വിമര്‍ശകരെ നേരിടാന്‍ യെദിയൂരപ്പക്ക് സ്വാതന്ത്ര്യം
1 min readബെംഗളൂരു: കര്‍ണാടക ബിജെപിയില്‍ വര്‍ദ്ധിച്ചുവരുന്ന ഭിന്നത നിയന്ത്രിക്കുന്നതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മൗനാനുവാദം. കഴിഞ്ഞയാഴ്ച അവസാനം ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ കര്‍ണാടക സന്ദര്‍ശന വേളയില്‍ യെദിയൂരപ്പയുടെ ഭരണത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. ഇത് സംസ്ഥാനത്തെ പാര്‍ട്ടി വിമതര്‍ക്കുള്ള സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. മന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യെദിയൂരപ്പയുടെ നിലപാടിനെ പിന്താങ്ങുന്നതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ വാക്കുകള്‍.
ഈ മാസം മന്ത്രിസഭാവികസനം നടന്നതിനുശേഷം യെദിയൂരപ്പ ബിജെപി എംഎല്‍എമാരില്‍ നിന്ന് പരസ്യമായി കലാപം നേരിടുകയായിരുന്നു. ചിലര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് മന്ത്രിപദവിയിലെത്തിയതെന്നായിരുന്നു ആരോപണം. അമിത് ഷായുടെ സന്ദര്‍ശനവേളയില്‍ തങ്ങള്‍ വിഷയം അദ്ദേഹത്തിനുമുന്നില്‍ അവതരിപ്പിക്കുമെന്ന്് ചിലര്‍ ഭീഷണിമുഴക്കിയതായും പറയപ്പെടുന്നു. ഇതിലെ യാഥാര്‍ത്ഥ്യം വ്യക്തമല്ല.എന്നാല്‍ യെദിയൂരപ്പയെ സംബന്ധിച്ചിടത്തോളം കര്‍ണാടകത്തില്‍ അദ്ദേഹം നേരിടുന്നവിയോജിപ്പുകളില്‍ ഒന്നുമാത്രമാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, വിവിധ കാര്യങ്ങളില്‍ നിരവധി പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ രോഷം അദ്ദേഹം നേരിട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.നേതൃമാറ്റത്തിനും വിമതര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം വഴങ്ങാതിരുന്നത് തിരിച്ചടിയായി. വിമത കോണ്‍ഗ്രസ്-ജനതാദള്‍ (സെക്കുലര്‍) എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചതിനുതന്നെ ഒരു വിഭാഗം എതിരായിരുന്നു.
അമിത്ഷാ രണ്ട് പൊതു പരിപാടികളിലും യെദിയൂരപ്പയുടെ ഭരണത്തെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ”നരേന്ദ്ര മോദിയുടെയും യെദിയൂരപ്പയുടെയും നേതൃത്വം കര്‍ണാടകയെ പുരോഗതിയുടെയും സമൃദ്ധിയുടെയും അതിവേഗപാതയിലേക്ക് നയിക്കും,” ബെലഗാവിയില്‍ നടന്ന ജനസേവക് റാലിയില്‍ അദ്ദേഹം പറഞ്ഞു. ഭരണത്തില്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയെ കൂടെ കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുക, ”ഷാ ബെലഗവിയില്‍ കൂട്ടിച്ചേര്‍ത്തു. സമീപഭാവിയില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഷാ വ്യക്തമാക്കുകയും ചെയ്തു. 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ 150ലധികം സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് യെദിയൂരപ്പ പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അമിത്ഷാ യെദിയൂരപ്പയ്ക്ക് നിര്‍ദേശം നല്‍കി. കാരണം ചില നേതാക്കള്‍ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും മാധ്യമങ്ങളെ ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ സംസ്ഥാന നേതൃത്വം പരിഹരിക്കണമെന്നും അസംതൃപ്തിയുടെ എല്ലാ ചെറിയ പ്രശ്നങ്ങള്‍ക്കും ഡെല്‍ഹിയിലേക്ക് വരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു.