റീബ്രാന്‍ഡിംഗുമായി വ്യവസായ വകുപ്പ്

തിരുവനന്തപുരം: വ്യവസായ മേഖലയില്‍ കേരളം നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും നയപരിപാടികള്‍ക്കും പൊതുരൂപം നല്‍കുന്നതിന്‍റെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാന്‍ഡിംഗ് പ്രഖ്യാപനം വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നടത്തി. റീബ്രാന്‍ഡിംഗ് ലോഗോയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. വ്യവസായ മേഖലയുടെ സ്വഭാവം ഗുണകരമായി മാറ്റാന്‍ കേരളത്തിനായെന്നും ലോകം ശ്രദ്ധിക്കുന്ന നിക്ഷേപകേന്ദ്രമായി കേരളം ഉയരുകയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളിലും ഉള്ളടക്കത്തിലും മാറ്റം പ്രകടമാണ്. വേഗതയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പാക്കാനുമുള്ള സംവിധാനം സാധ്യമായിക്കഴിഞ്ഞു. പ്രകൃതിയോട് ചേര്‍ന്നതും അറിവ് മൂലധനമായി മാറുന്നതുമായ വ്യവസായങ്ങള്‍, ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള മാനവവിഭവ ശേഷി ആവശ്യമായി വരുന്ന വ്യവസായങ്ങള്‍, പുതുതലമുറ വ്യവസായങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് റീബ്രാന്‍ഡിംഗ് സാധ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റീബ്രാന്‍ഡിംഗിലൂടെ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ബോര്‍ഡുകള്‍ ഉള്‍പ്പെടെ പുന:ക്രമീകരിക്കും. വ്യവസായ ഡയറക്ടറേറ്റ്, ഡയറക്ടറേറ്റിനു കീഴിലുള്ള ജില്ലാ, താലൂക്ക്, ബ്ലോക്ക് തല ഓഫീസുകള്‍, കെഎസ്ഐഡിസി, കിന്‍ഫ്ര, കെ-ബിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍, കശുവണ്ടി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം മാറ്റത്തിന് വിധേയമാകും. ഒറ്റനോട്ടത്തില്‍ മാറ്റം പ്രകടമാകുന്ന റീബ്രാന്‍ഡിംഗ് ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പരിസ്ഥിതി, സമൂഹം എന്നിവയെ പരിഗണിച്ചുകൊണ്ടുളള സുസ്ഥിര വികസന നയമാണ് വ്യവസായ മേഖലയില്‍ കേരളം നടപ്പിലാക്കുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി വ്യത്യസ്ത നയങ്ങളും സംസ്ഥാനം കൊണ്ടുവന്നു. ഇതിനെല്ലാം ഏകരൂപം നല്‍കാനുള്ള സമഗ്ര റീബ്രാന്‍ഡിംഗ് ആണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റീബ്രാന്‍ഡിംഗ് ലോഗോയിലെ ‘കെ’ എന്നത് കേരള സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന് കെഎസ്ഐഡിസി എംഡി മിര്‍ മുഹമ്മദ് അലി പറഞ്ഞു. ‘ആരോ മാര്‍ക്ക്’ സൂചകം വ്യവസായ മേഖലയുടെ വേഗതയെയും വളര്‍ച്ചയെയും കാണിക്കുന്നു. പരിസ്ഥിതിയെ ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ വ്യവസായ മാതൃക, പരമാവധി വേഗത്തിലും കാര്യക്ഷമതയിലും വ്യവസായ നിക്ഷേപം സാധ്യമാകുന്ന കേന്ദ്രം തുടങ്ങിയ ആശയങ്ങളും റീബ്രാന്‍ഡിംഗ് ലോഗോയില്‍ ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.