കൊച്ചി-മുസിരിസ് ബിനാലെയുടെ സമാന്തര കലാവിഷ്‌കാര പ്രദര്‍ശനം ഡിസംബർ 14 മുതൽ
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ (കെഎംബി-6) ഭാഗമായി വിവിധ കലാവിഷ്‌കാരങ്ങളുടെ സമാന്തര പ്രദര്‍ശനം ഒമ്പത് ഇടങ്ങളിലായി ആരംഭിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അറിയിച്ചു. ഡിസംബർ 14 മുതൽ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായാണ് പ്രദർശനം നടക്കുന്നത്. ഡിസംബര്‍ 12 നാണ് 110 ദിവസത്തെ ബിനാലെയ്ക്ക് തുടക്കമാകുന്നത്. ഗോവയിലെ എച്ച്എച്ച് ആര്‍ട്ട് സ്പെയ്സസുമായി ചേർന്ന് നിഖില്‍ ചോപ്രയാണ് ‘ഫോര്‍ ദി ടൈം ബീയിങ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന ബിനാലെ ക്യൂറേറ്റ് ചെയ്യുന്നത്. 2026 മാര്‍ച്ച് 31 വരെ നടക്കുന്ന ബിനാലെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാമേളയാണ്. കൊലാറ്ററൽസ് പ്രോഗ്രാം കെഎംബിയുടെ മുന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പുനര്‍വിഭാവനം ചെയ്തിരിക്കുന്നതായി കെബിഎഫ് പ്രോഗ്രാം ഡയറക്ടര്‍ മാരിയോ ഡിസൂസ പറഞ്ഞു. 150-ലധികം അപേക്ഷകളില്‍ നിന്നാണ് ജൂറി ഒമ്പത് പ്രദര്‍ശനങ്ങള്‍ തിരഞ്ഞെടുത്തത്. കൊലാറ്ററല്‍ പ്രോഗ്രാം കലാ രീതികളിലെ അതിശയകരമായ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. അത് ബിനാലെയുടെ ക്യൂറേറ്റോറിയല്‍ ചിന്തയുടെയും അവതരണങ്ങളുടെയും ശക്തി പ്രകടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിദ്ധ അബ്‌സ്ട്രാക്ഷനിസ്റ്റ് ആയ ശോഭ ബ്രൂട്ട, പെയിന്റര്‍ പ്രിന്റ്‌മേക്കര്‍ നൈന ദലാല്‍ തുടങ്ങിയവരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിലുണ്ടാകും. പരിപാടിയുടെ മറ്റൊരു ആകര്‍ഷണം വിഷ്വല്‍ ആര്‍ട്ടിസ്റ്റ് ലക്ഷ്മി മാധവനും അവരുടെ ദക്ഷിണ കേരളത്തിലെ കസവുനെയ്ത്ത് സമൂഹവുമാണ്. റിസ്‌ക് ആര്‍ട്ട് ഇനിഷ്യേറ്റീവ് സംഘടിപ്പിക്കുന്ന ‘ലൈക്ക് ഗോള്‍ഡ്’ ഗ്രൂപ്പ് എക്‌സിബിഷന്‍, സാറാ ചാണ്ടി സംഘടിപ്പിക്കുന്ന ‘ലിലീസ് ഇന്‍ ദി ഗാര്‍ഡന്‍ ഓഫ് ടുമാറോ’ മള്‍ട്ടി-എലമെന്റ് എക്‌സിബിഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രോജക്റ്റ് എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. അശ്വിന്‍ പ്രകാശിന്റെ ഡിസൈന്‍-ഡ്രൈവണ്‍ റിസര്‍ച്ച് സ്റ്റുഡിയോയായ ‘മണ്‍സൂണ്‍ കള്‍ച്ചര്‍’, സ്വതന്ത്ര കലാകാരന്മാര്‍ നയിക്കുന്ന സംരംഭമായ ‘ഫോര്‍പ്ലേ സൊസൈറ്റി’ എന്നിവയാണ് മറ്റ് അവതരണങ്ങള്‍. കൊല്‍ക്കത്തയിലെ ഉത്സവകാല ദുര്‍ഗാ പൂജയുടെ കലാവൈഭവത്തെക്കുറിച്ചുള്ള മാസ് ആര്‍ട്ടിന്റെ അവതരണവും പൂനെയിലെ ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്- മാക്‌സ് മുള്ളര്‍ അവതരിപ്പിക്കുന്ന ചലിക്കുന്ന ഇമേജ് ഇന്‍സ്റ്റലേഷനും സന്ദര്‍ശകര്‍ക്ക് മുന്നിലെത്തും. ഡല്‍ഹി ആസ്ഥാനമായ ആര്‍ഡീ ഫൗണ്ടേഷന്‍ ശോഭ ബ്രൂട്ടയുടെ അബ്സ്ട്രാക്ട് പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിക്കും. ‘ദി ലൈറ്റ്നസ് ഓഫ് ബീയിംഗ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍ ഇന പുരി ആണ്. മട്ടാഞ്ചേരി സിനഗോഗ് ലെയ്നിലുള്ള മോച്ച ആര്‍ട്ട് കഫേയിലാണ് പ്രദര്‍ശനം. സെല്‍ജുക് റുസ്തം, ആന്‍ഡ്രിയാസ് ഉള്‍റിക്ക് എന്നിവര്‍ ചേര്‍ന്ന് കൊച്ചി ആസ്ഥാനമായി സ്ഥാപിച്ച ഫോര്‍പ്ലേ സൊസൈറ്റിയുടെ പ്രദര്‍ശനം ബെംഗളൂരു ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. ജിനോയ് പയ്യപ്പിള്ളി സ്ഥാപിച്ച ഗുരുഗ്രാം ആസ്ഥാനമായ ഗാലറി സ്പ്ലാഷ് ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയോട് ചേര്‍ന്നുള്ള ബര്‍ഗര്‍ സ്ട്രീറ്റിലെ ഓയ്‌സ് കഫേയില്‍ നൈന ദയാലിന്റെ ഡ്രോയിംഗുകള്‍, പെയിന്റിംഗുകള്‍, പ്രിന്റുകള്‍ എന്നിവ അവതരിപ്പിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൈത്തറി കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ബാലരാമപുരത്തെ നെയ്ത്ത് സമൂഹത്തോടൊപ്പം വര്‍ഷങ്ങളോളം ചെലവഴിച്ച ലക്ഷ്മി മാധവന്‍ ‘ലൂമിംഗ് ബോഡീസ്’ അവതരിപ്പിക്കും. ബാലരാമപുരം വീവിംഗ് കമ്മ്യൂണിറ്റി, കോട്ടുകാല്‍, പുലിയൂര്‍ക്കോണം, പുലിവിള എന്നിവിടങ്ങളിലെ കൈത്തറി വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കസ്തൂര്‍ഭ സ്മാരക വനിതാ ഹാന്‍ഡ്ലൂം സൊസൈറ്റി എന്നിവ ഈ പ്രദര്‍ശനത്തിന്റെ ഭാഗമാകും. ഫോര്‍ട്ട് കൊച്ചിയിലെ കൽവത്തി റോഡിലെ പെപ്പര്‍ ഹൗസിന് എതിര്‍വശത്തുള്ള കെഎം ബില്‍ഡിംഗിലാണ് പ്രദര്‍ശനം നടക്കുക. ബംഗാളിന്റെ വൈവിധ്യമാര്‍ന്ന കലയെയും സംസ്‌കാരത്തെയും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനത്തിന് മാസ് ആര്‍ട്ടിലെ കലാകാരന്മാര്‍ നേതൃത്വം നല്‍കും. മട്ടാഞ്ചേരി ജൂത ടൗണ്‍ റോഡിലെ ജിആര്‍സി മറൈനിലാണ് ഇതിന്റെ വേദി. അശ്വിന്‍ പ്രകാശിന്റെ മണ്‍സൂണ്‍ കള്‍ച്ചര്‍ ‘ദി എംപറേഴ്സ് ന്യൂ ക്ലോത്ത്‌സ്’ എന്ന പ്രദര്‍ശനം മട്ടാഞ്ചേരി ജൂത തെരുവിൽ ഒരുക്കുന്നു. ഇത് മലയാളി സ്വത്വത്തെ അണിയിച്ചൊരുക്കിയ തുണിത്തരങ്ങള്‍ അനാവരണം ചെയ്യുന്നു. പൂനെയിലെ മാക്‌സ് മുള്ളര്‍-ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന പിപിയോയില്‍ ഒരു മൂവിങ് ഇമേജ് ഇന്‍സ്റ്റലേഷനാണ്. മട്ടാഞ്ചേരി ബസാര്‍ റോഡിലെ കെയ്സി കോര്‍പ്പറേഷന് എതിര്‍വശത്തുള്ള ഫോര്‍പ്ലേ സൊസൈറ്റിയില്‍ ഇത് പ്രദർശിപ്പിക്കും. സ്വതന്ത്ര ആര്‍ട്ട് ഗാലറിയും സാമൂഹിക സംരംഭവുമായ റിസ്‌ക് ആര്‍ട്ട് ഇനിഷ്യേറ്റീവ് ‘ലൈക്ക് ഗോള്‍ഡ്’ (പൊന്നുപോലെ) അവതരിപ്പിക്കും. ഈ പ്രദര്‍ശനത്തില്‍ സ്വര്‍ണത്തെ മിത്തും ആഭരണവുമായി ഉള്‍പ്പെടുത്തുകയും അതിന്റെ ഇടപാട്, പരിവര്‍ത്തന സ്വഭാവം എന്നിവ അന്വേഷിക്കുകയും ചെയ്യുകയും ചെയ്യുന്നു. പെപ്പര്‍ ഹൗസിന് എതിര്‍വശത്തുള്ള കെഎം ബില്‍ഡിംഗിലാണ് അവതരണം. സ്വതന്ത്ര കലാകാരിയായ സാറാ ചാണ്ടിയുടെ ‘ലില്ലീസ് ഇന്‍ ദി ഗാര്‍ഡന്‍ ഓഫ് ടുമാറോ’ (2025), ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിറിയന്‍ ക്രിസ്ത്യാനിയായ ഏലിയാമ്മ മാത്തന്റെ ഡയറിക്കുറിപ്പുകളിലൂടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ക്കിടയിലും ഒരു കുടുംബത്തിന്റെ പ്രതിരോധശേഷിയുടെ കഥ ചർച്ച ചെയ്യുന്ന ബഹുതല പ്രദര്‍ശന-ഗവേഷണ പദ്ധതിയാണ്. ബകുള്‍ പട്കി ക്യൂറേറ്റ് ചെയ്ത ഈ പരിപാടി മട്ടാഞ്ചേരിയിലെ ജ്യൂ ടൗണ്‍ റോഡിലുള്ള ആരോ മാര്‍ക്കില്‍ പ്രദര്‍ശിപ്പിക്കും.
