Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സാമ്പത്തിക ഇടനാഴിയിലേക്ക് റോഡിന് നീളം കൂടുമ്പോള്‍…

1 min read

താങ്ങാനാവാത്ത വിദേശ വായ്പാഭാരവുമായി പാക്കിസ്ഥാന്‍ 

സര്‍ക്കാരിന്‍റെ കഴിവുകേടും പദ്ധതിപൂര്‍ത്തീകരണത്തിന് തടസമാകുന്നു

സിപിഇസി അതോറിറ്റി ക്രമേണ സൈനിക നേതൃത്വത്തിന്‍റെ കൈകളിലെത്തുന്ന സംവിധാനം

പദ്ധതിക്കെതിരായ പ്രാദേശിക എതിര്‍പ്പുകള്‍ കടുത്ത വെല്ലുവിളി

ന്യൂഡെല്‍ഹി: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) ഇന്നത്തെ അവസ്ഥ എന്താണ്? ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവിന്‍റെ അഭിമാന പദ്ധതികളില്‍ മുന്‍നിരയിലാണ് ഇതിന്‍റെ സ്ഥാനം. ഈ സാമ്പത്തിക ഇടനാഴി പാക്കിസ്ഥാന്‍റെ സമ്പദ് വ്യവസ്ഥ മാറ്റിമറിക്കുമെന്നും മേഖലയിലെ ഗെയിം ചേഞ്ചര്‍ ആയി മാറുമെന്നും വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളുടെയും സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാനുള്ള വഴി ദൈര്‍ഘ്യമേറിയതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അടുത്ത കാലത്തായി സിപിഇസി പദ്ധതികളുടെ വേഗത മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന ഒരേയൊരു രാജ്യം ചൈനയാണ്. സിപിഇസിയുടെ മാന്ദ്യം പാക്കിസ്ഥാനെപ്പോലെ വിദേശകടങ്ങള്‍ പെരുകിയ ഒരു രാജ്യത്തിന് ഉചിതമല്ല. നിരവധി പ്രതിസന്ധികളാല്‍ അവരുടെ സാമ്പത്തിക രംഗം വലയുന്നു. അതില്‍ ചിലത് ഇസ്ലാമബാദ് തന്നെ സൃഷ്ടിച്ചെടുത്തതുമാണ്. ഫലത്തില്‍ അവര്‍ ഇന്ന് ചൈനയുടെ ഒരു ആശ്രിത രാജ്യം മാത്രമാണ്. പുരോഗമനങ്ങള്‍ക്കും വികസനത്തിനുമായാണ് നിര്‍ദ്ദിഷ്ട പദ്ധതിക്ക് ഇസ്ലാമബാദ് ഒരുങ്ങിയത്. പാക്കിസ്ഥാനില്‍ പുരോഗതിയുടെ അഭാവം സമസ്ത മേഖലകളിലും ഇന്ന് ദൃശ്യമാണ്. ഇന്നുവരെ സാമ്പത്തിക ഇടനാഴിക്ക് അതിന്‍റെ ഉയരങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയുടെ നിരന്തരമായ എതിര്‍പ്പും ഈ പദ്ധതിക്കുണ്ട്. സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് ബലൂചിസ്ഥാനിലൂടെയാണ്. ഈ പ്രദേശം പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ അടിച്ചമര്‍ത്തലിനു വിധേയമാകുന്ന മേഖലകൂടിയാണ്. ബലൂചിസ്ഥാന്‍കാര്‍ സാമ്പത്തിക ഇടനാഴിയെ എതിര്‍ക്കുന്നു. ആ പ്രദേശത്തെ പ്രകൃതി വിഭവങ്ങള്‍ ചൈന ചൂഷണം ചെയ്തതോടെ എതിര്‍പ്പ് വര്‍ധിച്ചു. അവിടെയുള്ള പ്രദേശവാസികള്‍ക്ക് ചൈനാക്കാര്‍ സാമ്പത്തിക ഇടനാഴി നിര്‍മാണത്തില്‍ ജോലിയും നല്‍കുന്നില്ല. ഇന്ന് ബലൂച് നിവാസികള്‍ പാക്കിസ്ഥനെതിരെയും ബെയ്ജിംഗിനെതിരെയും പോരാടുന്നു. അതിനാല്‍ അനായാസ നിര്‍മാണം ഈ മേഖലയില്‍ സാധ്യമല്ല. “ചൈനയുടെ മുന്‍നിര ബെല്‍റ്റ്, റോഡ് പ്രോജക്റ്റ് എങ്ങനെ സ്തംഭിച്ചു” എന്നതിന്‍റെ ഉദാഹരണമായി സിപിഇസിയെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ നിജസ്ഥിതി വെളിപ്പെടുത്തുന്നു.

  കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് മീറ്റ്

തുറമുഖ നഗരമായ ഗ്വാദറില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സിപിഇസിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികളുടെ കേന്ദ്രമാണ് ഈ ഗ്വാദര്‍ തുറമുഖം. എന്നാല്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ തീരെയില്ല. വെള്ളം, വൈദ്യുതി തുടങ്ങിയവ ഇപ്പോഴും അന്യമാണ്. എന്നാല്‍ ചൈനയും പാക് സര്‍ക്കാരും ഇത് പാശ്ചാത്യ പ്രചാരണമായി തള്ളിക്കളയുന്നു. വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുകൂലമാകാത്ത അവസരങ്ങളില്‍ ഇരു രാജ്യങ്ങളും ഈ നടപടിയാണ് സ്ഥിരം സ്വീകരിക്കുന്നത്. പക്ഷേ അത് തെറ്റ് സംഭവിച്ച നിരവധി ഘടകങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആത്യന്തികമായി പാക്കിസ്ഥാനിലെ സിപിഇസി പ്രോജക്ടുകളുടെ പരിഗണനകള്‍ മാറ്റിവെയ്ക്കപ്പെടുകയാണ്.

നിരവധികാരണങ്ങളാല്‍ തുറമുഖ നഗരമായ ഗ്വാദര്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അവയെല്ലാം പാക്കിസ്ഥാന് തലവേദന സൃഷ്ടിക്കുന്നതായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഗ്വാദറിനെ വേലികെട്ടി സംരക്ഷിക്കാനുള്ള തീരുമാനം ഒരുവിവാദത്തിനു തന്നെ കാരണമായിരുന്നു. ബലൂച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ ഗൂഢാലോചനയെന്ന് വിശേഷിപ്പിക്കുകയും എല്ലാ ഫോറങ്ങളിലും ഇതിനെ ചെറുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അധികാരികള്‍ക്ക് വേലിയുടെ നിര്‍മാണം നിര്‍ത്തേണ്ടിവന്നു. ഗ്വാദറിനെ ബലൂചിസ്ഥാനില്‍ നിന്ന് വേര്‍തിരിക്കാനും നേരിട്ടുള്ള ഫെഡറല്‍ നിയന്ത്രണത്തിലാക്കാനുമുള്ള മാസ്റ്റര്‍പ്ലാനിന്‍റെ ഭാഗമാണ് ഫെന്‍സിംഗ് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

പ്രവിശ്യയിലെ ചൈനീസ് നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിനായി ഗ്വാദറിലും പ്രവിശ്യയിലും പാക്കിസ്ഥാന്‍റെ മറ്റ് ഭാഗങ്ങളിലും ബലൂച് വിമതര്‍ ആക്രമണം നടത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം സംബന്ധിച്ച് ഇസ്ലാമബാദ് ഉറപ്പ് നല്‍കണമെന്ന് ചൈന ആഗ്രഹിക്കുന്നു. ചൈനീസ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഒരു പട്ടണം മുഴുവന്‍ അടയ്ക്കുന്നത് തെറ്റായ സമീപനമാണ്. ഇത് പാക്കിസ്ഥാനെക്കുറിച്ച് തെറ്റായ ധാരണ നല്‍കുന്നതിന് ഇടയാക്കും. ഇത് പിന്നീട് ഒരു തിരിച്ചടിക്കും കാരണമായേക്കും. ചൈനീസ് നിക്ഷേപകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഒരു തുറമുഖ നഗരത്തിന് വേലികെട്ടുന്നതിലൂടെ രാജ്യം സുരക്ഷിതമല്ലാത്തതാണ് എന്ന സന്ദേശമാണ് അവര്‍ ലോകത്തിനു ന്ല്‍കുന്നത്.

  ടെക്നോപാര്‍ക്ക് കമ്പനി ട്രയാസിക് സൊല്യൂഷന്‍സ് സെക്വേയയുമായി കൈകോര്‍ക്കുന്നു

ഗ്വാദറിലെ വേലി നിര്‍മാണം അവസാനിപ്പിക്കുന്നത് നല്ല നടപടിയാണ്. തുറമുഖ നഗരത്തിലെ നിക്ഷേപം സൗഹാര്‍ദ്ദപരമാക്കാനാണ് അധികാരികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ പല പൊളിച്ചെഴുത്തുകള്‍ക്കും തയ്യാറാകേണ്ടിവരും. സിപിഇസിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഒരു മാര്‍ഗം പ്രാദേശിക ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ്. പകരം, ഇന്ന് വികസനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ക്ക് തോന്നുന്നു. തങ്ങളുടെ ഭാവിയെക്കുറിച്ച് അവര്‍ ഭയപ്പെടുന്നു. അതിവേഗം നടക്കുന്ന നിര്‍മാണ വേഗതയില്‍ തങ്ങള്‍ നാടുകടത്തപ്പെടുമോ എന്ന ആശങ്കയിലാണ് അവിടുത്തെ ജനത.

