November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്പെയിനിലെ ഫിടൂര്‍ മേളയില്‍ കയ്യടി നേടി കേരള ടൂറിസം പവലിയന്‍

1 min read

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായ സ്പെയിനിലെ ഫിടൂര്‍ മേളയില്‍ കയ്യടി നേടി കേരള ടൂറിസം പവലിയന്‍. ‘ദി മാജിക്കല്‍ എവരി ഡേ’ (എന്നും മാസ്മരിക ദിനങ്ങള്‍) എന്ന പ്രമേയത്തില്‍ ഒരുക്കിയിട്ടുള്ള പവലിയനില്‍ സ്ഥാപിച്ചിട്ടുള്ള ഭീമാകാരമായ കെട്ടുകാളകള്‍ സന്ദര്‍ശകരില്‍ ഒരേസമയം അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നു. കേരള ടൂറിസത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിപണികളില്‍ ഒന്നാണ് സ്പെയിന്‍. കോവിഡിനു മുമ്പ് 2019 ല്‍ 18,947 ടൂറിസ്റ്റുകളാണ് സ്പെയിനില്‍ നിന്ന് കേരളം സന്ദര്‍ശിക്കാനെത്തിയത്. ഈ സാധ്യത പൂര്‍ണമായും ഉപയോഗിപ്പെടുത്തുന്നതിനു വേണ്ടിയാണ് കേരള ടൂറിസം അധികൃതരും ടൂറിസം വ്യവസായ പ്രതിനിധികളും ഫിടൂര്‍ മേളയില്‍ പങ്കെടുക്കുന്നത്. കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹാണ് സംഘത്തെ നയിക്കുന്നത്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ഏഷ്യ-പസഫിക് മേഖലയുടെ പ്രോഗ്രാം ഓഫീസര്‍ ക്രിസ്റ്റീന്‍ ബ്രൂവുമായി പി ബി നൂഹ് ചര്‍ച്ച നടത്തി. ഇതിനു പുറമെ ബാര്‍സലോണ, ഇറ്റലിയിലെ മിലാന്‍, പാരിസ്, ലണ്ടന്‍ എന്നിവിടങ്ങളിലും കേരള സംഘം ബിടുബി വാണിജ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടും. കേരളത്തെ സംബന്ധിച്ച് ഫിടൂര്‍ 2024 മികച്ച വിജയമായിരുന്നെന്ന് പി ബി നൂഹ് പറഞ്ഞു. വ്യവസായപ്രതിനിധികളുടെ വാണിജ്യപങ്കാളിത്ത ചര്‍ച്ചകള്‍ സജീവമായി നടന്നു.ഇതിന്‍റെ ഫലമായി കേരളത്തിലേക്കുള്ള സ്പാനിഷ് ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ഒമ്പത് ടൂറിസം വ്യവസായ പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സിജിഎച് എര്‍ത്ത്, സോമതീരം ആയുര്‍വേദ ഗ്രൂപ്പ്, അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, സാന്‍റോസ് കിംഗ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സന്ദാരി റിസോര്‍ട്സ്, അമര ആയുര്‍വേദ റിട്രീറ്റ്, പോള്‍ ജോണ്‍ റിസോര്‍ട്സ്, ഹിന്ദുസ്ഥാന്‍ ബീച്ച് റിട്രീറ്റ്, ട്രാവല്‍ കോര്‍പറേഷന്‍ ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ഫിടൂറിലെത്തിയിട്ടുള്ളത്.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ
Maintained By : Studio3