December 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹഡില്‍ ഗ്ലോബല്‍: ശ്രദ്ധേയമായി ലോകോത്തര നിലവാരമുള്ള നൂറോളം സ്റ്റാര്‍ട്ടപ്പുകള്‍

1 min read

തിരുവനന്തപുരം: നൂതനാശയങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് മികച്ച ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന നൂറോളം സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിക്കുന്ന എക്സ്പോ ശ്രദ്ധേയമാകുന്നു. കോവളത്ത് വ്യാഴാഴ്ച ആരംഭിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായാണ് ലോകോത്തര നിലവാരമുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമായുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. എമര്‍ജിങ്ടെക് സോണ്‍, ഡീപ്ടെക് സോണ്‍ എന്നിങ്ങനെ വിഭാവനം ചെയ്തിരിക്കുന്ന എക്സ്പോയിലൂടെ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഊര്‍ജ്ജം, ആരോഗ്യസംരക്ഷണം, ഡിജിറ്റല്‍ മീഡിയയും വിനോദവും, ഭക്ഷണവും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങള്‍ എമര്‍ജിങ് ടെക്നോളജി സോണില്‍ പ്രദര്‍ശിപ്പിക്കും. ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ആകര്‍ഷണങ്ങളാണ്. എസ്ബിഐ ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും എക്സപോയുടെ ഭാഗമാണ്. ബയോമെഡിക്കല്‍ മാലിന്യസംസ്കരണത്തിന് പുതിയ രീതികള്‍ പരീക്ഷിക്കുന്ന വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയിലെ താരമാണ്. ജെന്‍ റോബോട്ടിക്സിന്‍റെ ഉത്പന്നങ്ങളും എക്സ്പോയില്‍ പ്രദര്‍ശനത്തിനുണ്ട്. റോബോട്ടിക്സ് മേഖലയില്‍ നിന്നുള്ള ടോബോയ്ഡ്, ഓട്ടോമേറ്റ്, ഫ്രീമാന്‍ റോബോട്ടിക്സ്, ഇങ്കര്‍ റോബോട്ടിക്സ് എന്നിവയും എക്സ്പോയെ മികവുറ്റതാക്കുന്നു. ചന്ദ്രയാന്‍, ഗഗന്‍യാന്‍ എന്നിവയുടെ വിവരങ്ങളും മോഡലുകളും പ്രദര്‍ശിപ്പിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്റ്റാള്‍ വിനോദത്തിനൊപ്പം വിജ്ഞാനപ്രദമാണ്. ഗവേഷകരായ വനിതാസംരംഭകരുടെ നൂതന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്റ്റാളും പുതുമയുള്ളതാണ്. കാര്‍ബണ്‍ ഫൂട്ട്പ്രിന്‍റ് കുറയ്ക്കുന്നതിനൊപ്പം സുസ്ഥിരവികസനം സാധ്യമാക്കുന്ന ഊര്‍ജസ്രോതസുകളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, എഐ അധിഷ്ഠിത അസെസ്മെന്‍റ് പ്ലാറ്റ് ഫോമുകള്‍, എഐ അധിഷ്ഠിത വിദ്യാഭ്യാസ ആപ്പുകള്‍, മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്‍റ് യൂണിറ്റ്, ഗ്രാഫീന്‍ ഉപയോഗിച്ചുള്ള ബയോസെന്‍സേഴ്സ് മുതല്‍ പരിസ്ഥിതി.സൗഹൃദ സ്റ്റാര്‍ച്ച് സ്പ്രെ വരെ ഉത്പാദിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ചുമരുകള്‍ നിര്‍മ്മിക്കുന്നവ, വിവിധ ഹോസ്പിറ്റാലിറ്റി സൊല്യൂഷനുകള്‍, ഓട്ടോമേറ്റ് ഇന്‍വോയിസ് പ്രോസസിംഗ്, ആള്‍ ഇന്‍ വണ്‍ സാസ് മോഡല്‍ കോര്‍ ബാങ്കിംഗ് സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ്, ക്വാണ്ടം സേഫ് ഡിജിറ്റല്‍ ട്രസ്റ്റ് പ്ലാറ്റ് ഫോം, സ്വയം പ്രവര്‍ത്തിക്കുന്ന കാര്‍ഗോ-സര്‍വൈലന്‍സ് ഡ്രോണുകള്‍, കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന വിവിധോദ്യേശ്യ ഡ്രോണ്‍, സസ്റ്റെയിനബിലിറ്റി സൊല്യൂഷന്‍സ് ഫോര്‍ ഫുഡ് ആന്‍റ് അഗ്രി സപ്ലൈ ചെയിന്‍സ്, സസ്യാവശിഷ്ടങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയും എക്സ്പോയിലുണ്ട്. എആര്‍, വിആര്‍ എക്സ്പീരിയന്‍സ് സെന്‍ററുകള്‍ക്ക് പുറമെ സര്‍ക്കാര്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍ വഴി വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യകളെയും എക്സ്പോ പരിചയപ്പെടുത്തുന്നു. വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ സ്റ്റാള്‍, കെഎസ്ഐഡിസി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി, കോപ്പിറൈറ്റ്, പേറ്റന്‍റ്, ഡിസൈന്‍, ട്രേഡ് മാര്‍ക്ക് തുടങ്ങിയവയ്ക്കുള്ള സാങ്കേതിക സഹായവും മാര്‍ഗനിര്‍ദേശവും നല്കുന്ന കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍റ് എന്‍വയണ്‍മെന്‍റിന്‍റെ പേറ്റന്‍റ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ചിപ് സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്ന സി-ഡാക് തുടങ്ങിയവയുടെ സ്റ്റാളും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും നിന്നുമുള്ള വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോയിലൂടെ അവസരമൊരുക്കുന്നുണ്ട്. ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പ് ശനിയാഴ്ച അവസാനിക്കും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്
Maintained By : Studio3