ഇന്ത്യയില്‍നിന്ന് ജിമ്‌നി കയറ്റുമതി ആരംഭിച്ചു
ഇന്ത്യന്‍ വിപണി കാത്തിരിക്കുന്നു
മുന്ദ്ര തുറമുഖത്തുനിന്ന് 184 യൂണിറ്റ് ജിമ്‌നിയാണ് ആദ്യമായി കയറ്റുമതി ചെയ്തത്
ന്യൂഡെല്‍ഹി: മാരുതി സുസുകി ജിമ്‌നി ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തുതുടങ്ങി. മുന്ദ്ര തുറമുഖത്തുനിന്ന് 184 യൂണിറ്റ് ജിമ്‌നിയാണ് ആദ്യമായി കയറ്റുമതി ചെയ്തത്. കൊളംബിയ, പെറു ഉള്‍പ്പെടെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് കയറ്റി അയച്ചത്. ഇന്ത്യയില്‍നിന്ന് ലാറ്റിന്‍ അമേരിക്ക, മധ്യ പൂര്‍വേഷ്യ, ആഫ്രിക്കന്‍ വിപണികളിലേക്കാണ് ജിമ്‌നി കയറ്റുമതി ചെയ്യുന്നത്.
ആഗോളതലത്തില്‍ ഏറെ ജനപ്രീതിയും ആവശ്യകതയും നേരിടുന്നതിനാല്‍ ജപ്പാനില്‍ മാത്രം നിര്‍മിച്ച് വില്‍പ്പന നടത്താന്‍ സുസുകി വിയര്‍ക്കുകയാണ്. ഇതേതുടര്‍ന്നാണ് ജിമ്‌നിയുടെ മറ്റൊരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ നിശ്ചയിച്ച് മാരുതി സുസുകിക്ക് ചുമതല നല്‍കിയത്.
മാരുതി സുസുകിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് ജിമ്‌നി നിര്‍മിക്കുന്നത്. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ ജപ്പാനിലെ കൊസായി പ്ലാന്റില്‍ നിര്‍മിക്കുന്ന അതേ കയറ്റുമതി സ്‌പെസിഫിക്കേഷനുകളോടെയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ആകെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ കെനിച്ചി അയുകാവ പറഞ്ഞു.