ഇന്നൊവേഷന് നാലിന കര്‍മപരിപാടി, സ്റ്റാര്‍ട്ടപ്പിന് ആറിനം
1 min readസംസ്ഥാനത്തിന്റെ തനതു സവിശേഷതകളും സാധ്യതകളും പ്രയോജനപ്പെടുത്തുന്ന നിരവധി ഇന്നൊവേഷനുകള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ഇവയെ പ്രോല്‍സാഹിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ബജറ്റ്. നാലിന കര്‍മ പരിപാടികളാണ് ഇന്നൊവേഷനെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബജറ്റ് മുന്നോട്ടുവെക്കുന്നത്.
1. തങ്ങളുടെ പ്രദേശത്തെ കൃഷി, വ്യാപാരം, സേവനം, വ്യവസായം എന്നിവയിലെ ഏതെങ്കിലും പ്രശ്‌നത്തിന് നൂതനമായൊരു സങ്കേതത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കണ്ടെത്തുന്ന ഏതൊരാള്‍ക്കും തങ്ങളുടെ ആപ്ലിക്കേഷനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പ് മിഷനും കേരള ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ മിഷനും ചേര്‍ന്ന് ഇന്നൊവേഷനുകള്‍ക്ക് റേറ്റിംഗ് നല്‍കും. 5 സ്റ്റാര്‍ റേറ്റിംഗ് ലഭിക്കുന്ന ഇന്നൊവേഷനുകളുടെ വ്യാപനത്തിന് ഇവര്‍ മുന്‍കൈയെടുക്കും.
2. കെ-ഡിസ്‌ക് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ യംഗ് ഇന്നൊവേഷന്‍ ചലഞ്ചും അസാപ്പിന്റെ ഹാക്കത്തോണും കൂട്ടിയോജിപ്പിച്ച് കേരള ഇന്നൊവേഷന്‍ ചലഞ്ച് സംഘടിപ്പിക്കും. 20 മേഖലകളില്‍ 3 ഘട്ടങ്ങളിലായി നടത്തുന്ന ചലഞ്ചില്‍ വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും സംഘങ്ങള്‍ക്ക് പങ്കെടുക്കാം. 40 കോടി രൂപ ഈ പദ്ധതിക്ക് നീക്കിവെച്ചിട്ടുണ്ട്.
3. പ്രാദേശിക സര്‍ക്കാരുകളെ നൂതന ഇന്നൊവേഷന്‍ ഉപയോഗിക്കുന്നതിന് പ്രോല്‍സാഹിപ്പിക്കുന്നതിന് വികസന ഫണ്ടിന്റെ അരശതമാനം എസ്ബി ഇന്നൊവേഷന്‍ ഫണ്ട് ആയി മാറ്റിവെക്കും. 35 കോടി രൂപ ഈ ഫണ്ടിനായി വകയിരുത്തിയിട്ടുണ്ട്.
4. സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും.
ഇന്നൊവേഷനുകളിലൂടെ മുന്നോട്ടു വരുന്ന ഉല്‍പ്പന്നങ്ങളും സംരംഭങ്ങളും മുന്നോട്ടുപോകുന്നതിന് മികച്ച സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി അനിവാര്യമാണെന്നും ഇതിനായി ആറിന കര്‍മപരിപാടി അവതരിപ്പിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
1. കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി, കെഎസ്എഫ്ഇ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപംനല്‍കും. ഇതിന് 50 കോടി രൂപ വകയിരുത്തി. പൂര്‍ണമായും പ്രൊഫഷണല്‍ സ്വഭാവത്തോടെയാണ് ഈ ഫണ്ട് പ്രവര്‍ത്തിക്കുക.
2. കേരള ബാങ്ക്, കെഎഫ്‌സി, കെഎസ്എഫ്ഇ എന്നിവ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടം സംഭവിച്ചാല്‍ അതിന്റെ 50 ശതമാനം സര്‍ക്കാര്‍ താങ്ങായി നല്‍കും.
3. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇപ്പോള്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീം ഫോര്‍ പ്രൊഡക്റ്റ് സ്റ്റാര്‍ട്ടപ്പ് വിപുലീകരിക്കുന്നതിന് 20 കോടി രൂപ വകയിരുത്തി.
4. സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം, പരമാവധി 10 കോടി രൂപവരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. പര്‍ച്ചേസ് ഓര്‍ഡറുകളാണെങ്കില്‍ ഡിസ്‌കൗണ്ട് ചെയ്യുന്നതിനും പദ്ധതിയുണ്ട്. ഇതിന് കൊളാറ്റല്‍ സെക്യൂരിറ്റി വാങ്ങില്ല.
5. സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ വലിയ തുകയുടെ ടെണ്ടറുകളില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോല്‍സാഹിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ കണ്‍സോര്‍ഷ്യം പാര്‍ട്ട്ണറായുള്ള ടെണ്ടറുകള്‍ക്ക് മുന്‍ഗണന ഉണ്ടാകും.
6. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ കമ്പോള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.
കൊച്ചി കിന്‍ഫ്ര പാര്‍ക്കിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണിന്റെ വിപുലീകരണത്തിന് 10 കോടി രൂപ നീക്കിവെച്ചു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പ്രോല്‍സാഹിപ്പിക്കല്‍, യൂത്ത് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം, സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യൂബേഷന്‍, ഉല്‍പ്പന്ന വികസനം, മാര്‍ക്കറ്റിംഗ് എന്നിവയ്ക്കായി 59 കോടി രൂപ വകയിരുത്തി. ഇന്നൊവേഷന്‍ ആക്‌സിലറേഷന്‍ സ്‌കീമിന് 11 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.