സമഗ്ര ടൂറിസം വികസനത്തിന് കേരളത്തിന് ‘ഹാള്‍ ഓഫ് ഫെയിം’ ബഹുമതി
തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തില്‍ ദേശീയ ടൂറിസം പുരസ്ക്കാരം നേടി കേരളം ഹാള്‍ ഓഫ് ഫെയിം ബഹുമതിയ്ക്ക് അര്‍ഹമായി. 2018-19 ലെ ടൂറിസം പുരസ്ക്കാരങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ശ്രീ ജഗദീഷ് ധന്‍കറാണ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന് വേണ്ടി കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി വി വിഘ്നേശ്വരി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഒരേ വിഭാഗത്തില്‍ തന്നെ മൂന്ന് തവണ തുടര്‍ച്ചയായി ദേശീയ ടൂറിസം പുരസ്ക്കാരം ലഭിക്കുന്നവര്‍ക്കാണ് ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കുന്നത്. കേരളം തുടര്‍ച്ചയായി നാല് പ്രാവിശ്യം സമഗ്ര ടൂറിസം വികസന വിഭാഗത്തില്‍ പുരസ്ക്കാര ജേതാക്കളായി. ഈ ബഹുമതി ലഭിച്ചവര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതേ വിഭാഗത്തില്‍ തന്നെ വീണ്ടും പുരസ്ക്കാരത്തിന് അപേക്ഷിക്കാന്‍ പാടുള്ളതല്ല. കേരളം എന്നും ടൂറിസത്തിലെ സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കുന്ന സംസ്ഥാനമാണ്. ഇതിനെ സഹായിക്കുന്ന നൂതനമായ വിപണന തന്ത്രങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളുമാണ് കേരളം കൈക്കൊണ്ടത്. ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മാതൃക ഉരുത്തിരിഞ്ഞു വരാനും ഇത് സഹായിച്ചുവെന്ന് ബഹുമതി പത്രത്തില്‍ പറയുന്നു.
ബീച്ചുകള്‍, ബയോ പാര്‍ക്കുകള്‍, മലയോര പ്രദേശങ്ങള്‍, സൂചകങ്ങള്‍ മെച്ചപ്പെടുത്തല്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വപരിപാടികള്‍ നടപ്പാക്കല്‍, പൈതൃക സംരക്ഷണം, ടൂറിസം ക്ലബുകളെ സംഘടിപ്പിക്കല്‍, ടൂറിസം ബോധവത്കരണം എന്നീ മേഖലയില്‍ നടത്തിയ സമഗ്ര പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് ഡിടിപിസിയെ പുരസ്ക്കാരത്തിനര്‍ഹമാക്കിയത്. മികച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലിനുള്ള പുരസ്ക്കാരം കുമരകത്തെ താജിനാണ്. ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സാ കേന്ദ്രത്തിനുള്ള പുരസ്ക്കാരം മണല്‍ത്തീരം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററും നേടി.
രാജ്യത്തിനകത്തും പുറത്തും നൂതനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ടൂറിസത്തിന്‍റെ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം ബഹുമതിയെന്ന് ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൈതൃക സംരക്ഷണത്തോടൊപ്പം ഉത്തരവാദിത്ത ടൂറിസം വഴി തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ടൂറിസം വികസനത്തില്‍ വിവിധ രാജ്യങ്ങള്‍ക്ക് മാതൃകയാണിന്ന് കേരളം. വിലമതിക്കാനാവാത്ത സ്വത്താണിതെന്നും ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ മുഖ്യവരുമാനസ്രോതസ്സാണ് ടൂറിസമെങ്കിലും ഈ മേഖലയിലെ സുസ്ഥിര കാഴ്ചപ്പാട്, കര്‍ശനമായ ഗുണമേډ, പ്രകൃതി സംരക്ഷണം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. കൊവിഡാനന്തര ടൂറിസം ഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥലമായി കേരളത്തെ മാറ്റിയതില്‍ ഈ ഘടകങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.