ഇലക്ട്രിക് വാഹനം മെഴ്‌സേഡസ് ഇക്യുഎ അവതരിച്ചു
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ഇക്യു ഉപബ്രാന്‍ഡില്‍ വരുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണ് ഇക്യുഎ
സ്റ്റുട്ട്ഗാര്‍ട്ട്: മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎ ആഗോളതലത്തില്‍ അനാവരണം ചെയ്തു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ഇക്യു ഉപബ്രാന്‍ഡില്‍ വരുന്ന രണ്ടാമത്തെ വൈദ്യുത വാഹനമാണ് ഇക്യുഎ. ഇതേതുടര്‍ന്ന് 2022 അവസാനത്തോടെ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വിപണിയിലെത്തും.
ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന ജിഎല്‍എ എസ് യുവിയുടെ ഇലക്ട്രിക് സഹോദരനാണ് ഇക്യുഎ എസ് യുവി. അതേ അളവുകളും ആകാരഘടനയും ലഭിച്ചു. ഈ വസന്തകാലത്ത് യൂറോപ്യന്‍ വിപണിയില്‍ ഇലക്ട്രിക് എസ് യുവിയുടെ വില്‍പ്പന ആരംഭിക്കും.
ഒരു ഇലക്ട്രിക് മോട്ടോറാണ് മെഴ്‌സേഡസ് ബെന്‍സ് ഇക്യുഎ 250 ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 188 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. മുന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് കൈമാറുന്നത്. 268 ബിഎച്ച്പി മോട്ടോര്‍ പിന്നീട് അവതരിപ്പിക്കും. ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റ് അവതരണവും പിന്നീട് നടക്കും. 66.5 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് നല്‍കിയത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 426 കിലോമീറ്റര്‍ സഞ്ചരിക്കാം.
മെഴ്‌സേഡസ് ഇക്യുഎ ഇലക്ട്രിക് വാഹനത്തിന് ‘ഇലക്ട്രിക് ഇന്റലിജന്‍സ്’ നാവിഗേഷന്‍ സിസ്റ്റം ലഭിക്കും. ലക്ഷ്യത്തില്‍ ഏറ്റവും വേഗത്തില്‍ എത്തിച്ചേരുന്നതിനുള്ള വഴി മനസ്സിലാക്കിത്തരുന്നതാണ് ഈ സംവിധാനം. ചാര്‍ജിംഗ് സ്റ്റോപ്പുകളും നാവിഗേഷന്‍ സിസ്റ്റത്തില്‍ കാണാന്‍ സാധിക്കും. ഇലക്ട്രിക് വാഹനമായതിനാല്‍ യാത്ര പുറപ്പെടുംമുമ്പേ കാലാവസ്ഥയും മറ്റും നിങ്ങളെ അറിയിക്കും.
ഈ വര്‍ഷം ഇന്ത്യയില്‍ 15 മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് മെഴ്‌സേഡസ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഇക്യുഎ ഉള്‍പ്പെടുമോയെന്ന് കാത്തിരുന്ന് കാണാം.