September 18, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇനി മുന്‍ഗണന വാതക മേഖലയുടെ വികസനത്തിനെന്ന് ഇറാഖ് ഇന്ധനകാര്യ മന്ത്രി

ഇഹ്‌സന്‍ അബ്ദുള്‍ ജബ്ബാല്‍ ഇസ്‌മൈല്‍

രാഷ്ട്രീയക്കാരില്‍ നിന്നുള്ള അഴിമതിയാരോപണ ഭയവും ഉദ്യോഗസ്ഥ ഭരണവും പല പദ്ധതികളുടെയും താളം തെറ്റിക്കുന്നതായി മന്ത്രി

ബാഗ്ദാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായുള്ള കനത്ത തിരിച്ചടികള്‍ക്ക് ശേഷം ഇറാഖിലെ ഇന്ധന മേഖല വളര്‍ച്ച തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി നിക്ഷേപ പദ്ധതികളാണ് മേഖലയില്‍ വരാനിരിക്കുന്നതെന്നും ഇറാഖ് ഇന്ധനകാര്യ മന്ത്രി ഇഹ്‌സന്‍ അബ്ദുള്‍ ജബ്ബാല്‍ ഇസ്‌മൈല്‍. ബാരലിന് 68 ഡോളറെന്ന കണക്കിലാണ് നിലവില്‍ ഇറാഖ് എണ്ണ വില്‍ക്കുന്നത്. അതേസമയം കേന്ദ്ര ബാങ്കിനെ ആശ്രയിക്കാതെ സര്‍ക്കാര്‍ ചിലവുകള്‍ സ്വന്തമായി നടത്തുന്നതിന് ഇറാഖിന് എണ്ണയ്ക്ക് ബാരലിന് 76 ഡോളറെങ്കിലും വില കിട്ടണം.

എണ്ണവിലത്തകര്‍ച്ച പാരമ്യത്തില്‍ എത്തിനില്‍ക്കെ കഴിഞ്ഞ വര്‍ഷമാണ് ഇസ്‌മൈല്‍ ഇറാഖിലെ സുപ്രധാന വരുമാന മേഖലയായ ഇന്ധന മേഖലയുടെ ചുമതല ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിലത്തകര്‍ച്ചയില്‍ ഇറാഖിലെ എണ്ണവരുമാനം പകുതിയായി കുറഞ്ഞിരുന്നു. അതിനുശേഷം ആഭ്യന്തര ചിലവുകള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരില്‍ നിന്നും ആഗോള എണ്ണവിപണിയില്‍ സ്ഥിരത കൊണ്ടുവരുന്നതിനായി കയറ്റുമതി കുറയ്ക്കുന്നതിന് ഒപെകില്‍ നിന്നുമായി നിരവധി സമ്മര്‍ദ്ദങ്ങളാണ് ഇസ്‌മൈലിന് മേല്‍ ഉണ്ടായത്.

ഒടുവില്‍ ഇന്ധനമേഖല വളര്‍ച്ച വീണ്ടെടുത്ത് തുടങ്ങിയ സാഹചര്യത്തില്‍ തനിക്ക് മറ്റ് മുന്‍ഗണന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങാമെന്ന് ഇസ്‌മൈല്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രാലയത്തിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ചും ഇസ്‌മൈല്‍ അഭിമുഖത്തില്‍ സൂചനകള്‍ നല്‍കി. ഇറാഖിന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനവും ഇന്ധന മേഖലയില്‍ നിന്നാണ്.

ഇറാഖിലെ കഴുത്തറപ്പന്‍ രാഷ്ട്രീയവും അഴിമതിയാരോപണ ഭയങ്ങളും പലപ്പോഴും നിര്‍ണായകമായ നിക്ഷേപ പദ്ധതികള്‍ക്ക് വിലങ്ങ് തടിയായതായി അദ്ദേഹം വെളിപ്പെടുത്തി. ഇറാഖിലുള്ള അന്താരാഷ്ട്ര കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ അവമതിപ്പുണ്ട്. ഇന്ധന മന്ത്രാലയത്തെ സംബന്ധിച്ചെടുത്തോളം വലിയ പിഴവും വലിയ വെല്ലുവിളിയും തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലതാമസമാണ്, അല്ലെങ്കില്‍ തീരുമാനങ്ങള്‍ ഒന്നും എടുക്കാത്തതാണെന്ന് ഇസ്്‌മൈല്‍ പറഞ്ഞു. അധികാരികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പലപ്പോഴും പല കാര്യങ്ങളിലും തീരുമാനങ്ങള്‍ ഉണ്ടാക്കാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയക്കാര്‍ പലപ്പോഴും അഴിമതിയാരോപണങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെന്നും അത്തരം ചെറിയ ആരോപണങ്ങള്‍ക്കുള്ള സാധ്യത പോലും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പല പ്രധാന പദ്ധതികളും അവസാനിപ്പിക്കാന്‍ കാരണമാകുന്നുണ്ടെന്നും ഇത്തമൊരു തൊഴില്‍ സംസ്‌കാരമാണ് രാജ്യത്തുള്ളതെന്നും മന്ത്രി പറഞ്ഞു. കേസുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതിനും പരിശോധനകളില്‍ നിന്ന് ഒഴിവാകുന്നതിനും അത് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തുന്നതെന്നും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലാക്കുന്ന അഴിമതി ഇതാണെന്നാണ് താന്‍ കരുതുന്നതെന്നും ഇസ്‌മൈല്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മന്ത്രിയായിരിക്കെ പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി ഇസ്‌മൈല്‍ വ്യക്തമാക്കി. രാജ്യത്തെ വാതക മേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതിനാണ് താന്‍ ഏറ്റവുമധികം മുന്‍ഗണന നല്‍കുന്നതെന്ന് ഇസ്‌മൈല്‍ അറിയിച്ചു. അമേരിക്കയുടെ ഉപരോധത്തില്‍ ഇളവ് നേടി അയല്‍രാജ്യമായ ഇറാനില്‍ നിന്ന് ഊര്‍ജ ഇറക്കുമതി നടത്തുന്നതിന് ഇറാഖിന് മുമ്പിലുള്ള പ്രധാന ഉപാധി അതാണ്. അതിന്റെ ഭാഗമായി, ദീര്‍ഘകാലമായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന വാതകപ്പാടങ്ങളെ വികസിപ്പിക്കാനും എണ്ണ ഖനന മേഖലകളില്‍ ഉയരുന്ന വാതകം ശേഖരിക്കുമാനാണ് ഇറാഖിന്റെ പദ്ധതി.

