December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊല്ലവും കോഴിക്കോടും അന്താരാഷ്ട്രാ ടൂറിസം കേന്ദ്രങ്ങള്‍ ആകാന്‍ ഒരുങ്ങുന്നു

1 min read

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് കേന്ദ്രാനുമതി ലഭിച്ച രണ്ടു പദ്ധതികളുടേയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള രൂപരേഖയും വകുപ്പ് തയ്യാറാക്കും.155 കോടിയുടെ രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം ആണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്. 95.34 കോടിയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്‍റ് റിക്രിയേഷണല്‍ ഹബ്ബ് എന്നീ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്. മലബാറിന്‍റെ പൈതൃകവും ഭൂമിശാസ്ത്രവും സാംസ്കാരിക സമ്പത്തുകളും ഉപയോഗിച്ച് ലോകോത്തര പൈതൃക വിനോദസഞ്ചാര കേന്ദ്രത്തെ സൃഷ്ടിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിയാണ് സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍. മലബാറിന്‍റെ പരമ്പരാഗത കലകളെയും കലാരൂപങ്ങളെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിനോദോപാധികള്‍ക്ക് പ്രചരണം കൊടുക്കുകയും, പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പ്രധാന ലക്ഷ്യങ്ങള്‍. മലബാറിന്‍റെ സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് അനുഭവിച്ച് അറിയാനുള്ള ഒരു കവാടമായി സര്‍ഗാലയ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജിനെ മാറ്റുന്നതാണ് പദ്ധതിയുടെ ഒരു ഘടകം. 20 ഏക്കര്‍ ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ പൈതൃക കേന്ദ്രമാണ് സര്‍ഗാലയ. കലയും കലയുമായി ബന്ധപ്പെട്ട സങ്കേതങ്ങളും, സാംസ്കാരിക പ്രദര്‍ശനവും ഉള്‍പ്പെടുത്തി ഏവര്‍ക്കും അനുഭവിക്കാവുന്ന കേന്ദ്രമാക്കി സര്‍ഗാലയയെ വികസിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ വരെ നീളുന്ന നിരവധി പൈതൃക സര്‍ക്യൂട്ടുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവ ആധുനിക സങ്കേതങ്ങളെ ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കളരിപയറ്റ് പോലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാറിന്‍റെ വിഭവസമൃദ്ധമായ പാചക പാരമ്പര്യത്തില്‍, അപൂര്‍വ്വമായ ഒരു സഞ്ചാര അനുഭവം നല്‍ക്കുന്ന ഫുഡ് ടൂറിസം പദ്ധതികളും നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോടിന് ലഭിച്ച യുനെസ്കൊയുടെ സിറ്റി ഓഫ് ലിറ്ററേച്ചറിനെ അടിസ്ഥാനപ്പെടുത്തി എഴുത്തിനേയും എഴുത്തുകാരേയും മറ്റ് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്താനുള്ള പദ്ധതികളുമുണ്ട്. പ്രാദേശിക പൈതൃകസമ്പത്തിനെ സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ജനകീയ ഇടപെടല്‍ കൂടി ഉറപ്പാക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുരാതനകാലം മുതല്‍ പ്രശസ്തമായ കൊല്ലം, ആഗോളതലത്തില്‍ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുവാനുള്ള പദ്ധതിയാണ് അഷ്ടമുടി ബയോഡൈവേഴ്സിറ്റി ആന്‍റ് ഇക്കോ-റിക്രിയേഷനല്‍ ഹബ് പദ്ധതി. കൊല്ലത്തിന്‍റെ വിലമതിക്കാനാവാത്ത ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് നേരത്തെ ജെവവൈവിധ്യ സര്‍ക്യൂട്ടിന് രൂപം നല്‍കിയിരുന്നു. ജൈവ വൈവിധ്യ സര്‍ക്യൂട്ടിന്‍റെ വിപുലീകരണത്തോടൊപ്പം സാംസ്കാരിക പൈതൃകസമ്പത്തുകള്‍ പരിചയപ്പെടുത്തല്‍, സംരക്ഷണം എന്നിവയും ആധുനികമായ വിനോദോപാധികളും ഇഴ ചേര്‍ത്താണ് പദ്ധതി. കൊല്ലം മറീനാ, അഷ്ടമുടി ലേക്ക് ഇന്‍റര്‍ട്ടേഷന്‍ സെന്‍റര്‍, ഫ്ളോട്ടിംഗ് ഭക്ഷണശാല, ബയോഡൈവേഴ്സിറ്റി ട്രെയില്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. അഡ്വഞ്ചര്‍ പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, ലേക്ക് വോക് വേ തുടങ്ങിയ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേസര്‍ ഷോ പോലുള്ള പുതുമയാര്‍ന്ന ഘടകങ്ങളും ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. സുസ്ഥിര ടൂറിസം വികസനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൊല്ലത്തിന്‍റെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് ഈ പദ്ധതികള്‍ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകരമാണ്. പ്രാദേശികജനതയുടെ ഉന്നമനത്തിന് ടൂറിസത്തെ സജ്ജമാക്കുന്ന തരത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ രണ്ട് പദ്ധതികളിലൂടേയും കൊല്ലം, കോഴിക്കോട് എന്നീ ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കേരളത്തിലേയും ദക്ഷിണ കേരളത്തിലേയും വിനോദസഞ്ചാര വികസനത്തിന് ഈ പദ്ധതികള്‍ സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3