പാക് അധികൃതര്‍ ഇന്ന് ബലൂച് ജനതയെ അടിച്ചമര്‍ത്തി തങ്ങളുടെ വികസനം സാധ്യമാക്കാമെന്ന നിലപാടിലാണ്. അവിടുത്തെ ജനതക്ക് അവര്‍ ഒരു പരിഗണനപോലും നല്‍കുന്നുമില്ല. പലരും മേഖലയില്‍നിന്ന് കാണാതാകപ്പെടുന്നു, രാഷ്ട്രീയ നേതാക്കള്‍ വെടിയേറ്റു മരിക്കുന്നു, അങ്ങനെ ബലൂച് പ്രവിശ്യയിലെ ജനത നേരിടുന്ന പ്രതിസന്ധി വളരെ വലുതാണ്.

ഹ്രസ്വമായ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ വര്‍ഷം ഈ മേഖലയിലെ ആഗോളരാഷ്ട്രീയ സംഭവവികാസങ്ങള്‍ പാക്കിസ്ഥാനിലെ സിപിഇസി പദ്ധതികള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. ഇക്കാരണത്താല്‍ പാക് അധിനിവേശ കശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ക്കായി രണ്ട് പുതിയ കരാറുകള്‍ ഒപ്പുവെച്ചു, കൂടാതെ ഫൈസലാബാദിലെ പ്രത്യേക സാമ്പത്തിക മേഖല (സെസ്) സംബന്ധിച്ച കരാറും. ഈ നീക്കങ്ങള്‍ രാജ്യത്തെ പദ്ധതികള്‍ വീണ്ടും ശരിയായ ദിശയിലേക്ക് നീങ്ങുന്നുവെന്ന് സിപിഇസി അനുഭാവികള്‍ക്ക് വാദിക്കാന്‍ കാരണമായി. എന്നാല്‍ കരാറുകള്‍ ഒപ്പിട്ട ശേഷം പദ്ധതികള്‍ വീണ്ടും മന്ദഗതിയിലായി. സിപിഇസിയില്‍ നിശബ്ദത വീണ്ടും തിരിച്ചെത്തി.

  യെസ്ഡി റോഡ്സ്റ്ററില്‍ ട്രയല്‍ പായ്ക്ക് അവതരിപ്പിച്ച് ജാവ യെസ്ഡി

മാറി മാറി വരുന്ന പാക് സര്‍ക്കാരുകളില്‍ ഉണ്ടാകുന്ന തടസങ്ങളെക്കുറിച്ച് ഇസ്ലാമബാദിനും ബെയ്ജിംഗിനും നന്നായി അറിയാം. ഇരുവശത്തുനിന്നുമുള്ള പങ്കാളികള്‍ക്കിടയില്‍ സിപിഇസി പദ്ധതികളെ മികച്ച രീതിയില്‍ ഏകോപിപ്പിക്കാനുള്ള ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പാക്കിസ്ഥാനിലെ സിപിഇസി അതോറിറ്റി സൃഷ്ടിച്ചത്. റിട്ടയേര്‍ഡ് ജനറല്‍ അസിം സലീം ബജ്വയുടെ നിയന്ത്രണത്തിലാണിത്. അവരാണ് 70 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സിപിഇസി പദ്ധതികള്‍ സുഗമമായി നടപ്പാക്കാന്‍ ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്. എന്നാല്‍ വിശകലന വിദഗ്ധരുടെ അഭിപ്രായം സിഇപിസി അനുബന്ധ പദ്ധതികള്‍ ക്രമേണ സിവിലിയന്‍ സര്‍ക്കാരിന്‍റെ കൈയില്‍ നിന്ന് പാക് സൈനിക അധികാരികളിലേക്ക് മാറ്റപ്പെടും എന്നാണ്. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം.ഇപ്പോള്‍തന്നെ സ്തംഭിച്ച പദ്ധതികള്‍ക്ക് നിലവിലെ സര്‍ക്കാരാണ് ഉത്തരവാദി എന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

കൊറോണക്കാലം എല്ലാപദ്ധതികളിലും കരിനിഴല്‍വീഴ്ത്തിയിരുന്നു. ഈ സാമ്പത്തിക ഇടനാഴിയിലും അത് പ്രതിഫലിച്ചു. ഇതുകൂടാതെ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്‍റെ ദൗര്‍ബല്യവും കഴിവില്ലായ്മയുമാണ് മള്‍ട്ടിബില്യണ്‍ ഡോളര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ തടസങ്ങള്‍ക്ക് കാരണമാകുന്നത്. ലാഭകരമല്ലാത്തതും പക്ഷേ രാഷ്ട്രീയമായി ശരിയായതുമാണ് പാക്കിസ്ഥാനിലെ ചൈനീസ് പദ്ധതികള്‍ . ഇവിടെ ചൈനീസ് നിക്ഷേപകരുടെ താല്‍പ്പര്യവും കുറയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാരണത്താലാണ് ചൈന-പാക് സാമ്പത്തിക ഇടനാഴിയിലേക്കുള്ള റോഡിന് ദിവസംതോറും നീളം കൂടി വരുന്നത്.

Maintained By : Studio3