January 15, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കടമക്കുടി ടൂറിസം പദ്ധതിക്ക് 7.79 കോടി രൂപയുടെ അനുമതി

കൊച്ചി: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടമക്കുടിയിലെ ടൂറിസം വികസനത്തിന് 7,70,90,000 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. എറണാകുളം ജില്ലയില്‍ വേമ്പനാട്ട് കായലിന് നടുവിലായി സ്ഥിതിചെയ്യുന്ന ഹരിതാഭമാര്‍ന്ന ചെറു ഗ്രാമമായ കടമക്കുടി, തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ഗ്രാമക്കാഴ്ചകളുടെ വശ്യഭംഗി ശാന്തമായി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. കായല്‍ സൗന്ദര്യവും ദേശാടന പക്ഷികളുടെ സാന്നിധ്യവും കൊണ്ട് പ്രശസ്തമായ കടമക്കുടിയില്‍ ഗ്രാമീണ കായല്‍ ടൂറിസം വികസന പദ്ധതി പ്രകാരം അടിസ്ഥാന സൗകര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം കൂടുതല്‍ ആകര്‍ഷകമാക്കുകയും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മനോഹരമായ കടമക്കുടിക്ക് ശ്രദ്ധേയമായ മാറ്റം കൈവരുമെന്നും അവിടെയുള്ള ജലപാതകളും ശാന്തമായ അന്തരീക്ഷവും വിനോദസഞ്ചാരികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഏറെ ഹിറ്റാകുകയും വിദേശ സഞ്ചാരികള്‍ക്കടക്കം വളരെ പ്രിയങ്കരമായി കടമക്കുടി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിച്ചത്. കഴിഞ്ഞമാസം ഇവിടം സന്ദര്‍ശിച്ച വ്യവസായി ആനന്ദ് മഹീന്ദ്ര ‘ഭൂമിയിലെ ഏറ്റവും സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നെന്ന്’ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ കടമക്കുടിയെ പ്രകീര്‍ത്തിച്ചിരുന്നു.

  യുഎഇയില്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടിന് തുടക്കമിട്ട് ബര്‍ജീല്‍ ജിയോജിത്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3