September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

7 സീറ്റര്‍ കിയ സോണറ്റ് ഇന്തോനേഷ്യയില്‍  

ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന കിയ സോണറ്റ് എസ്‌യുവിയുടെ 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകള്‍ നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളവയാണ്  

ന്യൂഡെല്‍ഹി: കിയ സോണറ്റ് എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കിയ സോണറ്റ് 7 എന്ന പേരാണ് പുതിയ സ്‌പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന 5 സീറ്റര്‍ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ (നാല് മീറ്ററില്‍ താഴെ നീളം, 3995 എംഎം) അതേ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ നല്‍കിയിരിക്കുന്നു.

ഇന്തോനേഷ്യയില്‍ വില്‍ക്കുന്ന കിയ സോണറ്റ് എസ്‌യുവിയുടെ 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകള്‍ നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളവയാണ്. 4,120 മില്ലിമീറ്ററാണ് നീളം. അതായത്, ഇന്ത്യയില്‍ വില്‍ക്കുന്ന കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയേക്കാള്‍ 125 എംഎം കൂടുതല്‍. അതേസമയം വീതി, ഉയരം, വീല്‍ബേസ് എന്നിവയില്‍ മാറ്റമില്ല. യഥാക്രമം ഇന്ത്യയിലെ അതേ 1790 എംഎം, 1642 എംഎം, 2500 എംഎം.

എക്‌സ്റ്റീരിയര്‍ പോലെ, അകത്തും 5 സീറ്റര്‍ സോണറ്റിന്റെ അതേ കാബിന്‍ രൂപകല്‍പ്പനയാണ് 7 സീറ്റര്‍ സോണറ്റിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ച മൂന്നാം നിരയിലെ 50:50 സ്പ്ലിറ്റ് സീറ്റ് പൂര്‍ണമായി മടക്കാന്‍ കഴിയും. ഇതോടെ ലഗേജ് ശേഷി 392 ലിറ്ററായി വര്‍ധിക്കും. മൂന്നാം നിരയില്‍ എളുപ്പം കയറുന്നതിന് വണ്‍ ടച്ച് ടംബിള്‍ ഫോള്‍ഡ്, സ്ലൈഡിംഗ് ഫംഗ്ഷനുകള്‍ ലഭിച്ചതാണ് 60:40 അനുപാതത്തില്‍ മടങ്ങുന്ന രണ്ടാം നിരയിലെ സീറ്റ്.

ഫീച്ചര്‍ പട്ടികയില്‍ മാറ്റമില്ല. ‘ഉവോ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ സഹിതം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, മുന്‍ നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ‘ബോസ്’ സൗണ്ട് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതം ഡ്രൈവ് മോഡുകള്‍ തുടങ്ങിയവ ഫീച്ചറുകളാണ്. മൂന്നാം നിരയിലെ യാത്രക്കാര്‍ക്കായി ഇപ്പോള്‍ എസ്‌യുവിയുടെ റൂഫില്‍ എയര്‍ വെന്റുകള്‍ നല്‍കി.

ഇന്തോനേഷ്യയിലെ 5 സീറ്റര്‍, 7 സീറ്റര്‍ കിയ സോണറ്റ് ഉപയോഗിക്കുന്നത് 1.5 ലിറ്റര്‍ ‘സ്മാര്‍ട്ട്‌സ്ട്രീം’ പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 113 ബിഎച്ച്പി കരുത്തും 144 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ്, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ (ഐവിടി) എന്നിവയാണ് ഓപ്ഷനുകള്‍. 7 സീറ്റര്‍ കിയ സോണറ്റ് ഇന്ത്യയില്‍ വരുന്ന കാര്യത്തില്‍ ഇപ്പോള്‍ സൂചനകള്‍ ഒന്നുമില്ല.

Maintained By : Studio3