ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ്
ന്യൂ ഡൽഹി: 2020 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് അഭിനേത്രി ആശാ പരേഖിന് നൽകുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് 2022 സെപ്റ്റംബർ 30-ന് നടക്കുമെന്നും രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുമെന്നും കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂർ അറിയിച്ചു.
പ്രശസ്ത ചലച്ചിത്ര നടിയും സംവിധായികയും നിർമ്മാതാവും മികച്ച ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയുമാണ് ആശാ പരേഖ്. ബാലതാരമായി കരിയർ ആരംഭിച്ച അവർ 95-ലധികം സിനിമകളിൽ അഭിനയിച്ചു. 1992-ലെ പത്മശ്രീ ജേതാവാണ് ആശ പരേഖ്. കൂടാതെ 1998-2001 കാലഘട്ടത്തിൽ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 52-ാമത് ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറിയിൽ സിനിമാ മേഖലയിൽ നിന്നുള്ള ശ്രീമതി ആശാ ഭോസ്ലെ,ശ്രീമതി ഹേമ മാലിനി, ശ്രീമതി പൂനം ധില്ലൻ,ശ്രീ ടി.എസ്. നാഗാഭരണ, ശ്രീ ഉദിത് നാരായൺ എന്നീ അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്നു.