലൂടെ സാധ്യമാകും. സെമികണ്ടക്ടര്‍ ഫാബുകള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക-സാമൂഹിക സാധ്യതകളും നേട്ടങ്ങളും റിപ്പോര്‍ട്ടിലൂടെ വിലയിരുത്തണം. ഫാബുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പ്, ഡിസൈന്‍ ആശയങ്ങള്‍, ചെലവാകുന്ന തുക, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി സാധ്യതകള്‍ എന്നിവയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. സെമികണ്ടക്ടര്‍ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണത്തിനും ഗവേഷണ വികസന സംരംഭങ്ങള്‍ക്കുമുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം സെമികണ്ടക്ടര്‍ കമ്പനികള്‍, സര്‍ക്കാര്‍, കെഎസ് യുഎം എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലും കണ്‍സള്‍ട്ടന്‍റ്/സ്ഥാപനം പങ്കാളിയാകണം. സെമികണ്ടക്ടര്‍ ഫാബ് പ്ലാന്‍റിന്‍റെ രൂപകല്‍പന, പദ്ധതി നടത്തിപ്പ്, നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും ആവശ്യമായ സാങ്കേതിക ഉപകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ലോകോത്തര വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടുള്ള ഫാബിന്‍റെ പ്രവര്‍ത്തന സാധ്യതകള്‍, ഫാബ് പ്ലാന്‍റിന്‍റെ നിര്‍മ്മാണം തുടങ്ങിയവയില്‍ കണ്‍സള്‍ട്ടന്‍റുകള്‍/ സ്ഥാപനങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദ്ദേശം നല്‍കാനാകണം. പരിസ്ഥിതി റെഗുലേറ്ററി ബോഡികള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പങ്കെടുക്കാം. പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള രൂപരേഖ എന്നിവ ഇതില്‍ പരിഗണിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രില്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: tartupmission.kerala.gov.in/tenders