November 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാഹസിക ടൂറിസം മേഖലയില്‍ സുരക്ഷാ ഗുണനിലവാര രജിസ്ട്രേഷന്‍ നടപ്പാക്കി കേരളം

1 min read

തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായുള്ള രജിസ്ട്രേഷന്‍ നടപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം. കര, ജല, വ്യോമ മേഖലയിലെ സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ സുരക്ഷാ ഗുണനിലവാര ചട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുക.

സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ധ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി സമഗ്രമായ സുരക്ഷാ, ഗുണനിലവാര ചട്ടങ്ങള്‍ തയ്യാറാക്കി. കേരളത്തിന്‍റെ ഭൗതിക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് സുരക്ഷാ ഗുണനിലവാര ചട്ടങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പുതുതായി നിലവില്‍ വരുന്ന സാഹസിക പ്രവര്‍ത്തനങ്ങളെ ചട്ടത്തില്‍ ഉള്‍ക്കൊള്ളിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്ക്കറിന്‍റെ നേതൃത്വത്തിലാണ് ചട്ടം തയ്യാറാക്കിയത്.

  ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം

വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന രജിസ്ട്രേഷന്‍ സമ്പ്രദായത്തിലൂടെ കേരളത്തിലെ സാഹസിക വിനോദസഞ്ചാര മേഖലയില്‍ സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പുവരുത്താനും കൂടുതല്‍ വിനോദസഞ്ചാരികളെ ആത്മവിശ്വാസത്തോടെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും കഴിയുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു.

അഡ്വഞ്ചര്‍ ടൂറിസം സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി റഗുലേഷന്‍സിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് രജിസ്ട്രേഷന്‍ നല്‍കുക. വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥരും ഈ മേഖലയിലെ വിദഗ്ധരും അടങ്ങിയ കമ്മറ്റിയുടെ നേരിട്ടുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിനോദ സഞ്ചാരവകുപ്പ് ഡയറക്ടര്‍ രജിസ്ടേഷന്‍ അനുവദിക്കുന്നത്. 2 വര്‍ഷമാണ് രജിസ്ട്രേഷന്‍ കാലാവധി. തിരുവനന്തപുരം ജില്ലയിലെ കോവളത്ത് പ്രവര്‍ത്തിക്കുന്ന ബോണ്ട് വാട്ടര്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്സിനാണ് കേരള ടൂറിസത്തിന്‍റെ ആദ്യ രജിസ്ട്രേഷന്‍ ലഭിച്ചത്. സ്കൂബാഡൈവിംഗ്, കയാക്കിംഗ്, പരാസൈയിലിംഗ് എന്നീ സാഹസിക വിനോദങ്ങള്‍ക്കാണ് രജിസ്ട്രേഷന്‍ ലഭിച്ചത്. കാടുകളും മലകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട കേരളത്തിന്‍റെ ഭൂപ്രകൃതി സാഹസിക വിനോദത്തിന് അനുയോജ്യമായതാണ്. 580 കിലോമീറ്റര്‍ നീളമുള്ള സമുദ്രതീരം, 44 നദികള്‍, നിബിഡ വനങ്ങള്‍ തുടങ്ങിയവയെല്ലാം സാഹസിക ടൂറിസത്തിന്‍റെ സാധ്യതകളെ ഉപയോഗിക്കുന്നതിനുള്ള പശ്ചാത്തലം ഒരുക്കുന്നു.

  ഹഡില്‍ ഗ്ലോബല്‍-2024 നവംബര്‍ 28 ന് കോവളത്ത്

രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങള്‍ക്കും: https://www.keralaadventure.org/ , https://www.keralatourism.org/business/ .

Maintained By : Studio3