വാതക മേഖലയിലെ സുപ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട് വരുംമാസങ്ങളില്‍ നിര്‍ണായക കരാറുകളില്‍ ഒപ്പുവെക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്നും 2025ഓടെ രാജ്യത്തെ വാതക ഉല്‍പ്പാദന ശേഷി 3 ബില്യണ്‍ ഘനയടി ആയി ഉയര്‍ത്താന്‍ അതിലൂടെ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവെച്ചു. എന്നാല്‍ എണ്ണക്കമ്പനികളുമായുള്ള കരാറുകള്‍ പൂര്‍ത്തിയാകുന്നതിനെ ആശ്രയിച്ച് മാത്രമേ അവ നടക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വാതക ആവശ്യങ്ങള്‍ക്കായി നിലവില്‍ ഇറാഖ് രണ്ട് ബില്യണ്‍ ഘനയടി വാതകം ഇറക്കുമതി ചെയ്യുകയാണ്. ദിയല പ്രവിശ്യയിലെ മന്‍സൂരിയ വാതകപ്പാട വികസനത്തിനായി ചൈനയിലെ സിനോപെകുമായി കരാറില്‍ ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയമെന്നും ഇസ്‌മൈല്‍ അറിയിച്ചു. ഈ വാതകപ്പാടം സജീവമാകുന്നതോടെ ആഭ്യന്തര വാതക ഉല്‍പ്പാദനത്തിലേക്ക് 300 മില്യണ്‍ ഘനയടി കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഇറാഖിന് സാധിക്കും. ജൂലൈ പകുതിയോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.

റതാവി വാതക മേഖല ഉള്‍പ്പെടുന്ന ഇറാഖിന്റെ തെക്കന്‍ മേഖലയില്‍ കോടിക്കണക്കിന് ഡോളറിന്റെ മെഗാ നിക്ഷേപ പദ്ധതിയില്‍ ഭാഗമാകുന്നതിനായി ഫ്രാന്‍സിലെ ടോട്ടല്‍ കമ്പനിയുമായി ഇന്ധന മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. റതാവി എണ്ണപ്പാടത്തിന്റെ വികസനവും ഉല്‍്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി എണ്ണപ്പാടങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള സ്‌കീമുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അന്‍ബര്‍ പ്രവിശ്യയിലെ അക്കാസ് വാതകപ്പാട വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ഷ്‌ളംബര്‍ഗര്‍, സൗദി അറേബ്യയിലെ എണ്ണ ഭീമനായ അരാംകോ എന്നിവരുമായാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. അന്താരാഷ്ട്ര കമ്പനികളുമായുള്ള ചര്‍ച്ചകള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും മന്ത്രാലയത്തിനുള്ളിലെ തീരുമാനമെടുക്കല്‍ പ്രക്രിയയിലെ മന്ദത നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥാധിപത്യവും മന്ത്രാലയം തീരുമാനമെടുക്കാത്തതുമാണ് പല പദ്ധതികളും നടപ്പിലാകാത്തതിന്റെ കാരണമെന്നാണ് നിക്ഷേപകര്‍ കുറ്റപ്പെടുത്തുന്നത്.

അഞ്ച് വര്‍ഷത്തെ വിലപേശലുകള്‍ക്ക് ശേഷം എക്‌സോണ്‍ മൊബിലുമായുള്ള കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതിയില്‍ ചര്‍ച്ചകള്‍ അലസിപ്പോയതില്‍ തനിക്ക് വലിയ വിഷമമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറാഖിന്റെ ഇന്ധന ഉല്‍പ്പാദനവും കയറ്റുമതിയും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നു പദ്ധതിയെന്നും പൊതുമേഖല എണ്ണക്കമ്പനിയായ ബസ്ര ഓയില്‍ കമ്പനിയുടെ മുന്‍ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഇസ്‌മൈല്‍ പറഞ്ഞു. മുമ്പ് ഇസ്‌മൈലിനെതിരെയും നിയമ സാമാജികര്‍ അഴിമതിയാരോപണം ഉന്നയിച്ചിട്ടുണ്ട്. അരോപണത്തിന്റെ പേരില്‍ 2019 ഒക്‌റ്റോബറില്‍ മന്ത്രിസഭ ഇസ്‌മൈലിനെ ബ്ര്‌സ കമ്പനിയുടെ തലപ്പത്ത് നിന്നും നീക്കിയിരുന്നു. പക്ഷേ മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്ഥാനത്ത് തിരിച്ചെത്തി. രാഷ്ടീയക്കാര്‍ പലപ്പോഴും മാധ്യമങ്ങളെയും കരുക്കളാക്കുന്നതായി ഇസ്‌മൈല്‍ ആരോപിച്ചു.

Maintained By : Studio3